പ്രതിപക്ഷത്തിന്റെ ഓപ്പൺ സ്റ്റേഡിയ ആവശ്യം സിപിഎമ്മും ബിജെപിയും കൈകോർത്ത് പരാജയപ്പെടുത്തി

കായികപ്രേമികളുടെ ചിരകാല സ്വപ്നം കുഴിച്ചു മൂടി ∙ പ്രതിപക്ഷം സർക്കാരിന് വിയോജനക്കുറിപ്പയക്കും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ സിപിഎമ്മടക്കമുള്ള ഭരണപക്ഷവും ബിജെപിയും ഒത്തു ചേർന്ന് പ്രതിപക്ഷത്തിന്റെ ഓപ്പൺ സ്റ്റേഡിയമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി.  കാഞ്ഞങ്ങാട്ട് ഓപ്പൺ സ്റ്റേഡിയമെന്ന കായികപ്രേമികളുടെ ചിരകാല സ്വപ്നം ഇതോടെ കുഴിച്ചു മൂടപ്പെട്ടു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിന് മുന്നിലെത്തിയത്  രണ്ട് പ്രധാന അജണ്ടകളാണ്. ഒന്ന്, അലാമിപ്പള്ളി പുതിയ ബസ്്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിലെ െകട്ടിട മുറികൾക്ക് ഏർപ്പെടുത്തിയ ഭീമമായ ഡിപ്പോസിറ്റ് തുക വെട്ടിക്കുറക്കുന്നതിന് നഗരസഭയുടെ നിയമത്തിലെ ഭേദഗതിയും , മറ്റൊന്ന് ഇൻഡോർ സ്റ്റേഡിയ നിർമ്മാണവുമായിരുന്നു.

നഗരസഭാ കൗൺസി ലിന്റെ അനുമതിയില്ലാതെ ഒരു വർഷം മുമ്പ് അലാമിപ്പള്ളി പുതിയ ബസ്്സ്റ്റാന്റിന് പടിഞ്ഞാറ് അനധികൃതമായി നിർമ്മാണമാരംഭിച്ച ഇൻഡോർ സ്റ്റേഡിയത്തിന് അനുമതി തരപ്പെടുത്തുന്നതിന് അവതരിപ്പിച്ച അജണ്ട മുസ്ലീംലീഗിന്റെ പതിനൊന്ന് അംഗങ്ങളും കോൺഗ്രസ്സിന്റെ ഏക അംഗവും എതിർത്തു. ഇൻഡോർ സ്റ്റേഡിയ നിർമ്മാണത്തെ അംഗീകരിക്കാനാവില്ലെന്നും,  ഓപ്പൺ സ്റ്റേഡിയം കാഞ്ഞങ്ങാട് അനിവാര്യമാണെന്നും പ്രതിപക്ഷം ആവർത്തിച്ചതോടെ പരസ്യ വോട്ടെടുപ്പാകാമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത് ചെയർപേഴ്സൺ കെ. വി. സുജാതയാണ്.

തുടർന്ന് നടന്ന വോട്ടെടുപ്പിൽ 12-നെതിരെ 30 വോട്ടുകൾക്ക് ഇൻഡോർ സ്റ്റേഡിയ നിർമ്മാണത്തിനുള്ള അനുമതി അംഗീകരിച്ചതായി കൗൺസിൽ യോഗം തീരുമാനിച്ചു. കൗൺസിൽ യോഗ തീരുമാനം കായിക പ്രേമികളുടെ നെഞ്ചിനേറ്റ അടിയാണെന്ന് പ്രതിപക്ഷ പാർലിമെന്ററി പാർട്ടി ലീഡർ കെ. കെ. ജാഫർ പറഞ്ഞു. സിപിഎമ്മും ബിജെപിയും ചേർന്ന് ഇനി ഒരിക്കലും അലാമിപ്പള്ളിയിൽ ഓപ്പൺ സ്റ്റേഡിയം സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഓപ്പൺ സ്റ്റേഡിയത്തെ തള്ളി ഇൻഡോർ സ്റ്റേഡിയ നിർമ്മാണത്തെ സിപിഎം- ഐഎൻഎൽ, സിപിഐ, ജനതാദൾ അംഗങ്ങളടങ്ങിയ  എൽഡിഎഫ് മുന്നണിക്കൊപ്പം നിലയുറപ്പിച്ച് ബിജെപിയുടെ ആറ് അംഗങ്ങളും അനുകൂലിച്ചു. ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് നൽകുന്ന അനുമതിക്കെതിരെ 12 പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് കൈ പൊക്കി എതിർത്തപ്പോൾ, സിപിഎം ഉൾപ്പടെയുള്ള ഭരണപക്ഷത്തോടൊപ്പം ചേർന്ന് ആറ് ബിജെപി അംഗങ്ങളും എഴുന്നേറ്റ് നിന്ന് ഇൻഡോർ സ്റ്റേഡിയ നിർമ്മാണത്തെ അനുകൂലിച്ച് കൈ പൊക്കിയത് ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തമായി മാറി.

ഭൂമാഫിയകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി ഇൻഡോർ സ്റ്റേഡിയ അനുമതിയിൽ രാഷ്ട്രീയ ശത്രുത മറന്ന് സിപിഎമ്മും ബിജെപിയും യോജിച്ച തായി പ്രതിപക്ഷം ആരോപിച്ചു. ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് കൗൺസിൽ അംഗീകാരം ലഭിച്ചുവെങ്കിലും ഇത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. ഒരു വർഷം മുമ്പ് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ച ഇൻഡോർ സ്റ്റേഡിയ നിർമ്മാണത്തിന് അംഗീകാരം നൽകിയ കൗൺസിൽ യോഗ തീരുമാനത്തിനെതിരെ വിയോജനക്കുറിപ്പുമായി സർക്കാരിനെ സമീപിക്കാനാണ് പ്രതിപക്ഷ തീരുമാനം.

LatestDaily

Read Previous

പീഡനക്കേസ്സിലെ പരാതിക്കാരി പ്രതിക്കൊപ്പം വീടുവിട്ടു

Read Next

കാഞ്ഞങ്ങാട്ട് യുവതിയെയും മകളെയും കാണാതായി