ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: രാഷ്ട്രീയ പ്രവർത്തനത്തെ മാറുന്ന കാലത്തിനൊത്ത് പാകപ്പെടുത്തുന്ന വിധത്തിൽ യുവത്വത്തിന് കൂടുതൽ പ്രാതിനിധ്യം നൽകി സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ പുരോഗമിക്കുന്നു. കേരളത്തിലെ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി യുവതി യുവാക്കളെ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ബ്രാഞ്ച് സിക്രട്ടറിമാരെ തെരഞ്ഞെടുക്കുന്നതിൽ കണ്ടുവരുന്നത്.
സിപിഎം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി നടക്കുന്ന സിപിഎം സമ്മേളനങ്ങളിൽ പാർട്ടിയുടെ താഴെത്തട്ടിലെ ഘടകമായ ബ്രാഞ്ച് കമ്മിറ്റികളിൽ യുവാക്കളെ സിക്രട്ടറിയാക്കിയാണ് സിപിഎം പുതിയ സന്ദേശങ്ങൾ നൽകുന്നത്. സംസ്ഥാനത്തൊട്ടാകെ സിപിഎമ്മിന് 35,179 ബ്രാഞ്ച് കമ്മിറ്റികളാണുള്ളത്. ഇതിന് മുകളിൽ 2273 ലോക്കൽ കമ്മിറ്റികളും, 209 ഏരിയ കമ്മിറ്റികളും, 14 ജില്ലാ കമ്മിറ്റിയും സ്ഥിതി ചെയ്യുന്നു.
സിപിഎമ്മിന്റെ ഏറ്റവും താഴത്തെ ഘടകമായ ബ്രാഞ്ച് കമ്മിറ്റി സമ്മേളനങ്ങൾ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് പലയിടങ്ങളിലും യുവതലമുറയ്ക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ട്. കേരളത്തിലെ ഇതര രാഷ്ട്രീയ പാർട്ടികൾക്ക് ചിന്തിക്കാൻ പോലുമാകാത്ത വിധത്തിൽ ബ്രാഞ്ച് കമ്മിറ്റി സിക്രട്ടറി സ്ഥാനത്തേക്ക് യുവതലമുറയെ പാർട്ടി അവരോധിച്ചിട്ടുണ്ട്.
കൊല്ലം വയലീക്കട ബ്രാഞ്ച് സിക്രട്ടറിയായി 21 കാരിയായ ജസീമയെ തെരഞ്ഞെടുത്ത സിപിഎം മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സന്ദേശം വലുതാണ്. കാസർകോട് ജില്ലയിൽ കാസർകോട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചിൽ 23 കാരിയായ ജില്ലാ പഞ്ചായത്തംഗം ഫാത്തിമത്ത് ഷംനയെയും പാർട്ടി ബ്രാഞ്ച് സിക്രട്ടറിയാക്കി.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയറായ ആര്യാ രാജേന്ദ്രനെ തെരഞ്ഞെടുത്തത് വഴി യുവാക്കളെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന സിപിഎം, കേരളത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും അനുകരിക്കാവുന്ന സന്ദേശമാണ് നൽകിയത്. രാഷ്ട്രീയ പ്രവർത്തനമേഖല യുവാക്കൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന സന്ദേശമാണ് സിപിഎം ഇതിലൂടെ നൽകുന്നത്.
തെരഞ്ഞെടുപ്പുകളിൽ രണ്ട് തവണ മത്സരിച്ചവർക്ക് അവസരം നൽകേണ്ടെന്ന തീരുമാനത്തിന് പിന്നാലെയാണ് പാർട്ടി സമ്മേളനങ്ങളിൽ യുവതലമുറയ്ക്ക് കൂടുതൽ പ്രാതിനിധ്യം നൽകി സിപിഎം പരമ്പരാഗത രാഷ്ട്രീയ സങ്കൽപ്പങ്ങൾ തിരുത്തിക്കുറിക്കുന്നത്. ഒരേ മണ്ഡലത്തിൽ അമ്പത് വർഷക്കാലത്തിലധികം എംഎൽഏമാരായിരിക്കുന്ന രാഷ്ട്രീയ നേതാക്കളുള്ള കേരളത്തിൽ സിപിഎം സഞ്ചരിക്കുന്നത് വേറിട്ട വഴികളിലൂടെയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ സാക്ഷ്യപ്പെടുത്തുന്നു.
ചർച്ചകളും, സംവാദങ്ങളും, വിമർശനങ്ങളും നിറഞ്ഞ സമ്മേളനങ്ങളിലൂടെയാണ് സിപിഎമ്മിൽ ബ്രാഞ്ച് തലം മുതൽ സംസ്ഥാനതലം വരെയുള്ള തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന പാർട്ടി തെരഞ്ഞെടുപ്പുകളിൽ പ്രാദേശിക തലം മുതൽ അന്താരാഷ്ട്രതലം വരെയുള്ള വിഷയങ്ങളിൽ തലനാരിഴകീറി ചർച്ചകൾ നടക്കും.
പാർട്ടി ബ്രാഞ്ച് നേതാക്കൾ മുതൽ അഖിലേന്ത്യാ നേതാക്കൾ വരെയുള്ളവരെ വിമർശിക്കാനുള്ള ജനാധിപത്യാവകാശവും പാർട്ടി അംഗങ്ങൾക്കുണ്ട്. കീഴ്ഘടകങ്ങളിൽ നടക്കുന്ന ചർച്ചകളും വിമർശനങ്ങളും മേൽഘടകങ്ങളിൽ വരെയെത്തും. തെരഞ്ഞെടുപ്പ് നടപടികളും ബ്രാഞ്ച് സമ്മേളനങ്ങളും നിരീക്ഷിക്കാൻ മേൽഘടകങ്ങളിൽ നിന്നും പ്രതിനിധികളുമുണ്ടാകും.
കേരളത്തിൽ സിപിഐ ഒഴിച്ച് മറ്റ് രാഷ്ട്രീയ പാർട്ടികൾക്കൊന്നുമില്ലാത്തതാണ് ഈ സവിശേഷതകൾ. വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുമെന്ന സന്ദേശങ്ങളാണ് ബ്രാഞ്ച് സമ്മേളനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സിപിഎം ലോക്കൽ, ഏരിയാ, ജില്ലാ സംസ്ഥാനതല സമിതികളിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യമുണ്ടാകുമെന്നാണ് സൂചനകൾ.
രാഷ്ട്രീയത്തിൽ റിട്ടയർമെന്റില്ലെങ്കിലും 75 വയസ്സ് പിന്നിട്ടവർ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും അധികാര രാഷ്ട്രീയത്തിൽ നിന്നും മാറിനിൽക്കണമെന്ന സന്ദേശമാണ് സിപിഎം നൽകുന്ന ത്. വരാനിരിക്കുന്ന കാലം യുവാക്കളുടേതാണെന്ന സന്ദേശവും പാർട്ടി നൽകുന്നുണ്ട്. ഒരുതവണ അധികാരസ്ഥാനം കിട്ടിയാൽ അതിൽത്തന്നെ കടിച്ചുതൂങ്ങിക്കിടക്കുന്ന നേതാക്കളുള്ള കേരളത്തിൽ സിപിഎം നൽകുന്ന സന്ദേശങ്ങൾ ആശാവഹമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിശകലനം. പാർട്ടിക്കുള്ളിൽ അപചയങ്ങളുണ്ടെങ്കിലും ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കുന്ന അപൂർവ്വം രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൊന്നാണ് സിപിഎം എന്നും വിലയിരുത്തപ്പെടുന്നു.