കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി പ്രദേശം

രാജപുരം:  കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് കള്ളാർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ നാട്ടുകാർ. വലിയകടവ്, ചെറിയ കടവ് പ്രദേശത്തെ നാട്ടുകാരാണ് കുരങ്ങുകളുടെ ഉപദ്രവം മൂലം വലഞ്ഞത്. കേരകർഷകരാണ് കുരങ്ങ് ശല്യത്തിൽ കൂടുതൽ വലഞ്ഞത്. ഇളനീർ പാകത്തിലെത്തിയ തേങ്ങകൾ പൊളിച്ച് ഭക്ഷിച്ച ശേഷം തൊണ്ടുകൾ കിണറുകളിൽ നിക്ഷേപിക്കാറാണ് പതിവ്.

മിക്ക തെങ്ങുകളിലും ഒന്ന് പോലും ബാക്കി വെക്കാതെ തേങ്ങകൾ പിഴുതെടുത്ത് നശിപ്പിക്കുന്നു. പറമ്പിലെ വാഴക്കുല, പപ്പായ, എന്നിവയും കുരങ്ങുകൾ ഭക്ഷിക്കുകയും, ഒന്നുപോലും ബാക്കിവെക്കാതെ നശിപ്പിക്കുകയും ചെയ്യും. കുരുമുളക് വള്ളികൾ വലിച്ച് താഴെയിട്ട് നശിപ്പിക്കും. കൂട്ടത്തോടെയെത്തുന്ന കുരങ്ങുകൾ ആക്രമിക്കുമെന്ന ഭയത്താൽ ഇവയെ ഒാടിച്ച് വിടാനും സാധിക്കുന്നില്ല.

നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി അന്വേഷണം നടത്തി. നൂറിലേറെ കുരങ്ങ് കൂട്ടങ്ങളെങ്കിലും ഈ പ്രദേശങ്ങളിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുരങ്ങുകളുടെ ഉപദ്രവം മൂലം കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാവുന്നത്.

Read Previous

സ്റ്റീൽ ബോംബ്: അമ്പതോളം പേരുടെ മൊഴിയെടുത്തു

Read Next

മയക്കുമരുന്ന് കച്ചവടത്തിനിടെ പിടിയിലായത് ആറങ്ങാടി സംഘം