പുറമ്പോക്കിൽ താമസിച്ച നിർധന കുടുംബത്തിന്റെ ഷെഡ് വില്ലേജധികൃതർ പൊളിച്ചു മാറ്റി

കാഞ്ഞങ്ങാട്: പുറമ്പോക്കിൽ താമസിച്ചിരുന്ന കുടുംബത്തിന്റെ കുടിൽ വില്ലേജ് ഒാഫീസർ മുന്നറിയിപ്പില്ലാതെ പൊളിച്ചു മാറ്റി. രാവണീശ്വരം കുന്നുപാറയിൽ പുറമ്പോക്കിൽ താമസിച്ചിരുന്ന വിജയൻ, ഭാര്യ കെ. പുഷ്പലത എന്നിവരടങ്ങുന്ന കുടുംബമാണ് ചിത്താരി വില്ലേജ് ഒാഫീസറുടെ നടപടി മൂലം വഴിയാധാരമായത്.

വർഷങ്ങളോളമായി കുന്നുപാറയിൽ താമസിച്ചിരുന്ന കുടുംബം പുറമ്പോക്കിലെ 11 സെന്റ് ഭൂമിയിലാണ് കുടിൽ കെട്ടി താമസിച്ചിരുന്നത്. താമസ സ്ഥലത്ത് ഇവർ ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു. തിങ്കളാഴ്ച പുഷ്പലതയും, ഭർത്താവും വീട്ടിലില്ലാത്ത സമയത്ത് സ്ഥലത്തെത്തിയ ചിത്താരി വില്ലേജ് ഒാഫീസർ  മുൻകൂർ നോട്ടീസ് പോലും നൽകാതെ തങ്ങളുടെ ഷെഡ് പൊളിച്ചു മാറ്റിയെന്നാണ് പുഷ്പ ആരോപിക്കുന്നത്. സർക്കാരിൽ നിന്നും അനുവദിച്ച 10 സെന്റ് മിച്ച ഭൂമിയിലാണ് പുഷ്പയും കുടുംബവും നേരത്തെ  താമസിച്ചിരുന്നത്.

കടബാധ്യത മൂലം ഇവർക്ക് സ്ഥലം വിൽക്കേണ്ടി വന്നു. പതിച്ചു കിട്ടിയ 10 സെന്റ് ഭൂമിക്ക് സമീപത്തെ 11 സെന്റോളം വരുന്ന സ്ഥലത്ത് ഇവർ ഫലവൃക്ഷങ്ങൾ നട്ടു വളർത്തിയിരുന്നു. ഇതേ സ്ഥലത്താണ് ഇവരുടെ കിണർ സ്ഥിതി ചെയ്യുന്നത്. ഭൂമി കയ്യേറ്റമാരോപിച്ച് പുഷ്പലതയെ ഇറക്കിവിട്ടതോടെ ഇവർ വാടക വീട്ടിലാണ് താമസിക്കുന്നത്. ശാരീരികാസ്വാസ്ഥ്യം മൂലം കൃത്യമായി ജോലിക്ക് പോകാൻ പോലും പറ്റാത്ത ഭർത്താവുമായി ഇറക്കിവിടപ്പെട്ട പുഷ്പലത മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള ആശങ്കയിലാണ്.

LatestDaily

Read Previous

റോഡിലെ അഴുക്ക് വെള്ളത്തിൽ പുഴുവരിക്കുന്നു

Read Next

മടിക്കൈ ഫലകം തകർക്കാൻ പ്രേരണ: പാർട്ടി അംഗത്തിന് താക്കീത്