ഖമറുദ്ദീെൻറയും, ഏജിസി ബഷീറിെൻറയും ആർട് സ് കോളേജിൽ ശമ്പളമില്ല, ടാസ്ക് കോളേജ് അധ്യാപകർ സമരത്തിന്

തൃക്കരിപ്പൂർ: ലീഗ് നേതാക്കളായ ഏ. ജി. സി. ബഷീർ, എം. സി. ഖമറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ ആർട്സ് ആന്റ് സയൻസ് കോളേജിലെ അധ്യാപകർ സമരമുഖത്തേക്ക്. മാസങ്ങളോളമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്നാണ് അധ്യാപകർ സമരത്തിനിറങ്ങിയത്. അടുത്ത മാസം ബിരുദ പരീക്ഷകൾ നടക്കാനിരിക്കെയാണ് സമരം.

പതിനേഴ് അധ്യാപകരാണ് തൃക്കരിപ്പൂർ ആർട്സ് ആന്റ്  സയൻസ് കോളേജെന്ന ടാസ്ക്ക് കോളേജിൽ ജോലി ചെയ്യുന്നത്. 70 വിദ്യാർത്ഥികളാണ് ഇവിടെ ഡിഗ്രി കോഴ്സിന് പഠിക്കുന്നത്. ഒരു വർഷത്തോളമായി ഇവിടുത്തെ അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നില്ല. തൃക്കരിപ്പൂർ കാരോളത്ത് പ്രവർത്തിക്കുന്ന ടാസ്ക്ക് കോളേജിന് സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ, തൃക്കരിപ്പൂർ ജെംസ് സ്കൂൾ വിലയ്ക്കെടുക്കാൻ ശ്രമിച്ചിരുന്നു.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിലെ പ്രതികളായ ടി. കെ. പൂക്കോയയും, ടാസ്ക്ക് കോളേജിന്റെ അന്നത്തെ ചെയർമാനുമായിരുന്ന എം. സി. ഖമറുദ്ദീനും തമ്മിലാണ് കച്ചവടമുറപ്പിച്ചത്. വഖഫ് സ്വത്തായ ജെംസ് സ്കൂളും, ഭൂമിയും ചുളുവിലയ്ക്ക് തട്ടിയെടുക്കാനുള്ള ശ്രമത്തിനെതിരെ വഖഫ് ബോർഡിൽ പരാതി ലഭിച്ചതോടെയാണ് ജെംസ് സ്കൂൾ വിൽപ്പന നടക്കാതായത്.

ഇത് സംബന്ധിച്ചുള്ള  കേസ്സ് വഖഫ് ബോർഡിന്റെ പരിഗണനയിലാണ്.  സ്വന്തമായി കെട്ടിടമില്ലാത്തതിന്റെ പേരിൽ സർവ്വകലാശാല അഫിലിയേഷൻ നഷ്ടമാകുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് ജെംസ് സ്കൂൾ വിലയ്ക്കെടുക്കാൻ ടാസ്ക്ക് കോളേജധികൃതർ ശ്രമിച്ചത്. വഖഫ് ഭൂമി വിൽപ്പന വിവാദത്തിൽ എം. സി. ഖമറുദ്ദീൻ കോളേജ് ചെയർമാൻ  സ്ഥാനമൊഴിഞ്ഞിരുന്നു. വലിയപറമ്പ് പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം. ടി. പി. അബ്ദുൾ ജബ്ബാറാണ് ടാസ്ക്ക് കോളേജിന്റെ നിലവിലത്തെ ചെയർമാൻ.

തൃക്കരിപ്പൂർ  എജ്യൂക്കേഷണൽ ആന്റ് കൾച്ചറൽ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്. എം. സി. ഖമറുദ്ദീനടക്കമുള്ളവർ വിദേശത്തു നിന്നു പോലും പണം പിരിച്ചെടുത്താണ് കോളേജ് പ്രവർത്തനമാരംഭിച്ചത്. കാഞ്ഞങ്ങാട്ടെ അന്തരിച്ച പ്രമുഖ ലീഗ് നേതാവിൽ നിന്നടക്കം ട്രസ്റ്റ് സംഭാവന വാങ്ങിയിരുന്നു. കോവിഡിനെത്തുടർന്ന് ക്ലാസ്സുകളില്ലാതായതിനാൽ, വിദ്യാർത്ഥികൾ ഫീസ് കൊടുക്കാത്തതാണ് നിലവിലത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ടാസ്ക്ക് കോളേജ് ചെയർമാൻ  എം. ടി. പി. അബ്ദുൾ ജബ്ബാർ പറഞ്ഞു.

LatestDaily

Read Previous

വ്യാജ ദിർഹത്തട്ടിപ്പ് പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചു

Read Next

മോട്ടോർ ബൈക്കിൽ പൂഴി കടത്തൽ വ്യാപകം; നടപടിയുമായി പോലീസ്