സഫിയാ ഫാത്തിമ കേസിൽ ചാറ്റിങ്ങിലേർപ്പെട്ട അധ്യാപകനെതിരെ തെളിവു ലഭിച്ചു

കാഞ്ഞങ്ങാട്: കെട്ടിത്തൂങ്ങി ജീവിതമവസാനിപ്പിച്ച  എട്ടാം  തരം വിദ്യാർത്ഥിനി മേൽപ്പറമ്പിലെ സയ്യിദ് മൻസൂർ തങ്ങളുടെ മകൾ സഫിയ ഫാത്തിമയുമായി 13, ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം  സ്കൂളിലെ അധ്യാപകൻ പാതിരാവരെ  നവമാധ്യമങ്ങൾ ഉപയോഗിച്ച് ചാറ്റിംഗിലേർപ്പെട്ട സുപ്രധാന വിവരങ്ങൾ പോലീസിന് ലഭിച്ചു. പതിമൂന്നുകാരിയോട് 26 കാരനായ അധ്യാപകൻ പ്രണയ സല്ലാപം നടത്തിയ ഒട്ടേറെ സന്ദേശങ്ങൾ പെൺകുട്ടിയുടെ മാതാവിന്റെ മൊബൈൽ ഫോണിൽ നിന്നും അന്വേഷണ സംഘം ശേഖരിച്ചു.

അധ്യാപകൻ സഫിയക്കയച്ച എല്ലാ സന്ദേശങ്ങളും കണ്ടെത്തുന്നതിന് പെൺകുട്ടി ഉപയോഗിച്ച മാതാവിന്റെ സെൽഫോൺ സൈബർ സെല്ലിന്റെ വിദഗ്ധ അന്വേഷണത്തിനയച്ചു. നിരവധി തവണ അധ്യാപകൻ പെൺകുട്ടിയുമായി ചാറ്റിംഗിലേർപ്പെട്ടതിന്റെ നിർണ്ണായക തെളിവുകൾ കണ്ടുകിട്ടി.   പല ദിവസങ്ങളിലും ചാറ്റിംഗ് മണിക്കൂറുകളോളം നീണ്ട് നിൽക്കുകയും ചെയ്തു.  രാത്രി 12 മണി കഴിഞ്ഞ ശേഷവും അധ്യാപകൻ പെൺകുട്ടിയുമായി നടത്തിയ ചാറ്റിംഗിനെ സംബന്ധിച്ച് പ്രാഥമികാന്വേഷണത്തിൽ തന്നെ വെളിവാക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് വീട്ടിനകത്ത് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസം മുമ്പെ അധ്യാപകൻ പെൺകുട്ടിയുമായി ഫോണിൽ ചാറ്റിംഗ് നടത്തുന്നത് വീട്ടുകാർ കണ്ടുപിടിക്കുകയും, കുട്ടിയെ ഇതിൽ നിന്നും പിന്തിരിപ്പിക്കാനും ശ്രമിച്ചിരുന്നു. ഓൺലൈൻ ക്ലാസ്സിൽ പഠിക്കുന്നതിനപ്പുറം ഫോൺ ഉപയോഗിക്കുന്നതിൽ വീട്ടുകാർ കുട്ടിക്ക് നിയന്ത്രണമേർപ്പെടുത്തി.  മെസഞ്ചർ  മാധ്യമം വഴി ചാറ്റിംഗ് നടത്തുന്നത് വീട്ടുകാർ കണ്ടുപിടിച്ചതോടെ വീട്ടുകാർക്ക് തിരിച്ചറിയാൻ കഴിയാത്ത ആപ്ലിക്കേഷൻ  വഴിയാണ്  പിന്നീട്  അധ്യാപകൻ പെൺകുട്ടിയുമായി ചാറ്റിംഗ് നടത്തിയത്.

പെൺകുട്ടിയെ കാണാൻ ഒരു തവണ മോട്ടോർ ബൈക്കിൽ അധ്യാപകൻ കുട്ടിയുടെ മേൽപ്പറമ്പിലുള്ള വീടിന് സമീപമെത്തിയിരുന്നു. പെൺകുട്ടിയെ  അധ്യാപകൻ പ്രണയക്കുരുക്കിലാക്കി  ശല്യം ചെയ്യുകയാണെന്ന് മാതാപിതാക്കൾ സ്കൂളിലെത്തി പ്രിൻസിപ്പാളിനോട് നേരിട്ട് പരാതി പറഞ്ഞിരുന്നു. അധ്യാപകനെ ഉപദേശിക്കാമെന്ന് പ്രിൻസിപ്പാൾ വീട്ടുകാർക്ക് ഉറപ്പു നൽകിയെങ്കിലും,സഫിയയെ  അധ്യാപകൻ പിന്നീടും പിന്തുടരുകയായിരുന്നു. കോവിഡ് കാലത്ത് പൂർണ്ണ സ്വാതന്ത്ര്യത്തോടെ മക്കൾക്ക് ഓൺലൈൻ ക്ലാസ്സുകൾക്ക് മൊബൈൽ ഫോൺ നൽകുന്ന രക്ഷിതാക്കളിൽ, അധ്യാപകന്റെ ഓൺലൈൻ പ്രണയക്കെസഫിയ 13 കാരി ആത്മഹത്യ ചെയ്ത സംഭവം  വലിയ ഞെട്ടലും ഭീതിയുമുണ്ടാക്കി.

പെൺകുട്ടിയുടെ  ആത്മഹത്യയ്ക്ക് കാരണക്കാരനായ അധ്യാപകനെതിരെ പഴുതടച്ചുള്ള തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് മേൽപ്പറമ്പ്  പോലീസ്.   അധ്യാപകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. ആരോപണ വിധേയന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് തെളിവെടുപ്പിന് വിധേയമാക്കും. അധ്യാപകനെ അറസ്റ്റ് ചെയ്യാൻ മുറവിളി ഉയരുകയും പോലീസിനുമേൽ സമ്മർദ്ദമേറിയിട്ടുമുണ്ടെങ്കിലും, പ്രതിയെ പഴുതടച്ചുള്ള നടപടികൾ പൂർത്തിയാക്കി മാത്രമേ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയുള്ളു.

LatestDaily

Read Previous

കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്റിന് നഗരസഭ നൽകുന്ന വാർഷിക പലിശ 13 ലക്ഷം

Read Next

പി. കരുണാകരൻ പ്രസിഡന്റായ നീലേശ്വരം എജ്യുക്കേഷൻ സൊസൈറ്റിയും മണ്ണിൽ