നഗര മധ്യത്തിൽ ഒറ്റ നമ്പർ വേട്ട; 1,62,250 രൂപ പിടികൂടി ജ്വല്ലറിയുടമ അറസ്റ്റിൽ

lottery

കാഞ്ഞങ്ങാട്: നഗര മധ്യത്തിൽ ടൗൺ ബസ്്സ്റ്റാന്റ് കേന്ദ്രീകരിച്ച് നടത്തിയ വൻ ഒറ്റ നമ്പർ എഴുത്ത് ലോട്ടറി പോലീസ് പിടികൂടി. ബസ്്സ്റ്റാന്റിനകത്ത് സ്ഥിതി ചെയ്യുന്ന അർച്ചന ജ്വല്ലറിയിൽ പോലീസ് നടത്തിയ മിന്നൽ റെയിഡിൽ 1,62250 രൂപയും, ഒറ്റ നമ്പർ എഴുതിയ നിരവധി കടലാസുകളും പിടിച്ചെടുത്തു.

ജ്വല്ലറിയുടമ അതിയാമ്പൂര് ഉദയൻകുന്നിലെ ബബീഷിനെ 34, അറസ്റ്റ് ചെയ്തു. ലോക്ക്ഡൗൺ കാലത്ത് സ്വന്തം വീട്ടിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന കർണ്ണാടക മദ്യം പിടികൂടിയ കേസ്സിൽ ബബീഷിന്റെ പേരിൽ ഹൊസ്ദുർഗിൽ കേസ്സുണ്ട്. ബബീഷിന്റെ ജ്വല്ലറിയിൽ  സാമ്പത്തിക ഇടപാടുകൾ നടത്തിയതിനുള്ള ബ്ലാങ്ക് ചെക്കുകളും മറ്റ് ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. എഴുത്തുലോട്ടറിയുമായി ബന്ധപ്പെട്ട് പണം കൈമാറിയതിനുള്ള തെളിവുകളടങ്ങിയ ഡയറികളും പോലീസ് പിടിച്ചെടുത്തു.

കാഞ്ഞങ്ങാട് ഡിവൈഎസ്പി, ഡോ. വി.  ബാലകൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്റെ ബലത്തിൽ കഴിഞ്ഞ മൂന്നുനാളായി ബബീഷും ജ്വല്ലറിയും പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2-30 മണിക്ക് ഇൻസ്പെക്ടർ, കെ.പി. ഷൈൻ, സബ് ഇൻസ്പെക്ടർ, സതീഷ്കുമാർ, പോലീസുദ്യോഗസ്ഥരായ നാരായണൻ, ദീപുമോൻ, കമൽ, ഗിരീഷ്കുമാർ എന്നിവർ ജ്വല്ലറിക്കകത്ത് കയറുകയായിരുന്നു.

ജ്വല്ലറിയിൽ ഇന്നലെ കാര്യമായ കച്ചവടമൊന്നും നടന്നിരുന്നില്ലെങ്കിലും, മേശവലിപ്പിൽ 1.62 ലക്ഷം രൂപ കണ്ടെത്തി. ജ്വല്ലറിയുടെ മറവിൽ നാളുകളായി ബബീഷ് എഴുത്ത് ലോട്ടറി  നടത്തി വരികയാണെന്നും, പോലീസ് വെളിപ്പെടുത്തി. ബബീഷിന്റെ പേരിൽ കേസ്സ് റജിസ്റ്റർ ചെയ്തു പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. 

Read Previous

മടിക്കൈ പത്തു ബ്രാഞ്ചുകളിൽ സമ്മേളനം പൂർത്തിയായി, പി. ബേബിക്കും പി. കരുണാകരനും എതിരെ കടുത്ത വിമർശനങ്ങൾ

Read Next

മുട്ടുന്തല യുവാവിന്റെ വിദേശയാത്രയിൽ കസ്റ്റംസ് അന്വേഷണമാരംഭിച്ചു