ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുൻ എംഎൽഏ, പി. രാഘവൻ പ്രസിഡണ്ടായ കാസർകോട് എജുക്കേഷണൽ സഹകരണ സംഘത്തിലാണ് സാമ്പത്തിക തിരിമറി
കാഞ്ഞങ്ങാട്: മുന്നാട് പീപ്പിൾസ് കോളേജിൽ 4.10 കോടി രൂപയുടെ വൻ സാമ്പത്തിക തിരിമറി. സിപിഎം നേതാവും മുൻ ഉദുമ എംഎൽഏയുമായ മുന്നാട്ടെ പി. രാഘവൻ പ്രസിഡന്റായ കാസർകോട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണൽ സഹകരണ സംഘത്തിലാണ് 4.10 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടന്നത്. 1983-ൽ സഹകരണ നിയമത്തിൻ കീഴിൽ പി. രാഘവൻ രജിസ്റ്റർ ചെയ്ത് പ്രവർത്തമാരംഭിച്ച ഈ സഹകരണ സംഘത്തിന് കീഴിലാണ് മുന്നാട് പീപ്പിൾസ് ആർട്സ് ആന്റ് സയൻസ് കോളേജും, പീപ്പിൾസ് ആർട്സ് കോളേജ് കെട്ടിടങ്ങളും പ്രവർത്തിക്കുന്നത്.
ആർട്സ് ആന്റ് സയൻസ് കോളേജിന് പുറമെ മുന്നാട് എംബിഏ കോളേജും കാസർകോട്ടെ ഇന്ദിരാ നഗറിലും, ബദിയടുക്കയിലും ഇതേ സംഘത്തിന് കീഴിൽ തന്നെ മറ്റു രണ്ട് കോളേജുകളും പ്രവർത്തിക്കുന്നുണ്ട്. ഈ സഹകരണ സംഘത്തിന്റെ ആസ്ഥാനം കുറ്റിക്കോൽ പഞ്ചായത്തിലെ മുന്നാടാണ്. 1688 വിദ്യാർത്ഥികൾ പഠിച്ചു വരുന്ന മുന്നാട് പീപ്പിൾസ് കോളേജ് ഭരണ സമിതി കാസർകോട് ജില്ലയിലെ നിരവധി സഹകരണ സ്ഥാപനങ്ങളിൽ നിന്നും സഹകരണ ബാങ്കുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്.
2017-18 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ഈ സഹകരണ സംഘത്തിന്റെ ഓഹരി മൂലധനം 4.10 കോടി രൂപയായിരുന്നു. ഇതിൽ 1.59 കോടി രൂപ സർക്കാർ ഓഹരി മൂലധനമാണ്. 2017-18 വർഷം ഈ സഹകരണ സംഘത്തിന്റെ ഓഡിറ്റ് പൂർത്തിയായപ്പോൾ, 8.74 കോടി രൂപ പരിപൂർണ്ണ നഷ്ടത്തിലാണ് സൊസൈറ്റിയും മുന്നാട് പീപ്പിൾസ് കോളേജും എത്തി നിൽക്കുന്നത്. പി. രാഘവൻ, മുന്നാട് സ്വദേശി എം. അനന്തൻ, മുളിയാറിലെ പാത്തനടുക്കം ബാലകൃഷ്ണൻ, കാസർകോട് ബാറിലെ അഡ്വ. കെ. കുമാരൻനായർ, മാലക്കല്ലിലെ ഡോ. സി. കെ. ലൂക്കോസ്, ഉദുമ ബാര വെടിക്കുന്നിലെ ടി.പി. അശോക് കുമാർ, കാസർകോട് ചെട്ടുംകുഴിയിലെ ഏ.എം. അബ്ദുൾ ഖാദർ, കുറ്റിക്കോൽ മൂലിയക്കാൽ വീട്ടിൽ എൻ.ടി. ലക്ഷ്മി, ബേഡഡുക്ക ഇടപ്പണി വീട്ടിൽ എം. ലതിക, മുന്നാട് കിഴക്കേവീട്ടിൽ കെ. പ്രസന്ന, ബേഡഡുക്ക അമ്പിലാടി വീട്ടിൽ കെ. രാമചന്ദ്രൻ, ബേഡഡുക്ക തലേക്കുന്ന് വീട്ടിൽ എം. വിനോദ്കുമാർ, കാഞ്ഞങ്ങാട് അതിയാമ്പൂര് കെ.വി. സജിത് എന്നിവരടക്കം 13 ഭരണ സമിതി അംഗങ്ങളുള്ള സഹകരണ സംഘത്തെയാണ് ഭരണ സമിതിയും പ്രസിഡന്റും ഏതാണ്ട് 99 ശതമാനവും തകർത്തു തരിപ്പണമാക്കിയത്.
മുന്നാട് പീപ്പിൾസ് കോളേജ് കെട്ടിടത്തിന് പുറമെ എംബിഏ കോളേജിന് വേണ്ടി കെട്ടിടം പണി ആരംഭിക്കാൻ ടെണ്ടർ നൽകിയ ഇടപാടിൽ രണ്ടു കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ട്. 2009-ൽ ആരംഭിച്ച എംബിഏ കോളേജ് കെട്ടിടം പണി 2021 ആയിട്ടും പൂർത്തിയാക്കിയില്ലെന്ന് മാത്രമല്ല, കെട്ടിടം പണി ഏറ്റെടുത്ത രേഖകളിലുള്ള കരാറുകാരൻ അജിത്കുമാർ സിതാര, കാലിക്കറ്റ് എന്നയാൾ 2.5 കോടി രൂപയോളം കൈപ്പറ്റി മുങ്ങിയെങ്കിലും, ഈ കരാറുകാരന്റെ പേരിൽ നിയമ നടപടികൾ സ്വീകരിക്കാൻ സംഘം ഭരണ സമിതി നാളിതുവരെ മുന്നോട്ടു വരാത്തത് കള്ളൻ കപ്പലിൽ തന്നെയാണെന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിച്ചിട്ടുണ്ട്.
കോവിഡ് കാലമായതിനാൽ കഴിഞ്ഞ ഒന്നര വർഷക്കാലമായി മുന്നാട് പീപ്പിൾസ് കോളേജ് പൂട്ടിക്കിടക്കുകയാണ്. കോളേജ് ഇത്രയും കാലം നടത്തിക്കൊണ്ടു പോയ സഹകരണ സംഘത്തിന്റെ പ്രസിഡന്റും, സിപിഎം നേതാവും, മുൻ ഉദുമ എംഎൽഏയുമായ പി. രാഘവൻ, അദ്ദേഹത്തിന്റെ മകൻ അജിത്കുമാർ എന്നിവരുടെ സ്വന്തം അക്കൗണ്ടുകളിലേക്കും ഈ സഹകരണ സംഘത്തിന്റെ ലക്ഷങ്ങൾ വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.