ആരോഗ്യ സ്ഥാപനത്തെച്ചൊല്ലി സഹകരണ ബാങ്കുകൾ തമ്മിൽ തർക്കം

ചെറുവത്തൂർ:  തിമിരി സർവ്വീസ് സഹകരണ ബാങ്കിന് കീഴിൽ ചെറുവത്തൂർ ദേശീയപാതയ്ക്കരികിൽ പ്രവർത്തിക്കുന്ന തിമിരി പോളിലാബ് ആന്റ് ഹെൽത്ത് കെയർ ക്ലിനിക്കിനെതിരെ ചെറുവത്തൂർ ഫാർമേഴ്സ് ബാങ്ക് രംഗത്ത്. തിമിരി വില്ലേജ് പരിധിയിൽ മാത്രം പ്രവർത്തനപരിധിയുള്ള തിമിരി സഹകരണ ബാങ്ക് തങ്ങളുടെ ബാങ്ക് പരിധിയിൽ സ്ഥാപനമാരംഭിച്ചെന്നാണ് ഫാർമേഴ്സ് ബാങ്ക് അധികൃതരുടെ ആരോപണം.

സഹകരണ നിയമം ലംഘിച്ചാണ് തിമിരി സഹകരണ ബാങ്ക് ചെറുവത്തൂരിൽ സ്ഥാപനം തുടങ്ങിയതെന്നാണ് ചെറുവത്തൂർ ഫാർമേഴ്സ് ബാങ്ക് മാനേജിംഗ് ഡയറക്ടർ പി. കെ. വിനയകുമാറിന്റെ ആരോപണം. ഫാർമേഴ്സ് ബാങ്ക് ചെറുവത്തൂരിൽ തുടങ്ങാനിരിക്കുന്ന ഡയാലിസിസ് സെന്ററടക്കമുള്ള സ്ഥാപനത്തെ തുരങ്കം വെക്കാനാണ് തിമിരി സഹകരണബാങ്ക് അധികാരപരിധി ലംഘിച്ച് ചെറുവത്തൂരിൽ സ്ഥാപനം തുടങ്ങിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

തിമിരി സർവ്വീസ്്  സഹകരണ ബാങ്കിന്റെ അധീനതയിലുള്ള തിമിരി പോളിലാബ്  ആന്റ് ക്ലിനിക്കിനെതിരെ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചതായി ഫാർമേഴ്സ് ബാങ്ക് എം. ഡി. പറഞ്ഞു. അതേ സമയം, ചെറുവത്തൂരിലെ സ്ഥാപനം സഹകരണ വകുപ്പിന്റെ അനുമതിയോടെ ആരംഭിച്ചതെന്നാണ് തിമിരി സർവ്വീസ് സഹകരണ  ബാങ്ക് ഭരണസമിതിയുടെ നിലപാട്. സ്ഥാപനമാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയതാണെന്നും നടപടികൾ സുതാര്യമാണെന്നും തിമിരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് രാഘവൻ പാലത്തേര ലേറ്റസ്റ്റിനെ അറിയിച്ചു. തിമിരി സഹകരണ ബാങ്ക് സിപിഎം നിയന്ത്രണത്തിലും ചെറുവത്തൂർ ഫാർമേഴ്സ് ബാങ്ക് കോൺഗ്രസ്സ് നിയന്ത്രണത്തിലുമുള്ളതാണ്.    

LatestDaily

Read Previous

ക​ത്തി ചൂണ്ടി പണം തട്ടി: ഒരാൾ അറസ്റ്റിൽ

Read Next

സ്വദേശത്ത് വാക്സിൻ എടുത്തവരുടെ ഗൾഫ് മടക്കയാത്ര അനുമതിക്കായി ചർച്ച