മാഫിയകളെ നിയന്ത്രിക്കണം

മാഫിയാ സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന സംസ്ഥാന ഡിജിപിയുടെ നിർദ്ദേശം ലഹരി മാഫിയകളും, പൂഴി മാഫിയകളും,  കള്ളക്കടത്ത് മാഫിയകളും പിടിമുറുക്കിയ കാസർകോട് ജില്ലയ്ക്ക് ആശ്വാസകരമാണെന്ന കാര്യത്തിൽ തർക്കമില്ല. കർണ്ണാടക അതിർത്തി കടന്ന് മയക്കുമരുന്നും, വിദേശമദ്യവും ജില്ലയിലേക്ക് അനിയന്ത്രിതമായി ഒഴുകുന്ന സാഹചര്യത്തിൽ ഇത്തരം ക്രിമിനൽ മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നത് ജില്ലയിൽ സ്വൈര്യ ജീവിതം തിരികെ കൊണ്ടുവരുന്നതിന് സഹായിക്കും.

ജില്ലയുടെ കർണ്ണാടക അതിർത്തികളിലെ ഊടുവഴികളിലൂടെയാണ് ജില്ലയിലേക്ക് ലഹരി മരുന്നുകളും, വിദേശമദ്യവും ഒഴുകുന്നത്. പോലീസിന്റെ കണ്ണ് വെട്ടിച്ച് നടക്കുന്ന നിയമലംഘന പ്രവർത്തനങ്ങൾ വല്ലപ്പോഴും മാത്രമാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ക്രമസമാധാനപാലനത്തിന് പുറമെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അമിത ജോലി ഭാരവും വഹിക്കേണ്ടിവരുന്ന പോലീസ് സേനയെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താനും കഴിയില്ല.

ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന സംഭവങ്ങൾ പല തവണയുണ്ടായിട്ടുണ്ട്. പോലീസിനെ ആക്രമിക്കാൻ വരെ ധൈര്യം കാണിക്കുന്ന ഇത്തരം ഗുണ്ടാസംഘങ്ങൾക്ക് തീവ്ര സ്വഭാവമുള്ള പല സംഘടനകളുടെയും പിന്തുണയുണ്ടെന്നതും പരസ്യമായ രഹസ്യമാണ്. പരസ്പരം തെരുവിൽ തലതല്ലിക്കീറുന്ന ഗുണ്ടാസംഘങ്ങൾ നിയമവാഴ്ചയെ വെല്ലുവിളിച്ച് നടത്തുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ അടിച്ചമർത്തിയില്ലെങ്കിൽ ജില്ല സാമൂഹ്യ വിരുദ്ധരുടെ താവളമാകുമെന്നതിൽ യാതൊരു തർക്കവുമില്ല.

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണക്കള്ളക്കടത്തിലും, അതിതീവ്ര ലഹരിമരുന്ന് കള്ളക്കടത്തിലും കുപ്രസിദ്ധിയാർജ്ജിച്ച ജില്ലയാണ് കാസർകോട്. സപ്തഭാഷാ സംഗമഭൂമിയായ കാസർകോടിന്റെ സാംസ്ക്കാരിക വൈവിധ്യങ്ങൾക്ക് മേൽ കറുത്ത പാടായിത്തീർന്നിരിക്കുന്ന അധോലോക ശക്തികളെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ കാസർകോടിനെ ലഹരി മാഫിയകളുടെ നാടായി ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടി വരും.

ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തിയ ബേക്കൽകോട്ടയടക്കം സ്ഥിതി ചെയ്യുന്ന കാസർകോട് ജില്ല ഏറെ ടൂറിസ്സം സാധ്യതകളുള്ള ജില്ല കൂടിയാണ്. വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികൾക്ക് ഭയരഹിതമായി ജില്ലയിലേക്ക് കടന്നുവരാൻ സാഹചര്യമൊരുക്കേണ്ടത് പോലീസിന്റെ കടമയാണ്. ബേക്കൽകോട്ട, ചന്ദ്രഗിരികോട്ട, കുമ്പളകോട്ട, പുതിയകോട്ട, അനന്തപുര തടാകക്ഷേത്രം, മായിപ്പാടി, നിലേശ്വരം കൊട്ടാരങ്ങൾ മുതലായ ചരിത്രസ്മാരകങ്ങളുള്ള കാസർകോട് ജില്ല ഏഴ് ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുള്ള സംസ്ഥാനത്തെ ഏക ജില്ല കൂടിയാണ്.

നാലാംകിട കച്ചവട സിനിമകളിൽ അധോലോക കേന്ദ്രമായി ചിത്രീകരിക്കാൻ വിധിക്കപ്പെട്ട  ജില്ലയാണ് കാസർകോട്. കുറ്റം ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ജില്ലയായും കാസർകോടിനെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ നാണക്കേടുകളിൽ നിന്നും കരകയറി വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കാസർകോട് വീണ്ടും അധോലോക ശക്തികളും, മാഫിയാസംഘങ്ങളും പിടിമുറുക്കിയിരിക്കുന്നത്. ഇത്തരം സാമൂഹ്യ വിരുദ്ധ ശക്തികളെ അടിച്ചമർത്തി ജില്ലയെ നാണക്കേടിൽ നിന്നും കരകയറ്റാനുള്ള  ദൗത്യത്തിൽ പോലീസിനൊപ്പം ജനങ്ങളും അണിചേരണം.

മാഫിയാസംഘങ്ങളെ മുഖം നോക്കാതെ അടിച്ചമർത്താൻ പോലീസ് ഇനിയും കാലതാമസം വരുത്തരുത്. അതിർത്തിവഴി നടക്കുന്ന മദ്യ, മയക്കുമരുന്ന് കള്ളക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറാൻ പൊതുജനങ്ങളും സഹകരിക്കേണ്ടതുണ്ട്. സ്വർണ്ണക്കള്ളക്കടത്ത്, കുഴൽപ്പണ ഇടപാട്, ലഹരിക്കള്ളക്കടത്ത് മുതലായവ നടത്തുന്ന അധോലോക സംഘങ്ങൾ ജില്ലയിൽ സമാന്തര സമ്പദ്്വ്യവസ്ഥ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. പണത്തിന്റെ ഹുങ്കിൽ ആയുധങ്ങൾ കൊണ്ട് പരസ്യമായി പടവെട്ടുന്ന അധോലോക സംഘങ്ങൾക്കെതിരെ കർശന നടപടികളുണ്ടായില്ലെങ്കിൽ ജില്ലയുടെ സ്വസ്ഥത നഷ്ടപ്പെടുമെന്നതിൽ സംശയം വേണ്ട.

LatestDaily

Read Previous

സൗത്ത് ചിത്താരിയിൽ ഐഎൻഎല്ലിൽ കൂട്ട രാജി

Read Next

വീടിന്റെ ഗേറ്റ് പൊട്ടിവീണ് 3 വയസുകാരന് ദാരുണാന്ത്യം