വ്യാജ ദിർഹത്തട്ടിപ്പിന് പിന്നിൽ അങ്കമാലി സംഘം

തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെ വ്യാജ ദിർഹത്തട്ടിപ്പിൽ ചന്തേര പോലീസ് അറസ്റ്റ് ചെയ്ത ഗുജറാത്ത് സ്വദേശിയെക്കൂടി കോടതി റിമാന്റ് ചെയ്തതോടെ തട്ടിപ്പ് കേസ്സിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. കേസ്സിലെ പ്രധാന പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശിക്ക് വേണ്ടി പോലീസ് തെരച്ചിൽ ശക്തമാക്കി. ബംഗ്ലാദേശ് സ്വദേശിയായ ഫാറൂഖ് ഷെയ്ഖിന്റെ നേതൃത്വത്തിൽ എറണാകുളം അങ്കമാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തട്ടിപ്പ് റാക്കറ്റാണ് ചെറുവത്തൂർ കാടങ്കോട് നെല്ലിക്കാലിലെ ഒാട്ടോ ഡ്രൈവർ അബ്ദുൾ ഹനീഫയിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുത്തത്.

8 ലക്ഷം മൂല്യമുള്ള ദിർഹം 5 ലക്ഷം രൂപയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. വ്യാജ ദിർഹത്തട്ടിപ്പിൽ ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ ജുവൽ അലിയെന്ന ഡോളർ സിക്ദറെയാണ് 33, ചന്തേര അഡീഷണൽ എസ്ഐ, സതീശൻ വാഴുന്നോറൊടി, സീനിയർ സിവിൽ പോലീസ് ഒാഫീസർമാരായ പ്രദീപ് മുഴക്കോം, ഷൈജു വെള്ളൂർ എന്നിവരടങ്ങുന്ന സംഘം ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ നിന്നും പിടികൂടിയത്.

തട്ടിപ്പിന്റെ സൂത്രധാരനായ ജാർഖണ്ഡ് ഹസാരിബാദിലെ ഫാറൂഖ് ഷെയ്ഖിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ ജാർഖണ്ഡ് സ്വദേശി ഫാറൂഖ് ഷെയിഖിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് തട്ടിപ്പിൽ പങ്കാളികളായ മറ്റ് രണ്ട് പേരുടെ വിവരങ്ങൾ കൂടി പോലീസിന് ലഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സംഘങ്ങൾ പ്രവർത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ചന്തേര പോലീസിന്റെ പിടിയിലായ സംഘം നിർമ്മാണ തൊഴിലാളികളെന്ന വ്യാജേന പയ്യന്നൂർ പെരുമ്പയ്ക്ക് സമീപം കോറോം റോഡിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. തട്ടിപ്പ് നടന്ന് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ കേസ്സിലുൾപ്പെട്ട 2 പേരെ അന്വേഷണ സംഘത്തിന് പിടികൂടാനായി. ജില്ലാ പോലീസ് മേധാവി പി. ബി. രാജീവിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ: വി. ബാലകൃഷ്ണൻ, ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണൻ, എസ്ഐ, എം. വി. ശ്രീദാസ് മുതലായവരടങ്ങുന്ന അന്വേഷണ സംഘമാണ് ശാസ്ത്രീയ രീതിയിലുള്ള അന്വേഷണത്തിലൂടെ വൻ തട്ടിപ്പ് സംഘത്തിലെ കണ്ണികളെ പിടികൂടിയത്.

വ്യാജ ദിർഹത്തട്ടിപ്പിലെ പ്രതികൾ അറസ്റ്റിലായതോടെ കൂടുതൽ പേർ പരാതിയുമായി ചന്തേര പോലീസ് സ്റ്റേഷനിലെത്തി. കാസർകോട് വിദ്യാനഗർ സ്വദേശിയിൽ നിന്നും 7 ലക്ഷം രൂപയും, കണ്ണൂർ മുനീശ്വരൻ കോവിലിന് സമീപം താമസിക്കുന്നയാളിൽ നിന്നും 3 ലക്ഷം രൂപയും തട്ടിയെടുത്തത് ഫാറൂഖ് ഷെയ്ഖും സംഘവുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തട്ടിപ്പിനിരയായ പലരും നാണക്കേട് ഭയന്ന് പോലീസിൽ പരാതി കൊടുത്തിട്ടില്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാടകയ്ക്ക് താമസിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘം വ്യാജ ആധാർ കാർഡുകളുണ്ടാക്കിയാണ് കെട്ടിട ഉടമകളിൽ നിന്ന് മുറി വാടകയ്ക്കെടുത്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ ഗുജറാത്ത് സ്വദേശി പുതപ്പ് വിൽപ്പനക്കാരനെന്ന വ്യാജേനയാണ് പയ്യന്നൂർ തായിനേരിയിൽ വാടകയ്ക്ക് താമസിച്ചിരുന്നത്.

LatestDaily

Read Previous

പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Read Next

ശസ്ത്രക്രിയാ കൈപ്പിഴ: ഡോക്ടർമാർക്ക് എതിരെ 60 ലക്ഷം രൂപ നഷ്ടപരിഹാരക്കേസ്സ്