കുഞ്ഞിനെ ഉറക്കി യുവഭർതൃമതി തൂങ്ങി മരിച്ചു

ബേക്കൽ: ഒമ്പതു  മാസം പ്രായമായ കുഞ്ഞിനെ ഉറക്കിക്കിടത്തി  യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു. പെരിയ കല്ല്യോട്ട് ആറാട്ട് കടവിലെ മഹേഷിന്റെ ഭാര്യ അനുവാണ് 23, കല്ല്യോട്ടെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ചത്. കോട്ടയം സ്വദേശിനിയായ അനുവിനെ ഒരു വർഷം മുമ്പാണ് മഹേഷ് വിവാഹം കഴിച്ച് കല്ല്യോട്ടെ വീട്ടിലേക്ക് കൊണ്ടു വന്നത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കും 12.45 മണിക്കുമിടയിലാണ് യുവതിയുടെ മരണം. കിടപ്പ് മുറിയിൽ കെട്ടി ത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയിലായിരുന്നു. പെൺകുഞ്ഞിനെ ഉറക്കിക്കിടത്തിയാണ് അനു ഈ കടുംകൈ ചെയ്തത്. വിവരമറിഞ്ഞെത്തിയ ബേക്കൽ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി.

ഏതോ മാനസിക വിഷമം മൂലം അനു ആത്മഹത്യ ചെയ്തതായാണ് പോലീസ് എഫ്ഐആർ.  അനു ജീവനൊടുക്കിയ  കേസ്സിൽ വിശദമായ അന്വേഷണം നടത്തും. അനുവിന്റെയും മഹേഷിന്റെയും പ്രണയ വിവാഹമായിരുന്നു. കോട്ടയം സ്വദേശിനിയായ അനു, മംഗളൂരുവിൽ പഠിക്കുമ്പോൾ മഹേഷുമായി പ്രണയത്തിലായി വിവാഹം കഴിക്കുകയായിരുന്നു.

മഹേഷുമായുള്ള വിവാഹത്തിന് അനുവിന്റെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നതിനാൽ, വിവാഹത്തിന് ശേഷം യുവതിയുമായി ബന്ധുക്കൾ നല്ല ബന്ധത്തിലായിരുന്നില്ല. ഒരു വർഷത്തിലേറെയായി അനു മഹേഷിന്റെ വീട്ടിലായിരുന്നു. ഇതിനിടയിൽ ഇവർക്ക് പെൺകുഞ്ഞ് പിറന്നു. കല്ല്യോട്ട്  കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനാണ് മഹേഷ്. കഴിഞ്ഞ ഒാണത്തിന് തലേദിവസം കല്ല്യോട്ടുണ്ടായ സിപിഎം–കോൺഗ്രസ്സ് സംഘർഷത്തിനിടെ മദ്യപിച്ച് കാർ ഒാടിച്ച മഹേഷിനെ ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഭർതൃ പീഡനത്തെതുടർന്നാണോ യുവതി മരണപ്പെട്ടതെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. ബേക്കൽ പോലീസ് ഇൻസ്പെക്ടർ, യു. പി.  വിപിന്റെ നേതൃത്വത്തിലാണ് അന്വേഷണം. യുവതി ആത്മഹത്യ ചെയ്ത മഹേഷിന്റെ കിടപ്പ് മുറി ഇന്നലെത്തന്നെ പോലീസ് സീൽ ചെയ്ത് ബന്തവസ്സിലാക്കി.

അനുവിന്റെ മരണകാരണത്തിലേക്ക് വിരൽ ചൂണ്ടുന്ന  ആത്മഹത്യാ കുറിപ്പുൾപ്പെടെ മറ്റെന്തെങ്കിലും കണ്ടെത്തുന്നതിന് വേണ്ടി കിടപ്പു മുറി പോലീസ് സീൽ ചെയ്യുകയായിരുന്നു. പ്രാഥമികാന്വേഷണത്തിൽ ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ആത്മഹത്യയ്ക്കിടയാക്കിയ പ്രേരണയെക്കുറിച്ചാണ്  പോലീസ് അന്വേഷണം. അനുവിന്റെ മരണവിവരമറിഞ്ഞ് കോട്ടയത്ത് നിന്നും യാത്ര തിരിച്ചിട്ടുള്ള ബന്ധുക്കൾ ഇന്ന് കാഞ്ഞങ്ങാട്ടെത്തിയ ശേഷം തഹസിൽദാർ ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും.

LatestDaily

Read Previous

സഹോദരന്മാരെ പാർട്ടി സസ്പെൻറ് ചെയ്തു

Read Next

വി.വി. രമേശന്റെ ഭൂസ്വത്ത് വിജിലൻസ് തെളിവുകൾ ശേഖരിച്ചു