ഏടിഎം കവർച്ച നടത്തിയത് ബാങ്ക് വായ്പ്പ തിരിച്ചടക്കാൻ; പ്രതി റിമാന്റിൽ

കാഞ്ഞങ്ങാട്: ഒടയംചാലിൽ യുവാവ് ഏടിഎം കുത്തിത്തുറന്ന് കവർച്ചയ്ക്ക് ശ്രമിച്ചത് അടവ് തെറ്റിയ ബാങ്ക് ലോണടക്കുന്നതിന് പണം കണ്ടെത്താൻ. മെക്കോടോം കോളനിയിലെ ഗോപിയുടെ മകൻ ശ്രീരാജാണ് 22, ഒടയംചാലിലുള്ള  ഇന്ത്യൻ ഓവർസ്സീസ് ബാങ്കിന്റെ ഏടിഎം കുത്തിത്തുറന്ന് കവർച്ചയ്ക്ക് ശ്രമിച്ചത്. ശ്രീരാജ് ഒരു വർഷം മുമ്പ് ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടെ സ്കൂട്ടർ വാങ്ങിയിരുന്നു. ലോണിന്റെ അടവ് തെറ്റി, വ്യാഴാഴ്ച കൈവശം ചിലവിന് പോലും പണമില്ലെന്ന് വന്നതോടെയാണ് വെള്ളിയാഴ്ച പുലർച്ചെ ഏടിഎം സെന്റർ കുത്തിത്തുറക്കാൻ പദ്ധതിയിട്ടത്.

ഇതിനായി തലേദിവസം പകൽ സ്ക്രൂ ഡ്രൈവർ സംഘടിപ്പിച്ച് വീട്ടിൽ കിടപ്പ് മുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ചു. വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് മൊബൈൽ ഫോണിൽ പുലർച്ചെ എഴുന്നേൽക്കാൻ അലാറം സെറ്റ് ചെയ്തു വെച്ചു. പുലർച്ചെ 3 മണിക്ക് വീട്ടിൽ നിന്നും സ്കൂട്ടറിൽ പുറപ്പെട്ട് ഏടിഎം ലെന്ററിലെത്തി. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഏടിഎം സെന്റർ കുത്തിത്തുറക്കാൻ ശ്രമിക്കുകയായിരുന്നു.ഏടിഎം സെന്ററിനകത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ ചെളി വാരി തേച്ചായിരുന്നു കവർച്ചാ ശ്രമം. ഏടിഎം കുത്തിത്തുറക്കാനുള്ള ശ്രമത്തിനിടെ അലാറം മുഴങ്ങിയതോടെ ശ്രീരാജ് മോഷണശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

ഹെൽമറ്റ് ധരിച്ച് ഏടിഎം സെന്ററിൽ മോഷണം നടത്തുന്ന ശ്രീരാജിന്റെ സിസിടിവി ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെതുടർന്ന് പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിക്കുകയായിരുന്നു. അമ്പലത്തറ എസ്ഐ, മധു മടിക്കൈയുടെ  നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ശ്രീരാജിനെ ഒടയംചാലിലെ ഏടിഎം സെന്ററിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കവർച്ചാശ്രമത്തിനുപയോഗിച്ച സ്ക്രൂഡ്രൈവർ, ഹെൽമറ്റ്, കവർച്ചയ്ക്ക് ധരിച്ച വസ്ത്രങ്ങളും സ്കൂട്ടറും പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്ദുർഗ്ഗ്  ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ  ഹാജരാക്കിയ ശ്രീരാജിനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തു.

LatestDaily

Read Previous

കല്ല്യോട്ട് ആക്രമം: 18 കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ കേസ്സ്

Read Next

മാണിയാട്ട് കടയിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ