കാഞ്ഞങ്ങാട് നഗരം കൂരിരുട്ടിൽ സിപിഎം മിണ്ടുന്നില്ല

കാഞ്ഞങ്ങാട്: മാസങ്ങളായി കാഞ്ഞങ്ങാട് നഗരം കൂരിരുട്ടിൽ. പ്രധാന റോഡിൽ കെ.എസ്ടിപി സ്ഥാപിച്ച സോളാർ തെരുവു വിളക്കുകളിൽ ഭൂരിഭാഗവും കണ്ണു ചിമ്മിക്കഴിഞ്ഞു. കെഎസ്ടിപിയും, നഗരസഭയും തമ്മിൽ തെരുവു വിളക്കുകൾ കത്തിക്കുന്ന ഉത്തരവാദിത്തത്തിൽ തർക്കത്തിലാണ്.

തെരുവു വിളക്കുകൾ കത്തിക്കേണ്ട ഉത്തരവാദിത്തം ഇലക്ട്രിസിറ്റി ബോർഡിനാണെന്ന് കെഎസ്ടിപി പറയുമ്പോൾ, സോളാർ പാനൽ വഴി വിളക്കുകൾ കത്തിക്കേണ്ട ഉത്തരവാദിത്തം  വൈദ്യുതി ബോർഡിനില്ല. കെഎസ്ടിപി റോഡ് ഇനിയും പൂർണ്ണമായും മരാമത്ത് വകുപ്പിന് വിട്ടു കൊടുത്തിട്ടില്ല. റോഡിൽ ഇതിനകം ചതിക്കുഴികൾ രൂപപ്പെട്ടത് അടയ്ക്കാനും കെ.എസ്ടിപി തയ്യാറല്ല.

നഗരത്തിൽ അടുത്ത കാലത്തുണ്ടായ വൻ കവർച്ചകളിൽ ജനങ്ങൾ ഭയവിഹ്വലരായി കഴിയുമ്പോഴും നഗരത്തെ കൂരിരുട്ടിലാഴ്ത്തി കെ.എസ്ടിപി നഗരസഭയോട് കൊഞ്ഞനം കുത്തുന്നു. പട്ടണം കഴിഞ്ഞ പത്തുമാസക്കാലമായി ഇരുട്ടിൽ വീണിട്ടും, നഗരഹൃദയത്തിൽ കവർച്ചകൾ പെരുകിയിട്ടും, സിപിഎം ഭരിക്കുന്ന നഗരഭരണാധികാരികൾ ഉറക്കത്തിലാണ്. നഗരഭരണത്തെ നിയന്ത്രിക്കുന്ന സിപിഎം ഏരിയാകമ്മിറ്റിയും കണ്ണടച്ചുറങ്ങുന്നു.

കെഎസ്ടിപി റോഡിലെ തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണി നഗരസഭയ്ക്ക് വിട്ടു തരണമെന്നാവശ്യപ്പെട്ട് നഗരമാതാവ് കെ.വി. സുജാത പൊതുമരാമത്ത് – ടൂറിസം വകുപ്പു മന്ത്രിക്ക് നേരിട്ടു നൽകിയ നിവേദനവും വെളിച്ചം കാണാതെ തിരുവനന്തപുരത്തുള്ള മന്ത്രിയുടെ ഓഫീസിലെ ചുവപ്പുനാടയിൽ കിടക്കുന്നത്, കവർച്ചക്കാർക്കുള്ള വലിയ അനുഗ്രഹമായി മാറുകയും ചെയ്തു.

LatestDaily

Read Previous

ഉണ്ണിത്താന്റെ വീടിന് മുന്നിൽ കോൺ. പ്രവർത്തകരുടെ പ്രതിഷേധം; എംപിക്ക് വൻ പോലീസ് സുരക്ഷ

Read Next

പോലീസ് സ്റ്റേഷന് മുന്നിൽ പട്ടിപ്പട്ടാളം