ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ പരസ്പരം പഴിചാരി രക്ഷപ്പെടാൻ പൂക്കോയയുടെയും, എം. സി. ഖമറുദ്ദീന്റെയും ശ്രമം. ഇന്നലെ ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് നിക്ഷേപ തട്ടിപ്പ് കേസ്സിലെ പ്രതികളായ എം. സി. ഖമറുദ്ദീനും, ടി. കെ. പൂക്കോയയും പരസ്പരം പഴിചാരുന്ന വിധത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്സിലെ പ്രതികളായ ഇരുവരെയും ഇന്നലെ ഒപ്പമിരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പകൽ 11 മണിക്കാരംഭിച്ച ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറോളം നീണ്ടു നിന്നു. ജ്വല്ലറി ചെയർമാൻ എം. സി. ഖമറുദ്ദീൻ അറിയാതെ സ്ഥാപനത്തിൽ ഒന്നും നടന്നിട്ടില്ലെന്നാണ് പൂക്കോയയുടെ മൊഴി. അതേ സമയം, ജ്വല്ലറിയുടെ ദൈനംദിന കാര്യങ്ങളിൽ താൻ ഇടപെട്ടില്ലെന്നാണ് എം. സി. ഖമറുദ്ദീന്റെ വാദം.
ജ്വല്ലറി നിക്ഷേപത്തിൽ നിന്ന് മുതൽ മുടക്കി ബംഗളൂരുവിൽ സ്ഥലമെടുത്ത കാര്യം അറിയില്ലെന്നാണ് എം. സി. ഖമറുദ്ദീൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ബംഗളൂരുവിലെ സ്ഥലം പൂക്കോയയുടെ പേരിലാണെന്നും ഇദ്ദേഹം ക്രൈംബ്രാഞ്ചിനെ അറിയിച്ചു. എം. സി. ഖമറുദ്ദീൻ മുസ്ലീം ലീഗിന്റെ ജില്ലാ സിക്രട്ടറിയായിരിക്കുന്ന കാലയളവിലാണ് ഫാഷൻ ഗോൾഡ് കമ്പനിയായി രജിസ്റ്റർ ചെയ്തത്. ജ്വല്ലറിയിലെ എല്ലാ സാമ്പത്തിക ഇടപാടുകളും പരസ്പരം അറിയാവുന്ന പൂക്കോയയും ഖമറുദ്ദീനും വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നത്. തട്ടിപ്പിന്റെ ഉത്തരവാദിത്തം സ്വന്തം തലയിൽ നിന്നും ഒഴിവാക്കാനാണെന്ന് വ്യക്തം. ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളിലേക്ക് നിക്ഷേപം സ്വീകരിക്കാൻ വിദേശത്ത് പോയത് ഇരുവരും ഒന്നിച്ചാണ്. ജ്വല്ലറി നിക്ഷേപത്തിലെ പണമുപയോഗിച്ച് വിദേശത്തേക്ക് വിനോദയാത്ര നടത്തിയതും ഇരുവരുമാണ്.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ അറസ്റ്റിലായത് മുതൽ ഇരവാദമുയർത്തി രക്ഷപ്പെടാൻ എം.സി. ഖമറുദ്ദീൻ ശ്രമം നടത്തുന്നുണ്ട്. താൻ നിരപരാധിയാണെന്നും തനിക്കൊന്നും അറിയില്ലെന്നുമുള്ള പല്ലവി ആവർത്തിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. തട്ടിപ്പിന് നേതൃത്വം നൽകിയവർ പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴും ജ്വല്ലറിയിൽ പണം നിക്ഷേപിച്ച് വഴിയാധാരമായവരുടെ കാര്യത്തിൽ ഇതുവരെ തീരുമാനങ്ങളൊന്നുമായിട്ടില്ല. ലീഗിന്റെ കാസർകോട് ജില്ലാ നേതാക്കൾ നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് ലീഗ് സംസ്ഥാന നേതൃത്വവും മൗനത്തിലാണ്. ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടുകൊടുത്ത ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്സ് പ്രതി ടി. കെ. പൂക്കോയയെ ഇന്ന് കോടതിയിൽ ഹാജരാക്കി. കോടതി പൂക്കോയയെ വീണ്ടും റിമാന്റ് ചെയ്തു. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു.