ഹണി ട്രാപ്പിൽ കൊച്ചി വ്യവസായ പ്രമുഖന്റെ നാലുലക്ഷവും ആറരപവനും നഷ്ടപ്പെട്ടു

രണ്ട് പ്രതികൾ ഉൾപ്പെടെ നാലു പേർ റിമാൻറിൽ

ഹൊസ്ദുർഗ്ഗ്: കാഞ്ഞങ്ങാട്ട് പെൺകെണിയിൽ കുടുങ്ങിയ എറണാകുളം കടവന്ത്ര വ്യവസായ പ്രമുഖൻ സി. ഏ. സത്താറിന് 58, നഷ്ടപ്പെട്ടത് മുന്നേമുക്കാൽ ലക്ഷം രൂപയും ആറരപവൻ സ്വർണ്ണാഭരണങ്ങളും. അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ വ്യവസായി ഹണി ട്രാപ്പ് സംഘത്തിനെതിരെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ. പി. സതീഷിന്റെ നേതൃത്വത്തിൽ ഇന്നലെ അറസ്റ്റ് ചെയ്ത കാസർകോട് നായന്മാർമൂലയിൽ വാടക വീട്ടിൽ താമസിക്കുന്ന സാജിദ 35, കാസർകോട് സ്വദേശിയും കൊവ്വൽപ്പള്ളി കല്ലംചിറ റോഡിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഉമ്മർ 55, ഭാര്യ ബീഫാത്തിമ്മ 45, പിലാത്തറ ചെറുതാഴം സ്വദേശി ഇഖ്ബാൽ 45, എന്നിവരെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാന്റ് ചെയ്തു.

ഇന്നലെ കാഞ്ഞങ്ങാട്ടെത്തിയ പരാതിക്കാരനിൽ നിന്നും പോലീസ് വീണ്ടും മൊഴിയെടുത്തു. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടയിൽ ഒറ്റ ദിവസം മാത്രമാണ് യുവതിക്കൊപ്പം കഴിഞ്ഞതെന്ന് സത്താർ പോലീസിനോട് പറഞ്ഞു. ആദ്യം ആറര പവൻ  സ്വർണ്ണാഭരണങ്ങൾ നൽകിയിരുന്നു. പിന്നീട്  യുവതിയുമൊത്തുള്ള നഗ്ന ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൂന്നേമുക്കാൽ ലക്ഷം രൂപ കൂടി പ്രതികൾ കൈക്കലാക്കിയതായി വ്യവസായി പോലീസിനോട് പറഞ്ഞു. 5 ലക്ഷം രൂപ വീണ്ടും നൽകിയില്ലെങ്കിൽ അശ്ലീല വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് ദൃശ്യം ഭാര്യയ്ക്ക് കൈമാറുമെന്ന് സംഘം ഭീഷണിപ്പെടുത്തി.

കണ്ണൂർ സ്വദേശി ഖാദർ വഴിയാണ് പരാതിക്കാരൻ  സാജിദയും മറ്റ് പ്രതികളുമായി പരിചയപ്പെട്ടത്. ഉമ്മർ –ബീഫാത്തിമദമ്പതികളുടെ ഏക മകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് കണ്ണൂർ സ്വദേശി ഖാദറാണ് സാജിദയുടെ വിവാഹലോചനയുമായി സത്താറിനെ സമീപിച്ചത്. സാജിദയുമായി സത്താറിന്റെ രഹസ്യ വിവാഹം നടത്തിയാണ് പ്രതികൾ കെണിയൊരുക്കിയത്. കേസ്സിൽ കൂടുതൽ പ്രതികളുണ്ടാകുമെന്ന് പോലീസ് സൂചന നൽകി.  സത്താറിൽ നിന്നും കൈക്കലാക്കിയ സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തിയതായി പ്രതികൾ പോലീസിനോട് സമ്മതിച്ചു.

LatestDaily

Read Previous

പാച്ചിലില്ലാതെ ഉത്രാടം; ഒാണത്തിരക്കിലമർന്ന് നാട് കടുത്ത നിയന്ത്രണങ്ങൾ

Read Next

ഹണി ട്രാപ്പ് സാജിദ അറസ്റ്റിൽ ദമ്പതികളും പയ്യന്നൂർ യുവാവും പിടിയിൽ