സ്വർണ്ണപ്പണിക്കാരന്റെ മരണത്തിൽ ദുരൂഹത

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സ്വകാര്യ ജ്വല്ലറി കെട്ടിടത്തിൽ സ്വർണ്ണപ്പണിക്കാരൻ ജീവനൊടുക്കിയതിന് പിന്നിലെ കാരണത്തിൽ ദുരൂഹത. നഗരത്തിലെ ദീപ ഗോൾഡ് ജ്വല്ലറി കെട്ടിടത്തിൽ സ്വർണ്ണാഭരണങ്ങൾ നിർമ്മിച്ച് വന്നിരുന്ന മഹാരാഷ്ട്ര സാംഗ്ലി കാൻപൂർ സ്വദേശി ഹനുമന്ത് നിഗത്തിന്റെ മകൻ സൂരജ് നിഗം 32, ജീവനൊടുക്കിയ തിനിലാണ് ദുരൂഹതയുയർന്നത്.

ശനിയാഴ്ച വൈകീട്ട് നഗരത്തിലെ ജ്വല്ലറി കെട്ടിടത്തിന്റെ മുകൾ ഭാഗത്താണ് യുവാവ് കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. ഭാര്യയും നാലു മാസം പ്രായമായ പെൺകുട്ടിക്കുമൊപ്പം വർഷങ്ങളായി കാഞ്ഞങ്ങാട്ട്  താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട്ടുള്ള ബന്ധുവായ യുവാവ് സൂരജ് നിഗത്തെ സെൽഫോണിൽ വിളിച്ചിരുന്നു. ഫോണെടുക്കാത്തതിനെ തുടർന്ന് വൈകീട്ട് ജ്വല്ലറി കെട്ടിടത്തിലന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. ഹൊസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോലീസ് സർജനാണ് പോസ്റ്റ്മോർട്ടം ചെയ്തത്. മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. സ്വർണ്ണാഭരണ നിർമ്മാണസ്ഥാപനം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി ജീവനൊടുക്കിയ  കാരണത്തിൽ വലിയ ദുരൂഹതയുയർന്നിട്ടുണ്ട്.

സൂരജ് നിഗത്തിന് കോടികളുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും ഇതുമായി  ബന്ധപ്പെട്ട ചില പ്രശ്നങ്ങളിലാണ് സൂരജ് നിഗം ജീവനൊടുക്കിയതെന്നും  പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ട നടപടികൾ  പൂർത്തിയാക്കിയ   മൃതദേഹം കാഞ്ഞങ്ങാട്ടെത്തി ഏറ്റുവാങ്ങിയ ശേഷം ബന്ധുക്കൾ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി. സൂരജ് നിഗത്തിന്റെ ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. സൂരജ്നിഗം ആത്മഹത്യ ചെയ്യാനിടയായ  കാരണത്തിൽ സംശയമുയർന്ന സാഹചര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. ദുർഗ്ഗാ ഹൈസ്കൂളിന് സമീപം ഭാര്യയും കുഞ്ഞിനുമൊപ്പം താമസിച്ചു വരികയായിരുന്നു സൂരജ് നിഗം.

LatestDaily

Read Previous

ചോദ്യം ചെയ്യലിനിടെ പരസ്പരം പഴിചാരി പൂക്കോയയും ഖമറുദ്ദീനും

Read Next

ഡോ. സുധാകരൻ അന്തരിച്ചു