ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഷഫീഖിനെതിരെ അന്വേഷണമാവശ്യപ്പെട്ട് എറണാകുളം കസ്റ്റംസിന് ഹൊസ്ദുർഗ്ഗ് പോലീസ് റിപ്പോർട്ട് നൽകി
കാഞ്ഞങ്ങാട്: അബുദാബിയിൽ 32 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടത്തി നാട്ടിലേക്ക് മുങ്ങിയ അജാനൂർ മുട്ടുംന്തല ഷഫീഖിന്റെ 36, വിദേശയാത്രയെക്കുറിച്ച് കസ്റ്റംസ്തല അന്വേഷണം. മാസത്തിൽ ഒന്നിലേറെ തവണ തുടർച്ചയായി ഗൾഫിലെത്തി മടങ്ങിയ ഷഫീഖിന്റെ വിദേശയാത്രയിൽ ദുരൂഹത യുയർന്ന സാഹചര്യത്തിൽ ഹൊസ്ദുർഗ്ഗ് പോലീസ് എറണാകുളം കസ്റ്റംസിന് റിപ്പോർട്ട് നൽകുകയായിരുന്നു.
ഷഫീഖിന്റെ വിദേശയാത്ര സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹൊസ്ദുർഗ്ഗ് പോലീസ് കസ്റ്റംസിന് റിപ്പോർട്ട് നൽകിയത്. ഷഫീഖിന്റെ മുട്ടുന്തലയിലെ വീട് റെയ്ഡ് ചെയ്ത് ഹൊസ്ദുർഗ്ഗ് പോലീസ് പിടിച്ചെടുത്ത പാസ്പോർട്ടടക്കമുള്ള രേഖകളുടെ പകർപ്പ് പോലീസ് കസ്റ്റംസിന് കൈമാറി.
കേരളത്തിലെ വിവിധ എയർപോർട്ടുകൾ വഴിയും കർണ്ണാടകയിലെ എയർപോർട്ടിലൂടെയും ഷഫീഖ് ഗൾഫിൽ നിന്നും നാട്ടിലെത്തി മടങ്ങിയിട്ടുണ്ട്. വിദേശത്ത് നിന്നും കേരളത്തിലേക്ക് വൻതോതിൽ സ്വർണ്ണം കടത്തുന്നതിനുവേണ്ടിയാണ് ഷഫീഖ് ഇത്രയേറെ വിമാനയാത്രകൾ നടത്തിയതെന്ന സൂചനയെ തുടർന്നാണ് കസ്റ്റംസിനോട് അന്വേഷണം നടത്താൻ പോലീസ് ആവശ്യപ്പെട്ടത്.
യുവാവിന്റെയും ബന്ധുക്കളുടെയും പേരിൽ വിദേശത്തും നാട്ടിലുമുള്ള സ്വത്ത് സംബന്ധിച്ച് കസ്റ്റംസ് അന്വേഷണം നടത്തുമെന്നാണ് സൂചന. ഷഫീഖിനെതിരെ 32 ലക്ഷം രൂപ തട്ടിയതായി പോലീസിൽ പരാതി നൽകിയ കാസർകോട്ടെ യുവാക്കൾ, ഷഫീഖിനെതിരെ അന്വേഷണ ഏജൻസികളെ സമീപിക്കാനൊരുങ്ങുന്നതായാണ് സൂചന.
തട്ടിയെടുത്ത പണം തിരികെ നൽകാമെന്ന് മുട്ടുന്തല യുവാവ് പോലീസ് സാന്നിദ്ധ്യത്തിൽ പണം നഷ്ടപ്പെട്ടവർക്ക് ഉറപ്പ് നൽകിയെങ്കിലുംപിന്നീട് ഷഫീഖ് പണം നൽകാമെന്ന ഉറപ്പിൽ നിന്നും മലക്കം മറിഞ്ഞു. നഷ്ടപ്പെട്ട 32 ലക്ഷം തിരിച്ചു പിടിക്കാൻ കാസർകോട് സ്വദേശികൾ നീക്കമാരംഭിച്ചു.