പുറത്താക്കപ്പെട്ട മുൻ കൗൺസിലറെ ലീഗ് പരിപാടിയിൽ പങ്കെടുപ്പിച്ചതിൽ വിവാദം

കാഞ്ഞങ്ങാട്: മുസ്ലീം ലീഗിൽ നിന്നും പുറത്താക്കപ്പെട്ട കാഞ്ഞങ്ങാട് മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ടായിരുന്ന ടി. റംസാനെ ലീഗ് പരിപാടിയിൽ ക്ഷണിച്ചു വരുത്തിയതിൽ ലീഗണികളിൽ മുറുമുറുപ്പ്. ഇക്കഴിഞ്ഞ ദിവസം അതിഞ്ഞാൽ ശാഖ മുസ്ലീം ലീഗ് സംഘടിപ്പിച്ച പരേതനായ മുഹമ്മദ് കുഞ്ഞി മാസ്റ്ററ്റു ടെ പേരിലുള്ള ഉപഹാര സമർപ്പണ വേളയിലാണ് നാടകീയ രംഗമുണ്ടായത്..

മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ പേരിലുള്ള പുരസ്ക്കാരം ചന്ദ്രിക ലേഖകൻ കമാൽ വരദൂറിന് സമർപ്പിക്കുവാൻ ദേശീയ സിക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ കാഞ്ഞങ്ങാട് എം.ബി.എം ‘ഹൗസിലെത്തിയിരുന്നു. ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് ടി.റംസാൻ ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറിനെ കാണാനെത്തുന്നത് . അതു വരെ സദസ്സിലുണ്ടായിരുന്ന റംസാനെ മുസ്ലീം ലീഗ് സംസ്ഥാന കൗൺസിലർ ബഷീർ വെള്ളിക്കോത്ത് കൈമാടി വിളിച്ചു വരുത്തി ഇ ടി. മുഹമ്മദ് ബഷീറിന് പരിചയപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിൽ നിലാങ്കര വാർഡ് 18 ൽ മൽസരിച്ച ലീഗ് സ്ഥാനാർത്ഥി ടി.അബ്ദുൾ അസീസിനെ പരാജയപ്പെടുത്തുവാൻ ശ്രമിച്ചതിന് റംസാനെ കീഴ്ഘടകങ്ങളുടെ ശിപാർശ പ്രകാരം ലീഗ് സംസ്ഥാന നേതൃത്യം പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ആ സമയം തന്നെ മലയോരത്ത് ഒരു ലീഗ് സ്ഥാനാർത്ഥി യെ പരാജയപ്പെടുത്തുവാനും റംസാൻ ശ്രമിച്ചതായി തെളിവുമുണ്ടായിരുന്നു. തന്റെ കുടുബത്തിലെ ചിലരുടെ വോട്ടുകൾ മറിച്ചു ചെയ്യാൻ കാഞ്ഞങ്ങാട്ടെ ഒരു വക്കീലിനോടൊപ്പം പോയത് വിവാദമായിരുന്നു.ആറ് വോട്ടുകൾക്കാണ് അവിടെ ലീഗ് സ്ഥാനാർത്ഥി പരാജയപ്പെട്ടത്.

പുറത്താക്കപ്പെട്ട ടി. റംസാൻ നേതാക്കളെ സ്വാധീനിച്ച് വീണ്ടും ലീഗിനകത്ത് കയറിപ്പറ്റാൻ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കാഞ്ഞങ്ങാട്ടെ ചില ലീഗ് നേതാക്കൾ ശ്രമം നടത്തി വരികയാണ്. ഇതിനെതിരെ ലീഗ് പ്രവർത്തകർ സോഷ്യൽ മീഡിയകളിൽ കടുത്ത പ്രതിഷേധമറിയിച്ചിട്ടുണ്ട്. ലീഗ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുന്നവർക്ക് മുൻഗണനയും ലീഗിനു വേണ്ടി പ്രവർത്തിക്കുന്നവർക്ക് നിരാശയും നൽകുന്ന പ്രവണത ശരിയല്ലെന്നാണ് പ്രവർത്തകരുടെ വികാരം.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് കവർച്ചാ സംഘം പിടിമുറുക്കി

Read Next

മടിക്കൈ, മുഖ്യമന്ത്രിയോടല്ല, പ്രതിഷേധം മുൻ മന്ത്രിയോട്