ജില്ലാശുപത്രി താൽക്കാലിക നിയമനങ്ങളിൽ ഉദ്യോഗസ്ഥരുടെ കൈ കടത്തൽ

കാഞ്ഞങ്ങാട്: ജില്ലാശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാർ വർഷങ്ങളായി സ്ഥാപനത്തിൽ തുടരുന്നതിന് പിന്നിൽ ഡിഎംഒ ഓഫീസിലെയും, ജില്ലാശുപത്രി ഓഫീസിലെയും  ചില ഉദ്യോഗസ്ഥരുടെ ഒത്താശ. ഡിഎംഒ ഓഫീസിലെയും ജില്ലാശുപത്രി  ഓഫീസിലെയും ചില ഉദ്യോഗസ്ഥരുടെ  ബന്ധുക്കളെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റാനുള്ള ലാവണമായി ജില്ലാശുപത്രി മാറിയിട്ടും ആരോഗ്യ വകുപ്പ് ഈ വിഷയത്തിൽ കടുത്ത നിസ്സംഗത തുടരുകയാണ്.

ജില്ലാശുപത്രിയിൽ ശുചീകരണ വിഭാഗത്തിലും, സെക്യൂരിറ്റി വിഭാഗത്തിലുമുള്ള നിയമനങ്ങൾ കാലാകാലമായി  കയ്യടക്കി വെച്ചിരിക്കുന്നത് ജില്ലാശുപത്രി ഭരണ വിഭാഗത്തിലെയും, ജില്ലാ മെഡിക്കൽ ഓഫീസിലെയും ചില ഉദ്യോഗസ്ഥരാണെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നിരുന്നു. ആറ് മാസക്കാലത്തേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട പല ജീവനക്കാരും വർഷങ്ങളോളമായി തസ്തികകൾ മാറി മാറി ജോലി ചെയ്യുന്നതിന്  പിന്നിൽ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ട്.

ദേശീയ ആരോഗ്യ ദൗത്യം വഴിയുള്ള താൽക്കാലിക നിയമനങ്ങളിലും ഉദ്യോഗസ്ഥരുടെ  കൈ കടത്തൽ ഉള്ളതായി ആരോപണമുണ്ട്.  ആറ് മാസക്കാലത്തേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ജോലിക്ക് കയറിയ ജില്ലാശുപത്രി പരിസരത്തുള്ള യുവതി തുടർച്ചയായി ജില്ലാശുപത്രിയിൽ ജോലി ചെയ്തതിന് പിന്നിൽ ആശുപത്രി ഓഫീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെ ഒത്താശയുണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നു.

ഇത്തരത്തിൽ ഓഫീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരിൽ ചിലരുടെ  ആശ്രിതരും, ബന്ധുക്കളും ഇപ്പോഴും വിവിധ തസ്തികകളിൽ താൽക്കാലിക സേവനമനുഷ്ഠിക്കുന്നുണ്ട്. ഒരിക്കൽ കയറിപ്പറ്റിയാൽ മറ്റൊരാൾക്ക് ആ തസ്തികയിലേക്ക് കടന്നുവരാൻ പറ്റാത്ത വിധത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന ജീവനക്കാർ തൊഴിലില്ലാത്ത നൂറ് കണക്കിന്  യുവാക്കളുടെ തൊഴിൽ മോഹങ്ങൾക്കാണ് കത്തി വെക്കുന്നത്. ജില്ലാശുപത്രിയിലെ താൽക്കാലിക നിയമനങ്ങളിൽ പേരിന് ഇന്റർവ്യൂ നടക്കുന്നുണ്ടെങ്കിലും,  താൽക്കാലിക ഒഴിവുകൾ പലതും സ്ഥിരം മുഖങ്ങൾ തന്നെ വീണ്ടും വീണ്ടും തട്ടിയെടുക്കുകയാണ്.

താൽക്കാലികാടിസ്ഥാനത്തിൽ ജോലിക്ക് കയറി പത്ത് വർഷത്തിലധികമായി ജില്ലാശുപത്രിയിൽ തുടരുന്നവർ പലരുമുണ്ട്.  ഇവരെ പിരിച്ചു വിടാൻ നടപടിയെടുത്താൽ കോടതിയെ സമീപിക്കുകയാണ് പതിവ്. ഒരിക്കൽ ജോലിക്ക് കയറിപ്പറ്റിയവർ തങ്ങളുടെ ജോലി പി.എസ്്സി  നിയമനമാണെന്ന നാട്യത്തിലാണ് പെരുമാറുന്നതെന്ന് ആക്ഷേപമുണ്ട്.

ജില്ലാശുപത്രിയിൽ അടുത്തിടെ നടന്ന മൂന്ന് താൽക്കാലിക നിയമനങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജില്ലാശുപത്രിയിൽ താൽക്കാലിക നിയമനം  നൽകിയതിനെതിരെയാണ് പ്രതിഷേധമുയർന്നത്. ജില്ലാശുപത്രി താൽക്കാലിക നിയമനങ്ങൾ ഒരു വിഭാഗം കയ്യടക്കിവെച്ചിരിക്കുന്നതിനെച്ചൊല്ലി യുവജന സംഘടനകൾ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

അഭ്യസ്ത വിദ്യരായ തൊഴിൽ  രഹിതർ ധാരാളമുള്ള നാട്ടിൽ ജില്ലാശുപത്രിയിലെ താൽക്കാലിക തസ്തികകളിൽ സ്ഥിരമായി  ഒരേ ആൾക്കാർ തുടരുന്നതിനെതിരെ തൊഴിൽ രഹിതർക്കിടയിൽ അമർഷമുണ്ട്. താൽക്കാലിക നിയമനങ്ങളിൽ ആശ്രിതരെയും ഇഷ്ടക്കാരെയും സ്ഥിരമായി തിരുകിക്കയറ്റുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് തൊഴിൽ രഹിതരുടെ ആവശ്യം.

LatestDaily

Read Previous

പോലീസുദ്യോഗസ്ഥന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്

Read Next

61കാരി തീ കൊളുത്തി മരിച്ച നിലയിൽ