ഹണി ട്രാപ്പിൽ മുസ്ല്യാരും ഇടനിലക്കാരനും അറസ്റ്റിൽ

കാഞ്ഞങ്ങാട്: എറണാകുളം വ്യവസായിയെ പെൺകെണിയിൽ കുടുക്കി പണം തട്ടിയ കേസ്സിൽ മുസ്ലിയാരും, കെണി ഒരുക്കിയ ഇടനിലക്കാരനും അറസ്റ്റിൽ. ഹണി ട്രാപ്പ് കേസ്സിൽ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ ആറായി. കുമ്പള കോയിപ്പാടി കടപ്പുറത്തെ അബ്ദുൾ ഹമീദ് 45, ഇടനിലക്കാരൻ ഇരിട്ടി സ്വദേശി അഷറഫ് 51, എന്നിവരെ ഹൊസ്ദുർഗ്  എസ്ഐ, കെ. പി. സതീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

അഷറഫ് ഇരിട്ടിയിലെയും ഹമീദ് കോയിപ്പാടി കടപ്പുറത്തെ വീട്ടിലുമാണ് ഇന്ന് രാവിലെ അറസ്റ്റിലായത്. എറണാകുളം കടവന്ത്ര വ്യവസായി സി. ഏ. സത്താറിനെ 54, ഹണി ട്രാപ്പിൽ കുടുക്കി ആറരപ്പവൻ സ്വർണ്ണാഭരണങ്ങളും നാല് ലക്ഷം രൂപയും തട്ടിയെടുത്ത കേസ്സിലാണ് അറസ്റ്റ്. കേസ്സിൽ നേരത്തെ അറസ്റ്റിലായ നായന്മാർമൂല വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന സാജിദ 35, കൊവ്വൽപ്പള്ളി കല്ലംചിറ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഉമ്മർ 55, ഭാര്യ ബീഫാത്തിമ 45, പിലാത്തറ ചെറുതാഴം സ്വദേശി ഇഖ്ബാൽ 45 എന്നിവർ റിമാന്റിലാണ്.

സാജിദയും സത്താറും തമ്മിലുള്ള രഹസ്യ വിവാഹം കല്ലംചിറ റോഡിലെ വാടക വീട്ടിലാണ് നടന്നത്.  പ്രസ്തുത വീട്ടിൽ നടന്ന വിവാഹ ചടങ്ങിന് നേതൃത്വം വഹിച്ചത് അബ്ദുൾ ഹമീദാണെന്ന് പോലീസ് പറഞ്ഞു. വിവാഹത്തിന് കാർമ്മികത്വം വഹിക്കാൻ ജോലി സ്ഥലത്ത് നിന്നും ഹമീദിനെ  ഉമ്മറടക്കമുള്ള പ്രതികൾ കാഞ്ഞങ്ങാട്ടെത്തിക്കുകയായിരുന്നു. 5,000 രൂപയാണ് പ്രതികൾ ഹമീദിന് പ്രതിഫലം നൽകിയത്. ഇന്ന് അറസ്റ്റിലായ അഷറഫ് സത്താറിന്റെ ഉറ്റ സുഹൃത്താണ്. അഷറഫ് വഴി സത്താറിനെ കാഞ്ഞങ്ങാട്ടെത്തിച്ച് ഹണി ട്രാപ്പിൽ കുടുക്കുകയായിരുന്നു.

മറ്റ് പ്രതികളുമായി അഷറഫ് ഗൂഢാലോചന നടത്തി പെൺകെണി ഒരുക്കുകയും, കിടപ്പറ രംഗങ്ങൾ ക്യാമറയിൽ പകർതത്ുകയുമായിരുന്നു. സത്താറിൽ നിന്നും കൈക്കലാക്കിയ തുകയിൽ നിന്നും രണ്ട് ലക്ഷം രൂപയാണ് അഷറഫ് കൈക്കലാക്കിയത്. സാജിദയുമായുള്ള വിവാഹത്തിൽ മറ്റ് സംശയങ്ങളുണ്ടാകാതിരിക്കാനാണ് പ്രതികൾ വിവാഹ കർമ്മത്തിന് കാർമികത്വം വഹിക്കാൻ ” ഒറിജിനൽ” മുസ്ലിയാരെ സ്ഥലത്തെത്തിച്ചതെന്നാണ് സൂചന. പ്രതികളെ ഇന്ന് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. റിമാന്റിലുള്ള മറ്റ് നാല് പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.

LatestDaily

Read Previous

വാക്സീൻ സ്വീകരിച്ചശേഷം അസ്വസ്ഥത; ചികിത്സയിലായിരുന്ന യുവതി മരിച്ചു

Read Next

വലിയ പറമ്പ് അനധികൃത റിസോർട്ട് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം