ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ വ്യാജ ദിർഹത്തട്ടിപ്പിനെച്ചൊല്ലിയുള്ള അന്വേഷണം ബംഗളൂരുവിലേക്ക്. തട്ടിപ്പിന് പിന്നിൽ പത്തംഗ സംഘമുണ്ടെന്ന സൂചനയെത്തുടർന്നാണ് അന്വേഷണം കർണ്ണാടകയിലേക്ക് നീളുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ചന്തേര എസ്ഐ, എം.വി. ശ്രീദാസും സംഘവും ഇന്ന് ബംഗളൂരുവിലേക്ക് തിരിക്കും.
തൃക്കരിപ്പൂർ വ്യാജ ദിർഹത്തട്ടിപ്പ് കേസ്സിലെ പ്രതികളിലൊരാളായ പശ്ചിമ ബംഗാൾ സ്വദേശി ഗൗതം മുജന്ദീറിനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ല. കേസ്സിൽ 2 പ്രതികളെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്റിലായ പ്രതികളെ കേസ്സന്വേഷണത്തിന്റെ ഭാഗമായി കോടതി ആഗസ്ത് 18 വരെ ചന്തേര പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിരുന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മാണത്തൊഴിലാളികൾ, കമ്പിളിവിൽപ്പനക്കാർ, വഴിയോര കച്ചവടക്കാർ എന്നീ വേഷങ്ങളിലെത്തുന്ന പത്തംഗ സംഘത്തിന്റെ പ്രധാന ജോലി തട്ടിപ്പാണ്. വ്യാജ ദിർഹം നൽകി ഇവർ പലരെയും വഞ്ചിച്ചതായി തെളിഞ്ഞിട്ടുമുണ്ട്. തട്ടിപ്പിനിരയായവരിൽ പലരും മാനക്കേട് ഭയന്ന് സംഭവം പുറത്തുപറഞ്ഞിട്ടില്ല.
പ്രതികളുടെ പയ്യന്നൂരിലെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ചന്തേര പോലീസ് ആധാർ കാർഡുകൾ, പാൻകാർഡുകൾ, പണം മുതലായവ പിടിച്ചെടുത്തിരുന്നു. കടലാസ് കെട്ടുകൾക്ക് മുകളിൽ യഥാർത്ഥ ദിർഹത്തിന്റെ ഒന്നോ രണ്ടോ നോട്ടുകൾ വെച്ചുകെട്ടി തട്ടിപ്പ് നടത്തുന്നതും സംഘത്തിന്റെ ശൈലിയാണ്. യുഏഇ ദിർഹത്തട്ടിപ്പിൽ ഏഴോളം കേസ്സുകളാണ് സംഘത്തിനെതിരെ സം സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടിപ്പ് വഴി നേടിയെടുക്കുന്ന പണം ദേശദ്രോഹ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടോയെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷിക്കുന്നുണ്ട്.
ഇന്റലിജൻസ് ബ്യൂറോയിൽ നിന്നും ലഭിച്ച സൂചനയെത്തുടർന്നാണ് വ്യാജ ദിർഹത്തട്ടിപ്പിന്റെ അന്വേഷണം ബംഗളൂരുവിലേക്ക് നീളുന്നത്. കണ്ണൂർ പോലീസ് റജിസ്റ്റർ ചെയ്ത വ്യാജ പാസ്പോർട്ട് കേസ്സിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടയാളാണ് റിമാന്റിലുള്ള ഫാറൂഖ് ഷെയ്ഖ്. സംഘാംഗങ്ങൾ വ്യാജ ആധാർ കാർഡുപയോഗിച്ചാണ് പലയിടങ്ങളിലും താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. വ്യാജ പാസ്പോർട്ട്, വ്യാജ ആധാർ കാർഡ് എന്നിവ സംഘടിപ്പിച്ചതിന് പിന്നിൽ ഇവർക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം ഇന്റലിജൻസ് ബ്യൂറോ പരിശോധിക്കുന്നുണ്ട്.