ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പന്ത്രണ്ട് വർഷം മുമ്പ് പണം പിരിച്ച് എങ്ങുമെത്താതിരുന്ന സ്വകാര്യാശുപത്രി സ്വപ്നം
വീണ്ടും പൊടി തട്ടിയെടുത്തത് വി. വി. രമേശനും പി. അപ്പുക്കുട്ടനും
കാഞ്ഞങ്ങാട്: പന്ത്രണ്ട് വർഷം മുമ്പ് വി. എസ്. സർക്കാരിന്റെ കാലത്ത് സഹകരണ നിയമത്തിൻ കീഴിൽ രജിസ്റ്റർ ചെയ്യുകയും, പലരിൽ നിന്നും പണം പിരിക്കുകയും ചെയ്ത സ്വകാര്യാശുപത്രി സ്വപ്നം മുൻ നഗരസഭാ ചെയർമാൻ വി. വി. രമേശൻ വീണ്ടും പൊടി തട്ടിയെടുത്തു. 2008-ലാണ് സഹകരണ മേഖലയിൽ കാഞ്ഞങ്ങാട്ട് ആശുപത്രി ആരംഭിക്കാൻ വി. വി. രമേശൻ സ്വന്തം പേരിൽ ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്തത്.
അന്ന് കാഞ്ഞങ്ങാട്ടെ സമ്പന്നരിൽ പലരിൽ നിന്നും പത്തായിരം മുതൽ 25,000 രൂപ വരെയുള്ള തുക ആശുപത്രി സ്ഥാപിക്കാൻ പിരിച്ചെടുത്തിരുന്നു. പിന്നീട് ഈ ആശുപത്രി നീണ്ട 12 വർഷങ്ങൾ കടലാസിൽ ഉറങ്ങിക്കിടന്നു. വി. എസ്. സർക്കാർ 5 വർഷവും, പിന്നീട് പിണറായി സർക്കാർ 5 വർഷവും ഭരണത്തിലുണ്ടായിരുന്നിട്ടും, വി. വി. രമേശൻ 5 വർഷക്കാലം കാഞ്ഞങ്ങാട് നഗരസഭ ചെയർമാനായിരുന്നപ്പോഴും, കടലാസിലൊതുങ്ങി പൊടി പിടിച്ചു കിടന്ന കാഞ്ഞങ്ങാട് സഹകരണ ആശുപത്രിക്ക് വീണ്ടും ജീവൻ വെച്ചത് ഇന്നലെ കോട്ടച്ചേരി ലയൺസ് ഹാളിൽ രമേശന്റെ നേതൃത്വത്തിൽ വിളിച്ചു കൂട്ടിയ ആശുപത്രി പ്രഖ്യാപന യോഗത്തോടുകൂടിയാണ്.
കാഞ്ഞങ്ങാട് സഹകരണ ആശുപത്രി ആരംഭിക്കാൻ ഒരു കോടി രൂപ പൊതുജനങ്ങളിൽ നിന്ന് വീണ്ടും പിരിച്ചെടുക്കാൻ ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു. പാർട്ടി ജില്ലാക്കമ്മിറ്റിയംഗം പി. അപ്പുക്കുട്ടൻ യോഗത്തിൽ ആധ്യക്ഷം വഹിച്ചു. നഗരസഭ അധ്യക്ഷ കെ. വി. സുജാത യോഗം ഉദ്ഘാടനം ചെയ്തു. 12 വർഷം മുമ്പ് സഹകരണ ആശുപത്രിക്ക് പത്തായിരം രൂപ ഷെയർ നൽകിയ കാഞ്ഞങ്ങാട്ടെ കോൺട്രാക്ടർ എം. ശ്രീകണ്ഠൻ നായരടക്കം നാൽപ്പതു പേർ യോഗത്തിൽ സംബന്ധിച്ചു.
സിപിഎം കാഞ്ഞങ്ങാട് ഏരിയാക്കമ്മിറ്റിയിലുൾപ്പെട്ട പലരും സഹകരണാശുപത്രി യോഗത്തിൽ സംബന്ധിച്ചുവെങ്കിലും, മുതിർന്ന സിപിഎം നേതാവും പാർട്ടി ജില്ലാക്കമ്മിറ്റിയംഗവുമായ അടോട്ടെ എം. പൊക്ളനെ യോഗത്തിൽ നിന്ന് അകറ്റി നിർത്തിയത് ഒരു വിഭാഗം സിപിഎം പ്രവർത്തകരിൽ കടുത്ത പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട്ട് സിപിഎമ്മിന്റെ സ്വപ്നത്തിലുള്ള സഹകരണ ആശുപത്രി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാക്കാനാണ് ലക്ഷ്യമെന്ന് യോഗത്തിൽ സംസാരിച്ച വി. വി. രമേശൻ താൽപ്പര്യം പ്രകടിപ്പിച്ചു.
ആരംഭത്തിൽ കാഞ്ഞങ്ങാട്ടെ രണ്ട് സ്വകാര്യാശുപത്രികൾ വാടകയ്ക്ക് ഏറ്റെടുക്കാനാണ് ലക്ഷ്യമെന്ന് ഈ സഹകരണ ആശുപത്രിയുമായുള്ള വൃത്തങ്ങൾ ലേറ്റസ്റ്റിനോട് പറഞ്ഞു. ജോളി ബേക്കറിയുടമ കെ. ആർ. ബൽരാജ്, റോട്ടറി മുൻ ഗവർണ്ണർ എം. കെ. വിനോദ്കുമാർ, േവണു നായർ കോടോത്ത്, ഡോ. ഷിംജി നായർ, സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സനാതന കോളേജ് പ്രിൻസിപ്പൽ മനോജ് കോടോത്ത് പ്രൊജക്ട് അവതരിപ്പിച്ചു.