ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പ്രമാദമായ ഫാഷൻഗോൾഡ് നിക്ഷേപത്തട്ടിപ്പിന് ഇരയായവർക്ക് അബ്ദുൾ നാസർ മഅദ്നിയുടെ പാർട്ടി തുണയായി. ഫാഷൻ ഗോൾഡ് ഇരകൾക്ക് നീതി ഉറപ്പാക്കാൻ പിഡിപി കാസർകോട് ജില്ലാക്കമ്മിറ്റി രംഗത്തിറങ്ങിക്കഴിഞ്ഞു. വഞ്ചിക്കപ്പെട്ടവരുടെ ഒരു യോഗം ഇന്നലെ പടന്നയിൽ ഒരു വീട്ടിൽ ചേരുകയും, ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
ഫാഷൻ ഗോൾഡ് ഇരകൾ തിരുവനന്തപുരത്ത് സിക്രട്ടറിയേറ്റിന് മുന്നിൽ നിൽപ്പ്സമരം സംഘടിപ്പിക്കും. ഫാഷൻ ഗോൾഡ് ചെയർമാൻ എം. സി. ഖമറുദ്ദീൻ, മാനേജിംഗ് ഡയറക്ടർ, ടി. കെ. പൂക്കോയ എന്നിവരുടെ വീടുകളിലേക്ക് മാർച്ച് നടത്താനും, ജാമ്യത്തിലിറങ്ങിയ മുൻ മഞ്ചേശ്വരം എംഎൽഏയും, കേസ്സിൽ ഒന്നാം പ്രതിയുമായ എം. സി. ഖമറുദ്ദീനെ വഴിയിൽ തടയാനുമുള്ള സമരപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഇന്നലെ ചേർന്ന യോഗത്തിൽ പിഡിപി സംസ്ഥാന ജനറൽ സിക്രട്ടറി അജിത് കുമാർ ആസാദ്, സംസ്ഥാന സിക്രട്ടറി സുബൈർ പടുപ്പ്, സംസ്ഥാന സിക്രട്ടറിയേറ്റ് അംഗം മൊയ്തു ബേക്കൽ, ജില്ലാ പ്രസിഡണ്ട് റഷീദ് മുട്ടുന്തല, ജില്ലാ സിക്രട്ടറി ഷാഫിഹാജി അടൂർ, ജില്ലാ ട്രഷറർ സയ്യിദ് ഉമർ ഫാറൂഖ് തങ്ങൾ ആദൂർ, തൊഴിലാളി സംഘടന പിടിയുസി സംസ്ഥാന സിക്രട്ടറി യൂനുസ് തളങ്കര, ഷാഫി കളനാട് എന്നിവർ പിഡിപിയെ പ്രതിനിധീകരിച്ച് ചർച്ചയിൽ സംബന്ധിച്ചു.
പൂക്കോയ തങ്ങളെ പോലീസ് തെളിവെടുപ്പിന് കൊണ്ടുപോകുമ്പോൾ വഴിയിൽ തടയാനും തീരുമാനിച്ചു. ഫാഷൻ ഗോൾഡ് കമ്പനിയുടെ ഡയറക്ടർമാരെ മുഴുവൻ കേസ്സിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യണമെന്നും, ജ്വല്ലറിയിൽ നിന്ന് സ്വർണ്ണം കടത്തിക്കൊണ്ടുപോയ ഡറക്ടർമാരെ പ്രതി ചേർത്ത് മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും പിഡിപി യോഗം ആവശ്യപ്പെട്ടു.
കമ്പനി ജനറൽ മാനേജറായിരുന്ന സൈനുൽ ആബിദീൻ, വൈസ് ചെയർമാൻ ചന്തേരയിലെ ഏ. ജി. മുഹമ്മദ്, പൂക്കോയയുെട മകൻ ഇഷാം എന്നിവരെ കേസ്സിൽ പ്രതി ചേർക്കണമെന്നും പിഡിപി യോഗം ആവശ്യപ്പെട്ടു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തൃക്കരിപ്പൂരിൽ സൂചനാസമരവും കാസർകോട് എസ്പി ഓഫീസിന് മുന്നിൽ സ്ത്രീകളെയടക്കം പങ്കെടുപ്പിച്ചുകൊണ്ട് നിൽപ്പു സമരം നടത്താനും തീരുമാനമായി.