ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ വെള്ളാപ്പിൽ പ്രവർത്തിച്ചിരുന്ന റേഷൻകട വലിയ പറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട് നാഗവനത്തിന് സമീപം പ്രവർത്തിക്കാനാരംഭിച്ചതോടെ റേഷൻകടയെച്ചൊല്ലിയുണ്ടായ വിവാദം പുതിയ വഴിത്തിരിവിലേക്ക്. വെള്ളാപ്പിൽ വർഷങ്ങളോളമായി പ്രവർത്തിച്ചിരുന്ന റേഷൻകട മുറി ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട് കെട്ടിട ഉടമ നിയമനടപടി സ്വീകരിച്ചതോടെയാണ് വെള്ളാപ്പിലെ റേഷൻകട ഇടയിലക്കാടേയ്ക്ക് മാറ്റിയത്.
റേഷൻകട മാറ്റുന്നതിനെതിരെ തൃക്കരിപ്പൂർ പഞ്ചായത്തംഗം കെ. എം. ഫരീദ ആരംഭിച്ച നിരാഹാരസമരം ഏ. ഡി. എം. എം. കെ. രാമചന്ദ്രൻ, താലൂക്ക് സപ്ലൈ ഒാഫീസർ എം. ബിന്ദു ചന്തേര ഐ. പി. പി. നാരായണൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന അനുരഞ്ജന ചർച്ചയെത്തുടർന്ന് മാറ്റിവെച്ചിരുന്നു. വിഷയത്തിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന ഉറപ്പിലാണ് സമരം ആരംഭിച്ചതെങ്കിലും, വെള്ളാപ്പിലെ റേഷൻ കട ഇന്ന് മുതൽ ഇടയിലക്കാട് പ്രവർത്തനമാരംഭിച്ചു.
റേഷൻകട മാറ്റിയതിനെതിരെ വെള്ളാപ്പ് സ്വദേശികളും, മാറ്റി സ്ഥാപിച്ച റേഷൻകട നിലനിർത്താൻ ഇടയിലക്കാട് സ്വദേശികളും തയ്യാറെടുത്തതോടെ റേഷൻകട വിഷയം ചന്തേര പോലീസിന് തലവേദനയായിരിക്കുകയാണ്. ഇടയിലക്കാട് റേഷൻ കടയ്ക്ക് പോലീസ് നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്. വെങ്ങാട് നാരായണന്റെ ഉടമസ്ഥതയിൽ വെള്ളാപ്പിൽ പ്രവർത്തിച്ചിരുന്ന റേഷൻ കടയാണ് തൊട്ടടുത്ത പഞ്ചായത്തിലേക്ക് മാറ്റിയത്. റേഷൻ കട പ്രവർത്തിക്കാനാവശ്യമായ സൗകര്യമില്ലാത്തതിനാൽ കടയുടെ ലൈസൻസ് റദ്ദ് ചെയ്ത് തൊട്ടടുത്ത പഞ്ചായത്തിലേക്ക് മാറ്റാൻ അധികൃതർ അനുമതി നൽകുകയായിരുന്നു.
സ്ഥല സൗകര്യമില്ലാത്ത മുറിക്ക് കെട്ടിട ഉടമ വാടക കൂട്ടി ചോദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. വാടക കൂട്ടി നൽകാൻ റേഷൻ കട ഉടമ തയ്യാറാകാതെ വന്നതോടെയാണ് കെട്ടിട ഉടമ മുറി ഒഴിയാനാവശ്യപ്പെട്ട് നിയമനടപടിയാരംഭിച്ചത്. വെള്ളാപ്പിൽ വേറെ മുറി ലഭിക്കാത്തതിനാലാണ് റേഷൻ കട ഇടയിലക്കാട്ടേയ്ക്ക് മാറ്റേണ്ടി വന്നതെന്നാണ് കടയുടമ വെങ്ങാട്ട് നാരായണന്റെ അവകാശവാദം. വെള്ളാപ്പിൽ പ്രവർത്തിച്ചിരുന്ന റേഷൻ കടയിൽ പൊതുവിതരണ വകുപ്പ് അനുശാസിക്കുന്ന സ്ഥല സൗകര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. റേഷൻകട വിഷയം ലീഗ് രാഷ്ട്രീയവത്ക്കരിച്ചെന്നാണ് സിപിഎം ആരോപിക്കുന്നത്.