വ്യാജ ദിർഹത്തട്ടിപ്പ്: ജാർഖണ്ഡ് സ്വദേശി പിടിയിൽ

തൃക്കരിപ്പൂർ:  ദിർഹം നൽകാമെന്ന് വിശ്വസിപ്പിച്ച് ചെറുവത്തൂർ കാടങ്കോട് സ്വദേശിയിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ മൂന്നംഗ സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ. കാഞ്ഞങ്ങാട് ഡിവൈഎസ്പി, ഡോ: വി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ക്രൈംസ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ജാർഖണ്ഡ് സ്വദേശിയായ യുവാവ് എറണാകുളം പെരുമ്പാവൂരിൽ പിടിയിലായത്. കാടങ്കോട്ടെ ഒാട്ടോ ഡ്രൈവറായ അബ്ദുൾഹനീഫയെയാണ് 31, ഇതര സംസ്ഥാനക്കാരായ മൂന്നംഗ സംഘം വഞ്ചിച്ചത്.

ദിർഹം മാറ്റി ഇന്ത്യൻ രൂപയാക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായെത്തിയ മൂന്നംഗ സംഘം ആഗസ്റ്റ് 4 നാണ് ഹനീഫയിൽ നിന്ന് 5 ലക്ഷം രൂപ തട്ടിയെടുത്തത്. 8 ലക്ഷം മൂല്യമുള്ള ദിർഹം 5 ലക്ഷം രൂപയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ചാണ് സംഘം  ഹനീഫയുമായി ഇടപാടിലേർപ്പെട്ടത്. കടം വാങ്ങിയും ഭാര്യയുടെ സ്വർണ്ണം പണയം വെച്ചും 5  ലക്ഷം രൂപ സംഘടിപ്പിച്ച് തൃക്കരിപ്പൂരിലെത്തിയ ഹനീഫയ്ക്ക് കടലാസുകെട്ടുകളടങ്ങിയ സഞ്ചി നൽകിയ ശേഷം 5 ലക്ഷം തട്ടിപ്പറിച്ച് ഒാടുകയായിരുന്നു.

സഞ്ചി തുറന്ന് നോക്കിയപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ട വിവരം ഹനീഫ അറിയുന്നത്. തുടർന്ന് ഇദ്ദേഹം ചന്തേര പോലീസിൽ പരാതി നൽകി. പോലീസ് കേസ്സ് റജിസ്റ്റർ ചെയ്ത് 4 ദിവസത്തിനുള്ളിൽ തന്നെ കേസ്സിലെ പ്രധാന പ്രതി അറസ്റ്റിലായി. പയ്യന്നൂർ പെരുമ്പയിൽ താമസിച്ച് നിർമ്മാണ തൊഴിലെടുക്കുന്ന ജാർഖണ്ഡ് സ്വദേശി ഫാറൂഖ് ഷെയ്ഖിനെയാണ് 33, അന്വേഷണ സംഘം സമർത്ഥമായി കുടുക്കിയത്.

കേസ്സിലെ മറ്റ് പ്രതികളായ ബീഹാർ, പശ്ചിമബംഗാൾ സ്വദേശികൾ സ്വന്തം  നാട്ടിലേക്ക് മുങ്ങിയിട്ടുണ്ട്. ഇവർക്കായി അന്വേഷണ സംഘം തെരച്ചിലാരംഭിച്ചു. ഹനീഫയുടെ ഫോണിലേക്ക് വിളിച്ചയാളുടെ നമ്പർ പരിശോധിച്ചതിലൂടെ  തട്ടിപ്പ് സംഘം അന്യസംസ്ഥാനക്കാരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തട്ടിപ്പുകാരുടെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. തട്ടിയെടുത്ത പണത്തിൽ നിന്നും ഒരു വിഹിതം ഫാറൂഖ് ഷെയ്ഖ് നാട്ടിലേക്കയച്ച തായി അന്വേഷണ സംഘം കണ്ടെത്തി.

കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ  സംഘത്തിൽ ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണൻ, ചന്തേര എസ്ഐ, എം. വി. ശ്രീദാസ്, ക്രൈം സ്ക്വാഡ് ഉദ്യോഗസ്ഥനായ അബൂബക്കർ കല്ലായി മുതലായ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

മടിക്കൈയിൽ ബേബി ഗ്രൂപ്പ് പിടിമുറുക്കി

Read Next

പെൺകുട്ടിയുടെ ആത്മഹത്യ അധ്യാപകനെ ചോദ്യം ചെയ്യും