കൃഷിയെ സ്നേഹിച്ച ലക്ഷ്മണന് ദുരിതകാലം വിളവെടുക്കാറായ മത്സ്യകൃഷിയ്ക്ക് വിപണിയില്ല

കാഞ്ഞങ്ങാട്: വളർച്ചയെത്തിയ  വളർത്തു മത്സ്യത്തിന്  വിപണി കണ്ടെത്താ‍കാതെ വലയുകയാണ് കാഞ്ഞങ്ങാട് നഗരസഭയിലെ പടന്നക്കാട് പട്ടാക്കാലിലെ ലക്ഷ്മണൻ . വിളവെടുപ്പ് സമയത്ത് ചെറിയ തോതിലുള്ള പ്രാദേശിക വിൽപന മാത്രമാണ്  ഇപ്പോൾ ലഭിക്കുന്ന ഏക വരുമാനം. ലക്ഷങ്ങൾ ലോണെടുത്ത് ബയോഫ്ലോക് രീതിയിലും പടുതാക്കുളത്തിലും  മത്സ്യക്കൃഷി നടത്തിയ ലക്ഷ്മണൻ   മീനുകളെ യഥാസമയം വിൽപന നടത്താനാകാതെ ദുരിതത്തിലായിരിക്കുകയാണ്.

സർക്കാരോ തദ്ദേശ സ്ഥാപനങ്ങളൊ ഫിഷറീസ് വകുപ്പോ  പ്രാദേശികമായി വിപണന കേന്ദ്രം തയാറാക്കാത്തതും തിരിച്ചടിയായി. തന്നെപ്പോലെ നിരവധി കർഷകർ ദുരിതത്തിലാന്നെന്ന് ലക്ഷ്മണൻ പറയുന്നു.  വാങ്ങാ‍ൻനാളില്ലാത്തതിനാൽ വിളവെടുപ്പിനു പ്രായമായ 600 ഓളം അസം വള ഒറ്റത്തവണയായി വിളവെടുക്കാൻ സാധിക്കുന്നില്ലെന്ന് ലക്ഷ്മണൻ പറഞ്ഞു. ആവശ്യക്കാർ എത്തുമ്പോൾ മാത്രം വിളവെടുക്കുന്ന രീതിയാണിപ്പോൾ സ്വീകരിക്കുന്നത്. വളർച്ചയെത്തിയ മീനുകളെ യഥാസമയം വിളവെടുക്കാത്തതിനാൽ തീറ്റ ഇനത്തിൽ വൻനഷ്ടമുണ്ടാകുന്നു.

പ്രാദേശിക വിൽപനയിൽ നല്ല വിലയും ലഭിക്കുന്നില്ല. 250 മുതൽ 300 രൂപ വരെ വിപണിവിലയുണ്ടായിരുന്ന അസം വാള ഇപ്പോൾ 150 രൂപയ്ക്ക് പോലും വാങ്ങാനാളില്ലെന്ന് ഇദ്ദേഹം വ്യക്തമാക്കി.  ജൈവപച്ചക്കറി കൃഷിക്കു നൽകുന്ന പ്രോത്സാഹനം ജൈവ മത്സ്യക്കൃഷിക്കും നൽകാൻ ഫിഷറീസ് വകുപ്പ് ഇടപെടണമെന്നും ലക്ഷ്മണൻ ആവശ്യപ്പെടുന്നു.

സ്ഥിരമായി വൈദ്യുതി വിതരണം തടസ്സപ്പെടുന്നതും വെല്ലുവിളിയാകുന്നുണ്ട്. ബയോഫ്ലോക് കൃഷിയിൽ 24 മണിക്കൂറും വൈദ്യുതി ആവശ്യമാണെന്ന്  ഇദ്ദേഹം പറയുന്നു. വൈദ്യുതിയില്ലെങ്കിൽ ജനറേറ്റർ ഉപയോഗിക്കണം.  കൃഷി തുടർന്നു പോകണമെങ്കിൽ മത്സ്യങ്ങൾ വിറ്റഴിക്കാനുള്ള വിപണി ലഭ്യമാക്കണം. 

കോവിഡ് പ്രതിസന്ധി മൂലം വിപണിയില്ലാത്തതിനാൽ കാലാവധി കഴിഞ്ഞിട്ടും വിളവെടുക്കാൻ കഴിയുന്നില്ല. കർഷകരുടെ പ്രതിസന്ധി മുതലാക്കി 300 രൂപയ്ക്കു വിൽപന നടത്തേണ്ട മീൻ 100 രൂപയ്ക്കു വാങ്ങാനാണ്  മൊത്തക്കച്ചവടക്കാർ എത്തുന്നത്. ഇത്തരത്തിൽ വിൽപന നടത്തിയാൽ തീറ്റ വാങ്ങാനുള്ള തുക പോലുമാകില്ല. ഇതിന് പരിഹാരം ബന്ധപ്പെട്ടവർ ഒരുക്കണമെന്നാണ് ലക്ഷ്മണൻ ആവശ്യപ്പെടുന്നത്.

22 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഫോട്ടോഗ്രാഫർ കൂടിയായ ലക്ഷ്മണൻ ഒരു സ്റ്റുഡിയോ തുടങ്ങിയെങ്കിലും പ്രതിസന്ധികൾ കാരണം അടച്ചു പൂട്ടേണ്ടി വന്നു. പിന്നീടാണ് കൃഷിയിലേക്ക് തിരിഞ്ഞത്. 2 ഏക്കറോളം സ്വന്തം സ്ഥലത്ത് നെല്ലും പച്ചക്കറിയും കൃഷി ചെയ്തു കൂടാതെ 5 ഏക്കർ കുടുംബ സ്ഥലത്ത് രണ്ടാം വിള നെൽകൃഷിയും ചെയ്യുന്നു ഇതിനു പുറമേയാണ് മത്സ്യകൃഷി.20 വർഷത്തോളമായി കൃഷിയാണ് ലക്ഷ്മണന്റെ ജീവിതം.കൂട്ടിന് ഭാര്യ വിലാസിനിയുമുണ്ട്. സ്വന്തമായി ട്രാക്ടർ വാങ്ങി ശാസ്ത്രീയവും ജൈവ രീതിയിലുമാണ് ലക്ഷ്മണന്റെ  കൃഷി യെന്നത് ഏറെ ശ്രദ്ധേയമാണ്.

LatestDaily

Read Previous

വിദ്യാർത്ഥിനിയുടെ ആത്മഹത്യ: അധ്യാപകൻ കുടുങ്ങിയത് ഗൾഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ

Read Next

മടിക്കൈ പത്തു ബ്രാഞ്ചുകളിൽ സമ്മേളനം പൂർത്തിയായി, പി. ബേബിക്കും പി. കരുണാകരനും എതിരെ കടുത്ത വിമർശനങ്ങൾ