കാഞ്ഞങ്ങാട്: നഗരത്തിലെ ട്രാഫിക് കുരുക്കിന് പരിഹാരമാകാത്തത് മൂലം വാഹന യാത്രക്കാർ വലഞ്ഞു. സർവ്വീസ് റോഡുകൾ പൂർണ്ണമായും കൈയ്യേറിയതോടെ കാഞ്ഞങ്ങാട് നഗരത്തിന്റെ പല ഭാഗങ്ങളിലും വാഹന ഗതാഗതം സ്തംഭിക്കുന്നത് പതിവ് കാഴ്ചയായി.
ഗതാഗതക്കുരുക്കിൽ നഗരം വീർപ്പ് മുട്ടുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് ബന്ധപ്പെട്ടവർ. അത്യാഹിതത്തിൽപ്പെട്ട രോഗികളുമായുള്ള ആംബുലൻസുകൾ നഗരത്തിലെ ട്രാഫിക് കുരുക്കിൽ കുടുങ്ങിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. ട്രാഫിക് ഡ്യൂട്ടിയിലുള്ള വിരലിലെണ്ണാവുന്ന ഹോംഗാർഡുകൾക്ക് മാത്രം ട്രാഫിക് നിയന്ത്രണ ചുമതല നൽകി മറ്റുള്ളവർ കൈകഴുകുകയാണ്. നിരന്തരം പരാതികൾ ഉയരുമ്പോഴും നഗരസഭയ്ക്കും മിണ്ടാട്ടമില്ല.