പോലീസും മുസ്ലീം ലീഗ് നേതാക്കളും ഒതുക്കിയ മാനഭംഗക്കേസ്സ് അന്വേഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം

കാഞ്ഞങ്ങാട്: 2020 മാർച്ച് 17 ന് രാത്രി ഹൊസ്ദുർഗ് പോലീസിലെത്തിയ ഒരു മാനഭംഗക്കേസ്സ് ചില പോലീസുദ്യോഗസ്ഥരും മുസ്ലീം ലീഗ് പ്രാദേശിക നേതാക്കളും ചേർന്ന് അട്ടിമറിച്ച സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായ പ്രതികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒാഫീസ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. കാഞ്ഞങ്ങാട് കല്ലൂരാവി ബാവനഗറിലെ പാലായി  മുഹമ്മദ് അസ്്ലമിന്റെ ഭാര്യ ഏ. പി. ആരിഫയെ 30, വീട് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച് മാനഭംഗപ്പെടുത്തിയ ശേഷം, കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അന്വേഷണം നടത്താൻ ഡിജിപിക്ക് നിർദ്ദേശം.

ബാവനഗറിലെ കഞ്ചാവ് മാഫിയക്കെതിരെ ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി വീട്ടിലെത്തിയതിന് പിന്നാലെയാണ് അക്രമികൾ വീട് കയ്യേറി മുഹമ്മദ് അസ്്ലമിനെ ആക്രമിച്ചത്. ഭർത്താവിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ആരിഫയെ അക്രമികൾ മർദ്ദിച്ച ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. യുവാവിനെ മൃഗീയമായി ആക്രമിച്ച സംഭവത്തിൽ ഒരു കേസ്സ് ഹൊസ്ദുർഗ് പോലീസ് റജിസ്ററർ ചെയ്തിരുന്നുവെങ്കിലും, മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ ആരിഫയിൽ നിന്നും മൊഴിയെടുക്കുന്നതിനോ, കേസ്സെടുക്കാനോ പോലീസ് തയ്യാറായില്ല.

അസ്്ലമിന്റെ പരാതിയിൽ  കേസ്സിൽ ആരിഫയെ മാനഭംഗപ്പെടുത്തിയ സംഭവമുൾപ്പെടുത്തി മാനഭംഗ വകുപ്പ് ചേർക്കാനും, അന്നത്തെ പോലീസ് അന്വേഷണ സംഘം  തയ്യാറായില്ല. ആരിഫയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ കേസ്സ് നടപടി ആവശ്യപ്പെട്ട് 2020– ൽ ഹൊസ്ദുർഗിൽ ചുമതലയുണ്ടായിരുന്ന പോലീസ് ഇൻസ്പെക്ടർക്കും,  ഡിവൈഎസ്പിക്കും, ജില്ലാ പോലീസ് മേധാവിക്കും ആരിഫ പരാതി നൽകിയിരുന്നു. ഭർതൃമതിയുടെ പരാതിയിൽ അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവി ഹൊസ്ദുുർഗ് പോലീസിനോട് ആവശ്യപ്പെട്ടുവെങ്കിലും, ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി പ്രതികൾക്കെതിരെ കേസ്സെടുക്കാൻ പോലീസ് തയ്യാറായില്ല.

എസ്പിക്കല്ല, മുഖ്യമന്ത്രിക്ക് പരാതി നൽകിയാലും കേസ്സെടുക്കേണ്ടത് തങ്ങളാണ്, കേസ്സെടുക്കുന്ന പ്രശ്നമില്ലെന്ന് രണ്ട് പോലീസുകാർ, ആരിഫയുടെ ഭർത്താവ് അസ്്ലമിനെ ഭീഷണിപ്പെടുത്തിയിരുന്നു. കേസ്സുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ മുഹമ്മദ് അസ്്ലമിനെ ഇതേ പോലീസുദ്യോഗസ്ഥർ സ്റ്റേഷനിൽ മർദ്ദിച്ചു. അസ്്ലമിനെ ആക്രമിച്ച  മൂന്ന് പ്രതികളെ കേസ്സിൽ നിന്നും ഒഴിവാക്കിപോലീസ് വേട്ടക്കാർക്കൊപ്പം നിലകൊണ്ടതോടെ  പോലീസിൽ നിന്നും നീതി ലഭിക്കില്ലെന്നുറപ്പായപ്പോഴാണ് ദമ്പതികൾ മുഖ്യമന്ത്രിയെ സമീപിച്ച് പരാതി നൽകിയത്.

കാഞ്ഞങ്ങാട് കടപ്പുറത്തെ മുഹമ്മദ് അനസ്, റബീഷ്, മുഹമ്മദ് അഫ്സൽ, ബാവനഗറിലെ സുഹൈൽ, ബാവനഗറിലെ അഷ്റത്ത് മുബഷീർ, മുഹമ്മദ് ഇർഷാദ് എന്നിവർ ചേർന്ന് ആരിഫയെ ആക്രമിച്ച് മാനഭംഗപ്പെടുത്തിയ സംഭവത്തിൽ പോലീസ് നപടി സ്വീകരിച്ചില്ലെങ്കിൽ,  വീണ്ടും മുഖ്യമന്ത്രിയെ സമീപിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ് മുഹമ്മദ് അസ്്ലമിനെ അറിയിച്ചു. ആരിഫയെ മാനഭംഗപ്പെടുത്തിയ കേസ്സ്, അസ്്ലമിനെ ആക്രമിച്ച കേസ്സിൽ മൂന്ന് പ്രതികളെ ഒഴിവാക്കിയ പോലീസ് നടപടി,  ഒരു വർഷം മുമ്പ് ഹൊസ്ദുർഗ് സ്റ്റേഷനിൽ മുഹമ്മദ് അസ്്ലമിനെ രണ്ട് പോലീസുദ്യോഗസ്ഥർ മുഖത്തടിച്ച  പരാതിയിലും, അന്വേഷണം നടത്താൻ സംസ്ഥാന പോലീസ്  മേധാവിക്ക്  മുഖ്യമന്ത്രി  നിർദ്ദേശം നൽകി.

LatestDaily

Read Previous

പ്രകടനം നടത്തിയ എസ്ഡിപിഐക്കെതിരെ കേസ്സ്; ഡിവൈഎഫ്ഐക്ക് കേസ്സില്

Read Next

13 വർഷം ഉണ്ണി വീൽചെയറിൽ