കാറ്റാടി ജിയോ ടവർ: സിപിഎമ്മിൽ നിന്നും സിപിഐയിലേക്ക് കൂട്ട രാജി

കാഞ്ഞങ്ങാട്:  അജാനൂർ കൊളവയൽ കാറ്റാടിയിൽ ജിയോ ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നത്തിൽ സിപിഎം കുടുംബങ്ങളിൽ നിന്നും കൂട്ടരാജി. കാറ്റാടി സിപിഎം ശക്തി കേന്ദ്രത്തിൽ നിന്നും അണികൾ കൂട്ടത്തോടെ സിപിഐയിൽ ചേർന്നു. സിപിഎം ശക്തി കേന്ദ്രത്തിൽ പുതുതായി ബ്രാഞ്ച് കമ്മിറ്റി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് സിപിഐ.

കാറ്റാടിയിൽ ജിയോ  നിർമ്മാണമാരംഭിച്ച ടവർ, ജനവാസ കേന്ദ്രത്തിലായതിനാൽ  മറ്റൊരിടത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കാറ്റാടിയിലെ  സിപിഎം കുടുംബങ്ങൾ സമരരംഗത്തിറങ്ങിയെങ്കിലും, എന്തുകൊണ്ടോ, പ്രാദേശിക സിപിഎം നേതൃത്വം സമരക്കാരോട് മുഖം തിരിച്ചു. ബിജെപി, കോൺഗ്രസ്സ്, മുസ്ലീംലീഗ്, സിപിഐ ജില്ലാ നേതാക്കളടക്കം റിലേ സമരപന്തലിലെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോഴും സിപിഎമ്മിലെ ഒരു ഘടകവും സമരവുമായി സഹകരിച്ചില്ല.

സമരത്തിൽ പങ്കെടുത്ത പാർട്ടി മെമ്പർമാരോട് സിപിഎം കണ്ണുരുട്ടുകയും ചെയ്തു. റിലേ സമരം 40 ദിവസത്തിലെത്തിനിൽക്കെ സ്ത്രീകളടക്കം അഞ്ച് പേർ വീതം മാറിമാറിയാണ് സമരത്തിൽ പങ്കെടുക്കുന്നത്. സമരത്തിൽ പങ്കെടുക്കുന്നവർ കാലങ്ങളായി സിപിഎം കുടുംബങ്ങളാണ്. സിപിഎം നേതൃത്വം ടവർ വിരുദ്ധ സമരത്തിന് പുറം തിരിഞ്ഞ് നിന്നപ്പോൾ മുൻനിരയിലെത്താൻ തുടക്കത്തിൽ ബിജെപി നടത്തിയ നീക്കം പാളിയത് സമരത്തിലുള്ള സിപിഎം പ്രവർത്തകരുടെ ഇടപെടൽ മൂലമാണ്.

ടവർ വിരുദ്ധ സമരത്തിൽ ബിജെപിയുടെ പതാക ഉയർത്തിയെങ്കിലും, സമരത്തിലുള്ള സിപിഎം പ്രവർത്തകർ ബിജെപിയുടെ പതാകയ്ക്ക് വിലക്കേർപ്പെടുത്തി. ബിജെപി നേതാക്കൾ കാറ്റാടിയിലെത്തി ടവർ വിരുദ്ധ സമരത്തിൽ പങ്കാളികളിത്തമറിയിച്ചെങ്കിലും, കാറ്റാടി സിപിഎം അനുഭാവികളെ ബിജെപി പാളയത്തിലെത്തിക്കാനുള്ള നീക്കം തകർന്നത് ടവർ വിരുദ്ധ സമരത്തെ അനുകൂലിക്കുന്ന സിപിഎം പ്രവർത്തകരും, സിപിഐ നേതാക്കളുടെ ഇടപെടലുകളുമാണ്.

സമരത്തിൽ പങ്കെടുക്കുന്ന സിപിഎം കുടുംബത്തിലുള്ള സ്ത്രീകളെ സ്വാധീനിച്ച് സമരക്കാരെ കൂട്ടത്തോടെ ബിജെപിയിലെത്താക്കാൻ ശ്രമമുണ്ടായി. ബിജെപിയുടെ നീക്കം പരാജയപ്പെടുത്തി സിപിഎമ്മിന്റെ തട്ടകത്തിൽ ഗോളടിച്ചത് സിപിഐയാണ്. സമരത്തിൽ സജീവ പങ്കാളികളായ പത്തിലേറെ പാർട്ടി അനുഭാവികൾ ഇതിനോടകം സിപിഐയിൽ ചേർന്നു.

വരും ദിവസങ്ങളിൽ കൂടുതൽ പേർ സിപിഎം വിട്ട് സിപിഐയിൽ ചേരുമെന്നാണ് സൂചന. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ കൊളവയൽ സിപിഎം ലോക്കലിൽ ഒരിടത്തും സിപിഐക്ക് ബ്രാഞ്ചുകളോ, കാര്യമായ പ്രവർത്തനമോ ഇല്ല. സിപിഎം അണികൾ കൂട്ടത്തോടെ പാർട്ടിയിലെത്തിയതിന് പിന്നാലെ കാറ്റാടി കേന്ദ്രീകരിച്ച് ഇതാദ്യമായി ബ്രാഞ്ച് കമ്മിറ്റി രൂപീകരിക്കാൻ സിപിഐ നേതൃതലത്തിൽ നീക്കമാരംഭിച്ചു.

തുടക്കം മുതലെ ടവർ വിരുദ്ധ സമരത്തിൽ സജീവമായി പ്രവർത്തിച്ചതിന്റെ ഗുണം സിപിഐ നേടി. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് മൊബൈൽ റെയിഞ്ച്  നാട്ടിൻ പുറങ്ങളിലടക്കം അനിവാര്യമായ കാലത്ത് ടവർ നിർമ്മാണത്തെ വിലക്കാനാവില്ലെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. എന്നിരുന്നാലും, സമരത്തിലേർപ്പെട്ടവരെ വിലക്കാനും പാർട്ടി തയ്യാറായിട്ടുമില്ല. ടവർ വിരുദ്ധ സമരം പാർട്ടി ഏറ്റെടുക്കാതിരിക്കുകയും, നേതൃത്വം പിന്തുണ നൽകാത്തും സമരത്തിലുള്ള സിപിഎം അനുഭാവികളെ ചൊടിപ്പിച്ചു.

LatestDaily

Read Previous

ധനിഷ കോടതിയിൽ പെയിന്റിംഗ് തൊഴിലാളിക്കൊപ്പം പോയി, ആറു വയസ്സുകാരി മകൾ പിതാവിനൊപ്പവും

Read Next

സദാചാര ഗുണ്ടകൾ ഭർതൃമതിയെ തടഞ്ഞുവെച്ചു; 5 പേർ അറസ്റ്റിൽ