മാതൃസഹോദരിയുടെ പരാതിയിൽ ലൂക്ക് ഔട്ടിൽ പിടികൂടിയ പ്രവാസി യുവാവിന് ജാമ്യം

ഹൊസ്ദുർഗ്: മാതാവിന്റേയും മാതൃസഹോദരി കൊളവയൽ കാറ്റാടിയിൽ താമസിക്കുന്ന അലീമയുടെയും, പരാതിയിൽ വീടാക്രമിച്ചുവെന്നതിന്  ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ മംഗളൂരു വിമാനത്താവളത്തിൽ ഇന്നലെ  പിടിയിലായ ഷാർജ പ്രവാസി ബിസിനസ്സുകാരൻ രാവണീശ്വരം രാജീവ് കോളനിക്കടുത്ത് താമസിക്കുന്ന അസ്ഹറുദ്ദീന് 33, ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് ഒന്നാം കോടതി ഇന്നലെ ജാമ്യമനുവദിച്ചു.

2020 ഡിസംബർ 15-നാണ് കേസ്സിനാസ്പദമായ സംഭവം. അസ്ഹറുദ്ദീന്റെ മാതൃസഹോദരി അലീമയുടെ വീട്ടിൽ അതിക്രമിച്ചു കയറി കാറിന് കല്ലെറിഞ്ഞു തകർത്തുവെന്ന പരാതിയിലാണ് പോലീസ് ജാമ്യമില്ലാകുറ്റം ചുമത്തി അന്ന് കേസ്സ് റജിസ്റ്റർ ചെയ്തത്. കാര്യമായ തെളിവുകളില്ലാതിരുന്ന കേസ്സിൽ അസ്ഹറുദ്ദീന്റെ മറ്റൊരു മാതൃസഹോദരിയുടെ മകൻ റഫീഖ് ഒന്നാം പ്രതിയാണ്. റഫീഖ് ഗൾഫിലാണ്.

സംഭവദിവസം കാറ്റാടിയിലുള്ള വീട്ടുമുറ്റത്തുണ്ടായിരുന്ന സംഘർഷത്തിൽ അസ്ഹറുദ്ദീന്റെ കാർ അന്യായക്കാർ അടിച്ചു തകർത്തിരുന്നു. ഈ സംഭവത്തിൽ മാതൃസഹോദരി അലീമയുടെ പേരിൽ കോടതിയിൽ കേസ്സ് നിലവിലുണ്ട്. ലുക്ക് ഔട്ടിൽ പിടിയിലായ അസ്ഹറുദ്ദീന്റെ ഭാര്യാഗൃഹം മംഗളൂരുവിലാണ്. ഈ അക്രമക്കേസ്സ് പിൻവലിക്കാൻ ഹരജിയുമായി അസ്ഹറുദ്ദീനും റഫീഖും കേരള ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചുവെങ്കിലും, അസ്ഹറുദ്ദീന്റെ മാതാവ് റുഖിയ സ്വന്തം മകനെതിരെ കേസ്സിൽ കക്ഷി ചേർന്നതിനാൽ തള്ളിക്കളയാൻ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു.

ഈ കേസ്സിലാണ് ലുക്ക്ഔട്ടിൽ എയർപോർട്ടിൽ പിടിയിലായ അസ്ഹറുദ്ദീന് ഇന്നലെ ഹൊസ്ദുർഗ് കോടതി നിരുപാധിക ജാമ്യമനുവദിച്ചത്. അസ്ഹറുദ്ദീന്റെ കാറും, ഇന്ത്യൻ പാസ്പോർട്ടും യുവാവിന് വിട്ടുകൊടുക്കാനും കോടതി ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് അസ്ഹറുദ്ദീന് കോടതി ജാമ്യമനുവദിച്ചത്.

LatestDaily

Read Previous

ഡ്രൈവിങ്ങ് ടെസ്റ്റിന്റെ മറവിൽ കൊള്ള, റെയ്ഡ് ആസൂത്രിതമായി, പിടിച്ചെടുത്തത് 2,69,860

Read Next

12 കാരിയെ ചുംബിച്ച അതിഥി തൊഴിലാളിക്കെതിരെ പോക്സോ കേസ്