ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അരനൂറ്റാണ്ട് കാത്തിരിപ്പിെൻറ സങ്കടവും, അമർഷവും എംഎൽ എയ്ക്ക് മുന്നിൽ നിരത്തി നാട്ടുകാർ
കാഞ്ഞങ്ങാട്: ജനനായകന്മാർക്കും ഉദ്യോഗസ്ഥർക്കും ഒട്ടും താല്പര്യമില്ലാത്ത ഒരു നാടിന്റെ ഗതികേടിന്റെ പര്യായമായി മടിക്കൈ കാരാക്കോട് പാലം. കാഞ്ഞങ്ങാടിന് 15 കിലോമീറ്ററിനകത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമായ കാരാക്കോടും പരിസര പ്രദേശങ്ങളും വികസന കാര്യത്തിൽ നൂറ് വർഷം പിറകിലാണ് തരിശുപാറ പ്രദേശത്ത് കുറെ സോളാർ പ്ലാൻറുകൾ വന്നതൊഴിച്ചാൽ ജനനിബിഢ പ്രദേശങ്ങളിൽ വികസനം തൊട്ടുതീണ്ടിയിട്ടില്ല.
ഇതിന്റെ പ്രധാന കാരണം കാരക്കോട് പാലവും അപ്രോച്ച് റോഡും തന്നെയാണ്. മടിക്കൈ പഞ്ചായത്തിന്റെയും കോടോം–ബേളൂർ പഞ്ചായത്തിന്റെയും അതിർത്തിയാണ് ഈ തോടും അതിനുള്ള പാലവും അമ്പലത്തറ ഭാഗത്തുനിന്ന് വരുമ്പോൾ വെള്ളച്ചേരി കഴിഞ്ഞാൽ റോഡുകൾ ടാർ ചെയ്ത കാലം മറന്നു. കാരാക്കോട് പാലം രാഷ്ടീയ വിരോധങ്ങളുടെ ഒരു വിളനിലമായി മാറിക്കഴിഞ്ഞു. ഭരിക്കുന്ന പഞ്ചായത്തിനും അധികാരികൾക്കും ലാഭമില്ലാത്ത കച്ചവടമായി കാരാക്കോടും പാലവും മാറി.
കാസർകോട് ജില്ലയുടെ പല കിഴക്കൻ പ്രദേശങ്ങളേയും കാഞ്ഞങ്ങാടുമായി ബന്ധിപ്പിക്കുന്ന എളുപ്പ യാത്രാ മാർഗ്ഗമാണ് ഈ പാലം. പുതിയ പാലവും റോഡും വന്നാൽ നാട് വികസിക്കും, നാട്ടുകാർ വികസിക്കും. പലയിടത്തു നിന്നും ജനങ്ങൾ വരും. കടകളും ആശുപത്രികളും ബാങ്കുകളും മറ്റ് അവശ്യ ഘടകങ്ങളും വരും. കാരാക്കോടിന്റെ 40 വർഷത്തെ കാത്തിരിപ്പിന് അവസാനമായി. 2018 ൽ മടിക്കൈ- റാക്കോൽ പള്ളം സോളാർ പാർക്ക് വഴി ആനക്കുഴിവരെ റോഡ് വികസനത്തിനും കാരാക്കോട് പാലത്തിനുമായി 20 കോടി രൂപ അനുവദിച്ചു.
എന്നാൽ അത് വെറും പ്രഖ്യാപനം മാത്രമായിരുന്നു. മടിക്കൈ ഗ്രാമപ്പഞ്ചായത്തിനെ കോടോം–ബേളൂർ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കാരാക്കോട് ചാലിന് പാലം പണിയാൻ നാട്ടുകാർ പലതവണ നിവേദനങ്ങൾ നൽകിയിരുന്നു. ജില്ലാ പഞ്ചായത്ത് നബാർഡുമായി ചേർന്ന് ഏഴ് വർഷംമുമ്പ് ഫണ്ട് നീക്കിവെച്ചിരുന്നെങ്കിലും, സാങ്കേതിക കുരുക്കിൽപ്പെട്ട് പദ്ധതിത്തുക നഷ്ടമായി.
പാലം നിർമാണത്തിന് മുന്നോടിയായി പൈലിങ്ങ് പോലും നടന്നിരുന്നു. അരനൂറ്റാണ്ടുമുമ്പ് കാരാക്കോട് ചാലിന് മൈനർ ഇറിഗേഷൻ പണിത തടയണയ്ക്ക് മുകളിലൂടെയാണ് ചെറുവാഹനങ്ങൾ കടന്നുപോകുന്നത്. മഴക്കാലത്ത് മിക്ക ദിവസങ്ങളിലും തടയണ വെള്ളത്തിൽമുങ്ങി ഗതാഗതം തടസ്സപ്പെടും. പനങ്ങാട് എൽ.പി, യു.പി. സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും മഴക്കാലത്ത് സ്കൂളിലെത്താൻ കഴിയാറില്ല.
റാക്കോൽ മുതൽ കോടോം-–ബേളൂരിലെ ആനക്കുഴിവരെ 7.9 കിലോമീറ്റർ റോഡ് വികസനത്തിന് 10 കോടിയും പാലത്തിന് 10 കോടിയുമാണ് അന്ന് അനുവദിച്ചത്. നിലവിലുള്ള തടയണയ്ക്ക് താഴെയാണ് പാലത്തിന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. തടയണയ്ക്ക് സമീപം മടിക്കൈ ഭാഗത്ത് റോഡ് തകർന്നുകിടക്കുകയാണ്. പാലം പൂർത്തിയായാൽ കാരാക്കോട്, വെള്ളച്ചേരി, ചുണ്ട, പട്ടത്തുംമൂല പ്രദേശത്തുകാർക്ക് മലയോര പ്രദേശങ്ങളായ തായന്നൂർ, കാലിച്ചാനടുക്കം ഭാഗത്തേക്ക് എളുപ്പം എത്തിച്ചേരാം.
കോടോം- ബേളൂരിലെ പെരിയ, ആനക്കുഴി, തായന്നൂർ, എണ്ണപ്പാറ പ്രദേശത്തുകാർക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിലേക്കുള്ള ദൂരം ആറ് കിലോമീറ്ററായി ചുരുങ്ങും. പാലം റോഡ് വികസനത്തിന് ഇൻവെസ്റ്റ്‌മെന്റ് എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നുവെങ്കിലും എല്ലാം പിന്നീട് ജലരേഖയായി. 10 മീറ്റർ വീതിയാണ് റോഡ് വികസനത്തിന് ആവശ്യം. ഭൂമിയുടെ സമ്മതപത്രം ലഭിച്ചാലുടൻ എത്രയുംവേഗം നിർമാണത്തിനുള്ള അനുമതി ലഭിക്കുമെന്ന് മടിക്കൈ പഞ്ചാത്ത് പ്രസിഡന്റ് സി. പ്രഭാകരൻ അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നവീകരിച്ച മൈത്തടം -കാരാക്കോട് റോഡുദ്ഘാടനത്തിനെത്തിയ എംഎൽഏ, ഇ. ചന്ദ്രശേഖരന് മുന്നിൽ ജനങ്ങൾ തങ്ങളുടെ സങ്കടവും ഗതികേടും പ്രതിഷേധവും അറിയിച്ചിരുന്നു. എത്രയും വേഗം പാലം നിർമ്മാണത്തിനാവശ്യമായ കാര്യങ്ങൾ നടത്തുമെന്ന് എം എൽ ഏ നാട്ടുകാരോട് വ്യക്തമാക്കി. എം എൽ എ യോടൊപ്പം പഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മെമ്പർ, വാർഡ് മെമ്പർ തുടങ്ങിയവരുമുണ്ടായിരുന്നു.