ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മേൽപ്പറമ്പ: പതിമൂന്നുകാരി വീട്ടിനകത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിക്ക് ഓൺലെൻ ക്ലാസ്സ് നൽകിയിരുന്ന അധ്യാപകനെ പോലീസ് ചോദ്യം ചെയ്യും. മേൽപ്പറമ്പ ടൗണിന് സമീപം താമസിക്കുന്ന സയ്യിദ് മൻസൂർ തങ്ങളുടെ മകൾ സഫിയ ഫാത്തിമ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയ കേസ്സിലാണ് കുട്ടിയുടെ അധ്യാപകനെ പോലീസ് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
ഇന്നലെ രാവിലെയാണ് വീട്ടിനകത്ത് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ ഇന്ന് കുട്ടിയുടെ അടുത്ത ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കും. പെൺകുട്ടിയുമായി അധ്യാപകൻ നിരന്തരം ഓൺലൈൻ ചാറ്റിംഗ് നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ പോലീസിന് സൂചന ലഭിച്ചു.
അധ്യാപകനുമായി വാട്സാപ്പിൽ നിരന്തരം സമ്പർക്കത്തിലേർപ്പെടുന്നത് കണ്ട പെൺകുട്ടിയുടെ രക്ഷിതാക്കൾ ശാസിക്കുകയും, അധ്യാപകനുമായി ചാറ്റിംഗ് പാടില്ലെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു. മാതാവിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിനിടയിൽ പെൺകുട്ടിയെ, അധ്യാപകൻ വീണ്ടും ചാറ്റിംഗിന് നിർബ്ബന്ധിച്ചതായാണ് പോലീസിന് ലഭിച്ച സൂചന. പെൺകുട്ടി മൊബൈൽ ചാറ്റിംഗ് നടത്തുന്നത് ആവർത്തിക്കുന്നത് കണ്ട് വീട്ടുകാർ സഫിയയെ ശാസിച്ചിരുന്നു.
സഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസിന്റെ ഭാഗത്ത് നിന്നും നടപടികളുണ്ടാവും. കുട്ടി ഓൺലൈൻ ക്ലാസ്സിന് ഉപയോഗിച്ചിരുന്ന മാതാവിന്റേയും, ആരോപണ വിധേയനായ അധ്യാപകന്റെ മൊബൈൽ ഫോണുകളടക്കം പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തും.
അധ്യാപകനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യാനാണ് തീരുമാനം. സ്കൂൾ അധികൃതരിൽ നിന്നും അന്വേഷണ സംഘം തെളിവെടുക്കും. ഗൾഫിലായിരുന്ന സഫിയയുടെ പിതാവ് സയ്യിദ് മൻസുർ തങ്ങൾ ആറ് മാസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. സഫിയയുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി.