13 വർഷം ഉണ്ണി വീൽചെയറിൽ

കാഞ്ഞങ്ങാട്: നീണ്ട പതിമൂന്നു വർഷമായി ഒരു അമ്പതുകാരൻ തൊഴിലാളി വീടിനകത്ത് വീൽചെയറിൽ ജീവിതം നരക തുല്യമായി തള്ളിനീക്കുന്നു. കാഞ്ഞങ്ങാട് നഗരസഭാ പ്രദേശമായ കല്ല്യാൺ റോഡ് വാർഡ് 9-ൽ തീയ്യനെകൊത്തിയമൂലയിൽ ശരീരം മുഴുവൻ തളർന്ന് മാംസപേശികൾ മരവിച്ച നിലയിൽ അമ്പതുകാരൻ പി. ഉണ്ണികൃഷ്ണൻ കനിവു തേടുകയാണ്.

കല്ല്യാൺ റോഡിന് വടക്കുഭാഗം മഞ്ഞംപൊതിക്കുന്നിന്റെ താഴ്്വരയിലാണ് തീയ്യനെകൊത്തിയമൂല എന്ന പ്രദേശം. ഒരു ചെറിയ ഓടുമേഞ്ഞ വീട്ടിൽ ഉണ്ണികൃഷ്ണനും ഭാര്യ സന്ധ്യയും രണ്ടാമത്തെ മകൻ നന്ദലാലും, മകൾ പ്ലസ് വൺ വിദ്യാർത്ഥിനി ഉണ്ണിമായയും ആരോടും പരിഭവമില്ലാതെ ജീവിതത്തിലെ നല്ല നാളുകൾ കഷ്ടിച്ച് തള്ളിനീക്കുകയാണ്. മൂത്തമകൾ നന്ദന ഭർതൃഗൃഹമായ ചെമ്മനാട് അണിഞ്ഞയിൽ താമസിക്കുന്നു. നന്ദലാൽ പ്ലസ്ടു കഴിഞ്ഞു.

2008 ഒക്ടോബർ 16-ന് സ്വന്തം വീടിന്റെ മോന്തായത്തിൽ ഓടുവെക്കാൻ കയറിയതാണ് കൊന്നക്കാട് വട്ടക്കയം സ്വദേശി കരുണാകരൻ നായരുടെയും, നാരായണിയമ്മയുടെയും മകൻ പി. ഉണ്ണികൃഷ്ണൻ. നിർഭാഗ്യമെന്ന് പറയട്ടെ, വീടിന്റെ മുകളിൽ നിന്ന് പിടിവിട്ട് അരക്കെട്ട് കുത്തി താഴെ തറയിൽ വീണതിന് ശേഷം ഉണ്ണികൃഷ്ണൻ നടന്നിട്ടില്ല. മംഗളൂരിലും, മറ്റും ദീർഘകാലം ചികിത്സിച്ചുവെങ്കിലും, വീഴ്ചയിൽ സുഷുമ്നാ നാഡി പലയിടത്തും പൊട്ടിത്തകർന്നു പോയതിനാൽ അലോപ്പതിയും ആയുർവ്വേദവും ഉണ്ണികൃഷ്ണനെ കൈവെടിഞ്ഞു.

ആദ്യം ജില്ലാ ആശുപത്രിയിൽ, ഒരു മാസം മംഗളൂരു കെ.എസ് ഹെഗ്ഡെ മെഡിക്കൽ കോളേജിലും, 2 വർഷം കോട്ടയം മെഡിക്കൽ കോളേജിലും കിടന്നു.  സുഷുമ്നാ നാഡി യോജിപ്പിക്കാൻ കഴിയാത്ത വിധം മൂന്നിടത്ത് അതിശക്തമായി പൊട്ടിയിരുന്നു. വീൽചെയർ നൽകിയത് പാലിയേറ്റീവ് പ്രവർത്തകരാണ്. ഈ വിൽചെയറിൽ പകലന്തിയോളം ഇരുന്ന് സമയം കൊല്ലും. ഇരുകാലുകളിലും രക്തം കട്ട പിടിച്ച് കറുത്തിരുണ്ട് കിടക്കുന്നു.

ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ അരലക്ഷം രൂപ ധനസഹായം കിട്ടി. 5000 രൂപ സ്ഥലത്തെ ബിജെപി പ്രവർത്തകർ സഹായിച്ചു.  ഇപ്പോൾ മക്കളുടെ പഠിത്തവും വീട്ടുചെലവും താങ്ങാനാവുന്നില്ല. ഭാര്യ സന്ധ്യയ്ക്ക് ഭർത്താവിനെ വീൽചെയറിലിരുത്തി പുറത്ത് ജോലിക്ക് പോകാൻ കഴിയുന്നില്ല. 1600 രൂപ പ്രതിമാസം വികലാംഗ പെൻഷൻ ലഭിക്കുന്നുണ്ട്. സന്ധ്യയുടെ  ബീഡിതെറുപ്പ് ഇപ്പോഴില്ല. ഇരുപത്തിയഞ്ചാം വയസ്സുവരെ ഉണ്ണികൃഷ്ണൻ കൂലിപ്പണിക്ക് പോകുമായിരുന്നു. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി സഹായങ്ങൾ ചെയ്യാൻ  ആഗ്രഹിക്കുന്ന കാരുണ്യ പ്രവർത്തകർ താഴെ കാണുന്ന ബാങ്ക് അക്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഉണ്ണികൃഷ്ണന്റെ കുടുംബത്തിന്റെ കണ്ണീരിന് ചെറുതായെങ്കിലും ആശ്വാസമാകുമായിരുന്നു.

നമ്പർ: 40504101001459

ഐഎഫ്എസ്്സി :KLGB0040504

എൻഎംജി ബാങ്ക്, മാവുങ്കാൽ ശാഖ, കാസർകോട് ജില്ല

LatestDaily

Read Previous

പോലീസും മുസ്ലീം ലീഗ് നേതാക്കളും ഒതുക്കിയ മാനഭംഗക്കേസ്സ് അന്വേഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം

Read Next

റോഡിലേക്ക് ഓടിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനി ഓട്ടോ തട്ടി മരിച്ചു