ചെറുവത്തൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

ചെറുവത്തൂർ: ദേശീയ പാതയിൽ ചെറുവത്തൂർ ഞാണങ്കൈ വളവിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ലോറിയുമിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.10-നാണ് ഞാണങ്കൈയിൽ വാഹനാപകടമുണ്ടായത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂരിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് പോയ കെ.എൽ.15 ഏ 1252 നമ്പർ കെ.എസ്ആർടിസി ബസും , മധ്യപ്രദേശിൽ നിന്നും കൊച്ചി ഭാഗത്തേക്ക് ചരക്കുമായി പോകുകയായിരുന്ന എം ബി 09 എച്ച് ജി 3011 നമ്പർ ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ക്യാബിനകത്ത് കുടുങ്ങിയ ലോറി ഡ്രൈവർ മധ്യപ്രദേശ് സ്വദേശി ടി.രാജേഷിനെ  52, തൃക്കരിപ്പൂർ അഗ്നിരക്ഷാനിലയത്തിലെ സ്റേഷൻ ഓഫീസർ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്പെടുത്തിയത്. ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ലോറി ക്ലീനർമാരായ സുഖദേവ് പി.കെ. 39, പി.പി. രാധു 38, എന്നിവർക്കും പരിക്കേറ്റു. അപകടത്തിൽ നിസാരപരിക്കേറ്റവരെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കി. വിവരമറിഞ്ഞ് ചന്തേര പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അപകടത്തിൽ പരിക്കേറ്റ കുഞ്ഞമ്പു കോറോം 54, ഫ്രാൻസിസ് പെരിയ 52, അനിൽകുമാർ പിണറായി  52, ടോമി ആലക്കോട് എന്നിവർ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ചന്ദ്രദാസ് പറശ്ശിനിക്കടവ് 39, സബിത കാലിക്കടവ് 42, മൂസ ദേലമ്പാടി 70, ഉമ്മർ മലപ്പുറം എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു.

LatestDaily

Read Previous

മയക്കുമരുന്ന് കച്ചവടത്തിനിടെ പിടിയിലായത് ആറങ്ങാടി സംഘം

Read Next

മാല കവർന്ന സംഘം പിടിയിൽ