ഹോട്ടലിൽ പോലീസിനെ ആക്രമിച്ച സംഭവത്തിൽ 2 പേർ ഒളിവിൽ

ബേക്കൽ: കടയടപ്പിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസ്സിൽ ബേക്കൽ സീപാർക്ക് ഹോട്ടലുടമയായ അജാനൂർ മുട്ടുന്തലയിലെ റഷീദിന് കോടതി ജാമ്യമനുവദിച്ചു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും എസ്ഐ, സെബാസ്റ്റ്യനെ മർദ്ദിക്കുകയും ചെയ്ത പള്ളിക്കരയിലെ ആരിഫ്, ഹോട്ടലുടമ റഷീദിന്റെ മകൻ തഫീർ എന്നിവർ ഒളിവിലാണ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി 9 മണിവരെ മാത്രമാണ് കടകൾക്കും,  ഹോട്ടലുകൾക്കും തുറക്കാൻ അനുമതിയുള്ളതെങ്കിലും  ബേക്കലിലെ സീപാർക്ക് ഹോട്ടൽ ഈ നിയമങ്ങളെല്ലാം ലംഘിച്ചാണ് പ്രവർത്തിച്ചിരുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഹോട്ടലിനെതിരെ 3 കേസ്സുകൾ ബേക്കൽ പോലീസ് നേരത്തെ റജിസ്റ്റർ ചെയ്തിരുന്നു. സമയപരിധി കഴിഞ്ഞും ഹോട്ടൽ തുറന്നിടുന്നതിനെതിരെ ബേക്കൽ പോലീസ് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഹോട്ടലുടമകൾ ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് പോലീസ് പറയുന്നു. നിയമലംഘനം പതിവായതോടെയാണ് ബേക്കൽ പോലീസ് കഴിഞ്ഞ ദിവസം കടയടപ്പിക്കാനെത്തിയത്.

കടയടപ്പിക്കാനെത്തിയ പോലീസുദ്യോഗസ്ഥർക്ക് നേരെ പ്രകോപനപരമായ രീതിയിൽ പെരുമാറിയതിനെത്തുടർന്നാണ് പോലീസിന് ബലം പ്രയോഗിക്കേണ്ടിവന്നത്. ഹോട്ടലിൽ  പോലീസിന് നേരെ കയ്യേറ്റമുണ്ടായതറിഞ്ഞ് കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തിയാണ് കുഴപ്പക്കാരെ കയ്യോടെ പിടികൂടിയത്. പോലീസിനെ മർദ്ദിച്ച ആരിഫ്, തഫീർ എന്നിവരെ പോലീസ് പിടികൂടിയിരുന്നെങ്കിലും ഇരുവരും കുതറി രക്ഷപ്പെടുകയായിരുന്നു.

നിയമലംഘനം മറച്ചുവെക്കാൻ സ്ത്രീകളെയും കുട്ടികളെയും മുൻനിർത്തി ഹോട്ടലുടമകൾ ജനവികാരം അനുകൂലമാക്കാൻ ശ്രമിച്ചിരുന്നു. മുൻകൂട്ടി തയ്യാറാക്കിയ തന്ത്രപ്രകാരം സ്ത്രീകളെ മുൻനിർത്തി നടത്തിയ പ്രതിരോധ ശ്രമങ്ങളുടെ വീഡിയോ ഹോട്ടലുടമകൾ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിടുകയും ചെയ്തു. പോലീസ് ഹോട്ടലിൽക്കയറി കുട്ടികളെയും സ്ത്രീകളെയും ആക്രമിച്ച് നരനായാട്ട് നടത്തിയെന്ന നിലയിൽ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു.

നിയമലംഘനം നടത്തിയ ഹോട്ടൽ അടപ്പിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളെ പോലീസിന്റെ അക്രമമായി ചിത്രീകരിക്കുന്നതിൽ നവമാധ്യമ പ്രചാരണങ്ങൾ വിജയം കാണുകയും ചെയ്തു. ഉദുമ പഞ്ചായത്തിൽ പുറമ്പോക്ക് കയ്യേറി നിർമ്മിച്ച സീപാർക്ക് ഹോട്ടലിന് പഞ്ചായത്തിന്റെ ലൈസൻസുണ്ടായിരുന്നില്ല. രാവേറുന്നത് വരെ തുറന്ന്  പ്രവർത്തിക്കുന്ന  സീപാർക്ക് ഹോട്ടൽ ലഹരിമരുന്ന്, പൂഴിമാഫിയയുടെ ഇടത്താവളമാണെന്ന ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു.

സീപാർക്ക് ഹോട്ടലിന് സമീപത്തുനിന്നാണ് കഴിഞ്ഞ വർഷം ബേക്കൽ പോലീസ് മാരക രാസലഹരിമരുന്നുമായെത്തിയ കാർ പിടികൂടിയത്. കാറിൽ നിന്നും ജർമ്മൻ നിർമ്മിത തോക്കും പോലീസ് പിടിച്ചെടുത്തിരുന്നു. സീപാർക്ക് ഹോട്ടലിൽ കാത്തിരുന്ന ഇടനിലക്കാർക്ക് മയക്കുമരുന്ന്  കൈമാറാനൊരുങ്ങുമ്പോഴാണ് അന്നത്തെ ബേക്കൽ എസ്ഐ, പി. അജിത്ത് കുമാർ ലഹരി മാഫിയയുടെ സൂത്രധാരനെ കയ്യോടെ പിടികൂടിയത്. ഒരു വർഷത്തിലധികമായി ബേക്കലിൽ ലൈസൻസില്ലാതെ  പ്രവർത്തിക്കുന്ന സീപാർക്ക് ഹോട്ടലിനെതിരെ പഞ്ചായത്ത് -അധികൃതർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

ഹോട്ടൽ പൊതുസ്ഥലം കയ്യേറി നിർമ്മിച്ചതാണെന്ന വിവരം ബേക്കൽ പോലീസ് വില്ലേജധികൃതരെയും, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറെയും രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഹോട്ടലിൽ പ്രശ്നങ്ങളുണ്ടായതിന് പിന്നാലെ ഹോട്ടലുടമകൾ പഞ്ചായത്തിൽ ലൈസൻസിന് അപേക്ഷിച്ചതായി വിവരമുണ്ട്. പൂഴി, ലഹരി മാഫിയയുടെ ഇടത്താവളമായ സീപാർക്ക് ഹോട്ടൽ രണ്ട് ദിവസമായി അടച്ചിട്ട നിലയിലാണ്. നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ ആസൂത്രണ കേന്ദ്രമായ ഹോട്ടലിന് നിരീക്ഷണമേർപ്പെടുത്താനാണ് പോലീസ് തീരുമാനമെന്ന്  ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു. പി. വിപിൻ പറഞ്ഞു.

LatestDaily

Read Previous

ജീവൻ രക്ഷിച്ച ഷാജിയെ തേടി ആ പരുന്ത് വീണ്ടുമെത്തി

Read Next

മടിക്കൈ ശിലാഫലകം തകർത്ത കേസ്സിൽ മൂന്നുപേർ നിരീക്ഷണത്തിൽ