വ്യാജ ഡോളർ തട്ടിപ്പു പ്രതികളെ കേന്ദ്ര ഇന്റലിജൻസ് ചോദ്യം ചെയ്തു

തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെ വ്യാജ ദിർഹത്തട്ടിപ്പിലെ പ്രതികളെ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇന്റലിജൻസ് ബ്യൂറോ ചന്തേര പോലീസ് സ്റ്റേഷനിൽ 5 മണിക്കൂറോളം ചോദ്യം ചെയ്തു. കേസ്സിലെ പ്രധാന പ്രതിയായ ബംഗ്ലാദേശ് സ്വദേശിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് മൂന്നംഗ  ഐബി സംഘം   പ്രതികളെ ചോദ്യം ചെയ്തത്.

തൃക്കരിപ്പൂരിലെ വ്യാജ യുഏഇ ദിർഹത്തട്ടിപ്പിൽ റിമാന്റിലായ ജാർഖണ്ഡ് ഹസാരിബാദ് സ്വദേശി  ഫാറൂഖ് ഷെയ്ഖ് 44, ഗുജറാത്ത് അഹമ്മദാബാദിലെ ജുവൽ അലിയെന്ന ഡോളർ സിക്ദർ 33, എന്നിവരെ കോടതി ചന്തേര പോലീസിന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്തിരുന്നു. ഓഗസ്ത് 18  ശനിയാഴ്ച വരെയാണ് ഇരുവരെയും കേസ്സിന്റെ തുടരന്വേഷണത്തിനായി പോലീസ്  കസ്റ്റഡിയിൽ വിട്ടു കൊടുത്തത്.കണ്ണൂർ ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വ്യാജ പാസ്പോർട്ട് കേസ്സിൽ ബംഗ്ലാദേശ്  സ്വദേശിയായ ഫാറൂഖ് ഷെയ്ഖ് പ്രതിയാണ്. ബംഗ്ലാദേശ് സ്വദേശിയായ ഇദ്ദേഹം ഇന്ത്യൻ പൗരത്വമെടുത്താണ് ഇന്ത്യയിൽ കഴിയുന്നത്.

ഫാറൂഖ് ഷെയ്ഖിന് വ്യാജ പാസ്പോർട്ട്, വ്യാജ ആധാർ കാർഡ് എന്നിവ നിർമ്മിച്ചു നൽകിയതിന് പിന്നിൽ ആരാണെന്നും ഇന്റലിജൻസ് ബ്യൂറോ പരിശോധിക്കുന്നുണ്ട്. തട്ടിപ്പ് നടത്തി സമ്പാദിക്കുന്ന പണം സംഘം തീവ്രവാദ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്നുണ്ടോയെന്നാണ് ഇന്റലിജൻസ് വിഭാഗം പരിശോധിക്കുന്നത്. ഇന്നലെ 5-30 മണിയോടെയാണ് ഐബി ഉദ്യോഗസ്ഥർ ചന്തേര പോലീസ് സ്റ്റേഷനിലെത്തി ദിർഹത്തട്ടിപ്പ് കേസ്സ് പ്രതികളെ ചോദ്യം ചെയ്തത്.  5 മണിക്കൂറോളം നീണ്ടു നിന്ന  ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ ഐബി ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.

കണ്ണൂർ സിറ്റി, ടൗൺ, വയനാട് കമ്പളക്കാട്, പെരുമ്പാവൂർ, കായംകുളം, മംഗളൂരു, കാസർകോട് വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധികളിലായി പ്രതികൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ട്. ചെറുവത്തൂർ കാടങ്കോട്ടെ ഓട്ടോ ഡ്രൈവർ പി. അബ്ദുൾ ഹനീഫയിൽ നിന്ന് 5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് തട്ടിപ്പിന്റെ സൂത്രധാരനായ ഫാറൂഖ് ഷെയ്ഖ് അടക്കം ചന്തേര പോലീസിന്റെ പിടിയിലായത്.

ഓഗസ്ത് 4-നാണ് ഹനീഫയുടെ കൈയ്യിൽ നിന്നും സംഘം 5 ലക്ഷം തട്ടിയെടുത്തത്. 8 ലക്ഷത്തിന്റെ യുഏഇ ദിർഹം 5 ലക്ഷത്തിന് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.തൃക്കരിപ്പൂർ സെന്റ് പോൾസ് യുപി സ്കൂളിന് സമീപത്താണ് തട്ടിപ്പുസംഘം കടലാസ്പൊതിയടങ്ങിയ സഞ്ചി നൽകി ഹനീഫയിൽ നിന്നും 5 ലക്ഷം രൂപ പിടിച്ചുപറിച്ച് ഓടി രക്ഷപ്പെട്ടത്. ചന്തേര എസ്ഐ, എം.വി. ശ്രീദാസിന്റെ നേതൃത്വത്തിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.

അന്തർ സംസ്ഥാനബന്ധമുള്ള തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് ചന്തേര പോലീസ് പിടികൂടിയ ഫാറൂഖ് ഷെയ്ഖ്. ഫാറൂഖ് പിടിയിലായതോടെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംസ്്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 7 പരാതികളാണ് ഇവർക്കെതിരെ ലഭിച്ചിട്ടുള്ളത്. വിവിധ ജില്ലകളിൽ നിന്നായി സംഘം 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം. തൃക്കരിപ്പൂരിൽ നിന്ന് തട്ടിയെടുത്ത പണം പ്രതികൾ നാട്ടിലേക്കയച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. തട്ടിപ്പ് വഴി നേടിയെടുത്ത പണമുപയോഗിച്ച് ഫാറൂഖ് ഷെയ്ഖ് അടങ്ങുന്ന അഞ്ചംഗസംഘം മംഗളൂരുവിൽ ആഢംബര പാർട്ടി നടത്തിയതായും വ്യക്തമായി. പാർട്ടി നടത്തിയ ചെലവ് കഴിഞ്ഞ് ബാക്കി വന്ന തുകയാണ് പ്രതികൾ നാട്ടിലേക്കയച്ചത്.

LatestDaily

Read Previous

മടിക്കൈ, മുഖ്യമന്ത്രിയോടല്ല, പ്രതിഷേധം മുൻ മന്ത്രിയോട്

Read Next

ഹോട്ടൽ അടപ്പിക്കാനെത്തിയ ബേക്കൽ എസ്ഐയെ ഉടമകൾ മർദ്ദിച്ചു, ഹോട്ടലുടമ അറസ്റ്റിൽ