ലീഗ് രാഷ്ട്രീയ വൈരാഗ്യം കാണിക്കുന്നു ഐഎൻഎൽ വനിതാ കൗൺസിലർ

കാഞ്ഞങ്ങാട്:  പുഞ്ചാവിയിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ കുത്തിവെപ്പിനിടെ ലീഗ് കൗൺസിലർമാർ തനിക്കെതിരെ നടത്തിയ പ്രതിഷേധം ആസൂത്രിതമെന്ന് കാഞ്ഞങ്ങാട് നഗരസഭാ 35–ാം വാർഡ് കൗൺസിലർ ഫൗസിയ ഷെരീഫ്. ലീഗ് ശക്തി കേന്ദ്രത്തിൽ നിന്ന്  താൻ വിജയിച്ചത് മുതൽ ലീഗ് പ്രവർത്തകരും നേതാക്കളും തനിക്കെതിരെ നടത്തുന്ന ദുഷ്പ്രചരണങ്ങളുടെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് പുഞ്ചാവിയിൽ നടന്നതെന്നും അവർ പറഞ്ഞു.

പുഞ്ചാവി നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ  ഒാൺലൈൻ, സ്പോട്ട് റജിസ്ട്രേഷനുകൾ വഴി കുത്തിവെപ്പിനെത്തിയവർക്കെല്ലാം വാക്സിനേഷൻ നടത്തിയ ശേഷം ആരോഗ്യ പ്രവർത്തകർ ഉപകരണങ്ങൾ പായ്ക്ക് ചെയ്യുന്നതിനിടെ സ്ഥലത്തെത്തിയ 40–ാം വാർഡ് കൗൺസിലർ സുബൈദയും, 37– ാം വാർഡ് കൗൺസിലർ അഷ്റഫും ബഹളമുണ്ടാക്കുകയായിരുന്നു. 35– ാം വാർഡിന് പുറത്തുള്ള ലീഗ് പ്രവർത്തകരെയും കൂട്ടിയെത്തിയാണ് കൗൺസിലർമാർ ബഹളമുണ്ടാക്കിയത്.

വാക്സിനേഷൻ കേന്ദ്രത്തിന് സമീപം ചുറ്റിക്കറങ്ങി നിന്ന കൗൺസിലർമാരും സംഘവും വാക്സിനേഷൻ പൂർത്തിയാക്കിയതിന് പിന്നാലെ കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് ഫൗസിയ ഷെരീഫ് ആരോപിച്ചു. തനിക്ക് നേരെ നിരന്തരം നവമാധ്യമങ്ങൾ വഴി നടക്കുന്ന ദുഷ്പ്രചരണങ്ങൾ രാഷ്ട്രീയ വൈരാഗ്യം  മൂലമാണെന്ന് ഇവർ ആരോപിച്ചു. തനിക്ക് നേരെ നിരന്തരം നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെയും പുഞ്ചാവിയിൽ നടന്ന സംഭവത്തിലും പോലീസിൽ പരാതി കൊടുത്തതായി ഫൗസിയ പറഞ്ഞു.

റജിസ്റ്റർ ചെയ്യാതെ വാക്സിനേഷനെത്തിയ പെൺകുട്ടി ഹെൽത്ത് ഇൻസ്പെക്ടറെ ചീത്ത വിളിച്ച് പോയ സംഭവത്തെ പർവ്വതീകരിച്ച് വാക്സിനേഷന് വന്നവരെ തിരിച്ചയച്ചുവെന്ന പ്രചാരണമുണ്ടായെന്നും ഇവർ പറഞ്ഞു. 27, 28 വാർഡുകളിലെ 240 പേർക്കാണ് പുഞ്ചാവി നഗര ആരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ നൽകിയതെന്നും സ്വന്തം വാർഡിനകത്ത് നടക്കുന്ന പരിപാടിയായതിനാൽ മാത്രമാണ് താൻ സ്ഥലത്തെത്തിയതെന്നും ഫൗസിയ പറഞ്ഞു. ലീഗിന്റെ ശക്തി കേന്ദ്രമായിരുന്ന 35– ാം വാർഡിൽ നിന്നാണ് ഇടതു സ്ഥാനാർത്ഥിയായ ഐഎൻഎല്ലിലെ ഫൗസിയ  ഷെരീഫ് തെരഞ്ഞെടുക്കപ്പെട്ടത്.

LatestDaily

Read Previous

സിപിഎമ്മിന്റെ ആശുപത്രി സ്വപ്നത്തിന് ചിറക്

Read Next

ട്രാഫിക് കുരുക്കിന് പരിഹാരമില്ല