പി. കെ. നിഷാന്തിനെ ബാലസംഘം ജില്ലാ കൺവീനറാക്കിയതിൽ പ്രതിഷേധം

കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കാഞ്ഞങ്ങാട്ടെ പി.കെ. നിഷാന്തിനെ ബാലസംഘം ജില്ലാ കൺവീനറായി അവരോധിച്ച നടപടി ജില്ലയിൽ  സിപിഎമ്മിലും ഡിവൈഎഫ്ഐയിലും കടുത്ത പ്രതിഷേധമുയർത്തി. ബാലസംഘത്തിന് വേണ്ടി ദീർഘകാലം പ്രവർത്തിച്ചവരെ പാടെ തഴഞ്ഞുകൊണ്ടാണ് നിഷാന്തിനെ ഇപ്പോൾ ജില്ലാ കൺവീനറാക്കി നിയമിച്ചത്.

നിഷാന്ത് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ടായതിന് ശേഷം ജില്ലയിൽ കാര്യമായ പ്രവർത്തനങ്ങളൊന്നും നടത്താൻ ജില്ലാ പ്രസിഡണ്ടിന് കഴിഞ്ഞിട്ടില്ല. ജില്ലാശുപത്രിയിൽ നിന്ന് ഗർഭിണികളെയും മുഴുവൻ രോഗികളെയും മാറ്റുകയും  കൊറോണയ്ക്ക് മാത്രമായുള്ള ആശുപത്രിയാക്കി മാറ്റിയപ്പോൾ, ജില്ലാ ആശുപത്രിയിൽ നിന്ന് പുറന്തള്ളപ്പെട്ട രോഗികൾക്ക്  വേണ്ടി ചെറുവിരലനക്കാൻ ഡിവൈഎഫ്ഐക്ക് കഴിയാതിരുന്നത് ഈ യുവജന സംഘടനയുടെ  പ്രവർത്തകരിൽ അന്ന് മുറുമുറുപ്പുണ്ടാക്കിയിരുന്നു. 

കോവിഡിന് മുമ്പ് കാഞ്ഞങ്ങാട്ട് രണ്ട് ഫുട്ബോൾ മത്സരങ്ങൾ ടിക്കറ്റ് വെച്ച് സംഘടിപ്പിച്ച ബ്ലോക്ക് ഡിവൈഎഫ്ഐ പിന്നീട് കോവിഡ് കാലത്ത് ജനകീയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. കോവിഡിൽ നാടും നഗരവും ഭയന്നുവിറച്ചപ്പോൾ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് വീട്ടിലിരുന്ന് കാൻവാസിൽ ചിത്രങ്ങൾ വരയ്ക്കുകയായിരുന്നു.

ഡിവൈഎഫ്ഐയിൽ  40 വയസ്സെന്ന പ്രായപരിധി കഴിഞ്ഞിട്ടും സംഘടനയിൽ തുടരുന്ന നിഷാന്ത്‌ രണ്ട് വർഷം മുമ്പ് മാറേണ്ടതായിരുന്നു. കോവിഡ്  കാരണം സമ്മേളനം നടക്കാതെ പോയതിനാലാണ് ഇപ്പോഴും  ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് പദവിയിലുള്ളത്. കാഞ്ഞങ്ങാട് നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിഷാന്ത് നെല്ലിക്കാട്ടും, ആവിക്കര കൊവ്വലിലും , കുറുന്തൂറിലും, ഒടുവിൽ  ഹോസ്ദുർഗ്ഗ് കടപ്പുറത്തും   ശ്രമം നടത്തിയെങ്കിലും  ബൂത്ത്‌ കമ്മിറ്റികളെല്ലാം ശക്തമായ എതിർപ്പുയർത്തിയതിനാൽ സ്വയം  പിന്മാറുകയായിരുന്നു. 

വർഷങ്ങളായി ജില്ലയിൽ  ബാലസംഘത്തിൽ പ്രവർത്തിക്കുന്ന നിരവധി പേരെ അവഗണിച്ച് ബാലസംഘത്തിൽ പ്രവർത്തിച്ച് യാതൊരു വിധ മുൻപരിചയവുമില്ലാത്ത പി. കെ. നിഷാന്തിനെ സംഘടനയുടെ കൺവീനറാക്കിയതിൽ ബാലസംഘം ജില്ലാ കമ്മിറ്റിയിലെയും, ഏരിയ കമ്മിറ്റിയിലെയും യുവാക്കൾ കടുത്ത പ്രതിഷേധത്തിലാണ്.

LatestDaily

Read Previous

ശസ്ത്രക്രിയാ കൈപ്പിഴ: ഡോക്ടർമാർക്ക് എതിരെ 60 ലക്ഷം രൂപ നഷ്ടപരിഹാരക്കേസ്സ്

Read Next

സാമ്പത്തിക ക്രമക്കേട് ജില്ലയിലെ സഹ. ബാങ്കുകളിൽ പാർട്ടി ഇടപെടും