ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: തീരദേശ പരിപാലന നിയമം ലംഘിച്ച് വലിയപറമ്പ് പഞ്ചായത്തിൽ നിർമ്മിച്ച അനധികൃത റിസോർട്ടുകളിൽ വിജിലൻസ് പരിശോധന. വലിയ പറമ്പ് പാലത്തിന്റെ തെക്കൻ മേഖലയിൽ നിർമ്മിച്ച അനധികൃത റിസോർട്ടുകളിലാണ് കാസർകോട് വിജിലൻസ് ഡിവൈഎസ്പി, കെ. വി. വേണുഗോപാലനും സംഘവും പരിശോധന നടത്തിയത്. വലിയ പറമ്പ് പാലത്തിന്റെ തെക്കൻ ഭാഗങ്ങളിലെ വീതി കുറഞ്ഞ കടലോരത്ത് തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച റിസോർട്ടുകളെക്കുറിച്ച് പരാതി ലഭിച്ചതിനെത്തുടർന്നാണ് ഇന്നലെ വിജിലൻസ് പരിശോധന നടന്നത്.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിർമ്മിച്ച റിസോർട്ടുകൾ പൊളിച്ചു നീക്കണമെന്ന് കേരള പഞ്ചയത്ത് ആക്ട് 135 ഡബ്ള്യൂ വകുപ്പ് പ്രകാരം കഴിഞ്ഞ വർഷം വലിയ പറമ്പ് പഞ്ചായത്ത് ഉത്തരവ് നൽകിയിരുന്നു. പഞ്ചായത്ത് ഉത്തരവ് കിട്ടിയിട്ടും റിസോർട്ടുകൾ പൊളിച്ചു നീക്കിയില്ലെന്ന് മാത്രമല്ല, നിർമ്മാണം തുടരുകയും ചെയ്തു. ഇതോടെയാണ് നാട്ടുകാർ വിജിലൻസിൽ പരാതി കൊടുത്തത്.
ഇന്നലെ നടന്ന പരിശോധനയിൽ വലിയ പറമ്പ് പഞ്ചായത്ത് ഉദ്യോഗസ്ഥരും പങ്കാളികളായിരുന്നു. അനധികൃത റിസോർട്ട് മാഫിയയ്ക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സഹായമുണ്ടോയെന്നും വിജിലൻസ് പരിശോധിക്കും. വലിയ പറമ്പ് പഞ്ചായത്തിലെ അനധികൃത റിസോർട്ട് നിർമ്മാണത്തിന് ഇടത് നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി ഒത്താശ ചെയ്യുന്നുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം, യുഡിഎഫ് ഭരണസമിതി പഞ്ചായത്ത് ഭരിക്കുമ്പോഴും വലിയ പറമ്പ് പഞ്ചായത്തിൽ അനധികൃത റിസോർട്ടുകളുടെ നിർമ്മാണം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.