പോലീസുദ്യോഗസ്ഥന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്

പയ്യന്നൂർ: പെരുമ്പയിൽ റോഡരികിൽ നിർത്തിയിട്ട വാഹനത്തിലിരുന്ന പോലീസുദ്യോഗസ്ഥന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ്സിന്റെ തുടരന്വേഷണം കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് വിഭാഗം ഏറ്റെടുത്തു. റോഡരികിൽ കാർ നിർത്തിയ ശേഷം പോലീസുദ്യോഗസ്ഥൻ കടയിലേക്ക്  സാധനം വാങ്ങാൻ പോയ സമയത്താണ് പയ്യന്നൂരിലെ ടയർ വ്യാപാരിയുടെ നേതൃത്വത്തിലുള്ള  ആറംഗ സംഘം കാറിന് സമീപത്തെത്തി പെൺകുട്ടിയെ ശാരീരികമായും, മാനസികമായും പീഡിപ്പിച്ചത്.

ആഗസ്ത് മാസത്തിൽ ഉത്രാട ദിനത്തിലാണ് സംഭവം. സംഭവത്തെത്തുടർന്ന് പേടിച്ചരണ്ട പെൺകുട്ടി മാനസികമായി തകർന്നിരുന്നു. തുടർന്ന് രക്ഷിതാക്കൾ നടത്തിയ ശ്രമത്തിനൊടുവിലാണ് കുട്ടി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ഈ വിഷയത്തിൽ പോലീസുദ്യോഗസ്ഥൻ  പയ്യന്നൂർ പോലീസിൽ പരാതി കൊടുത്തെങ്കിലും, പോലീസ് പരാതി നിസ്സാരമാക്കി തള്ളുകയായിരുന്നു. പ്രതികളെ സഹായിക്കുന്ന വിധത്തിൽ പരാതിക്കാരനെ മോശമായി ചിത്രീകരിക്കാൻ ഉന്നത പോലീസുദ്യോഗസ്ഥൻ  ശ്രമിച്ചതായും ആരോപണമുയർന്നു.

സമ്മർദ്ദങ്ങൾക്കൊടുവിൽ ഏതാനും ദിവസം മുമ്പാണ്  പയ്യന്നൂർ പോലീസ് വ്യാപാരിയടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ പോക്സോ കേസ്സ് റജിസ്റ്റർ ചെയ്യാൻ തയ്യാറായത്. ഇരയുടെ മാതാവ് റൂറൽ എസ്പി, ഡോ. നവനീത് ശർമ്മയ്ക്ക് നൽകിയ പരാതിയിലാണ് കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, പി.വി. മനോജ്കുമാറിനാണ് കേസന്വേഷണത്തിന്റെ ചുമതല.

രണ്ട് ദിവസം മുമ്പാണ് ഇരയുടെ മാതാവ് റൂറൽ എസ്പിക്ക് പരാതി നൽകിയത്.  പോക്സോ കേസ്സിലെ പ്രതിയായ ടയർ വ്യാപാരിയെ വെള്ളപൂശുകയും പരാതിക്കാരെ മോശമായി ചിത്രീകരിക്കുകയും  ചെയ്ത്  വാർത്ത പ്രസിദ്ധീകരിച്ച തളിപ്പറമ്പിലെ സായാഹ്ന പത്രത്തിനെതിരെയും ഇവർ പരാതിപ്പെട്ടു. ടയർ വ്യാപാരിയെ മർദ്ദിച്ചെന്ന പരാതിയിൽ പോക്സോ കേസ്സിലെ ഇരയുടെ പിതാവായ പോലീസുദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. ടയർ വ്യാപാരിക്കെതിരെ ഇദ്ദേഹം കൊടുത്ത പരാതി പരിഗണിക്കാതെയാണ് പയ്യന്നൂർ പോലീസ് ഉദ്യോഗസ്ഥനെതിരെ തിടുക്കത്തിൽ നടപടിയെടുത്തത്. ഇതിന് പയ്യന്നൂർ ഡിവൈഎസ്പി ഒത്താശചെയ്തെന്നും ആരോപണമുണ്ട്. പോക്സോ വകുപ്പ് പ്രകാരം കേസ്സെടുക്കേണ്ട പരാതിയിൽ തുടർ നടപടിയെടുക്കാൻ വൈകിയ ഡിവൈഎസ്പിക്കെതിരെ വകുപ്പ്തല നടപടിക്ക് സാധ്യതയുണ്ട്.

പോലീസുദ്യോഗസ്ഥന്റെ പരാതി ഒതുക്കി തീർക്കാൻ അതേ വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ കൂട്ടുനിന്നെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. പോലീസുദ്യോഗസ്ഥന്റെ പരാതിയിൽ പോക്സോ റജിസ്റ്റർ ചെയ്തതോടെ പ്രതികൾ ഒളിവിലാണ്. പ്രതികൾക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി.

LatestDaily

Read Previous

നഷ്ടമായത് സൗമ്യനായ സർജൻ

Read Next

ജില്ലാശുപത്രി താൽക്കാലിക നിയമനങ്ങളിൽ ഉദ്യോഗസ്ഥരുടെ കൈ കടത്തൽ