പാച്ചിലില്ലാതെ ഉത്രാടം; ഒാണത്തിരക്കിലമർന്ന് നാട് കടുത്ത നിയന്ത്രണങ്ങൾ

കാഞ്ഞങ്ങാട്: കോവിഡ് മഹാമാരിക്കാലത്തെ തിരുവോണത്തലേന്ന് പതിവ് ഉത്രാടപ്പാച്ചിൽ എങ്ങും കാണാനില്ല. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി നാടും നഗരവും ഒാണത്തിരക്കിലമർന്ന് നിൽക്കുന്നു. കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും എങ്ങും ഒാണത്തിരക്കിലാണ്. സർക്കാർ നൽകിയ ക്ഷേമ പെൻഷനുകളിൽ നല്ലൊരു വിഭാഗം വിപണിയിലിറങ്ങിയതും ഭാഗീകമായി ലഭിച്ച വിവിധയിനം ആനുകൂല്യങ്ങൾ വിപണിയിലെത്തിയതും വ്യാപാര മേഖലയിൽ നല്ല ഉണർവുണ്ടാക്കിയിട്ടുണ്ട്.

എന്നാൽ കച്ചവട കേന്ദ്രങ്ങളിലെ പതിവ് ഒാണത്തിരക്ക് എങ്ങുമില്ല. നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടാണ് ആളുകൾ വിപണിയിലെത്തുന്നതെന്നതും വലിയ തിരക്കുകളെ ഒഴിവാക്കുന്നു. ജില്ലയിൽ കോവിഡ് വ്യാപന സാഹചര്യത്തിൽ ഒാണാഘോഷ പരിപാടികൾ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ: കെ. ആർ. രാജൻ അഭ്യർത്ഥിച്ചു. മാസ്ക്ക്, സോപ്പ്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവയിൽ ഒരു തരത്തിലുള്ള വിട്ട് വീഴ്ചയും വരുത്തരുതെന്നും ആൾക്കൂട്ടമുണ്ടാക്കരുതെന്നുമുള്ള കർശ്ശനമായ നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിട്ടുള്ളത്.

ഇത് ഏറെക്കുറെ പാലിക്കാൻ ജനങ്ങളും ശ്രദ്ധിക്കുന്നതായി കാണാം. കാഞ്ഞങ്ങാട് നഗരത്തിൽ നോർത്ത് കോട്ടച്ചേരി മുതൽ പുതിയകോട്ട വരെ റോഡിനിരുവശവും സർവ്വീസ് റോഡിലുമുള്ള അനധികൃത പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. അനധികൃത പാർക്കിംഗ് ശ്രദ്ധയിൽപ്പെട്ടാൽ മോട്ടോർ വാഹന ഗതാഗതവകുപ്പും, പോലീസും നിയമ നടപടികളെടുക്കും.

സർവ്വീസ് റോഡുകളിലെ നിയന്ത്രണം പാലിക്കാത്തവർക്കെതിരെയും കടുത്ത നടപടികളുണ്ടാവും. നഗരത്തിൽ പ്രവേശിക്കുന്ന സ്വകാര്യ വാഹനങ്ങൾക്ക് നോർത്ത് കോട്ടച്ചേരി അപ്സര ലോഡ്ജ് പരിസരം, മിനാർ ഗോൾഡിന് പിറക് വശം മോത്തി സിൽക്ക്സിന് പിറക് വശം, എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. നഗരത്തിൽ താൽക്കാലിക വഴിയോരക്കച്ചവടക്കാർക്കും  പൂക്കച്ചവടക്കാർക്കും കർശ്ശന നിയന്ത്രണളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

LatestDaily

Read Previous

കോവിഡും ഒാണവും

Read Next

ഹണി ട്രാപ്പിൽ കൊച്ചി വ്യവസായ പ്രമുഖന്റെ നാലുലക്ഷവും ആറരപവനും നഷ്ടപ്പെട്ടു