പൂക്കോയയുടെ ജാമ്യാപേക്ഷയിൽ കോടതി ക്രൈംബ്രാഞ്ചിനോട് റിപ്പോർട്ട് തേടി

ജാമ്യാപേക്ഷ 18-ന് പരിഗണിക്കും 

കാഞ്ഞങ്ങാട്:  കോടികളുടെ ഫാഷൻഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള രണ്ടാം പ്രതി ചന്തേരയിലെ ടി. കെ. പൂക്കോയയുടെ ജാമ്യാപേക്ഷയിൽ കോടതി ക്രൈംബ്രാഞ്ചിനോട് റിപ്പോർട്ട് തേടി. പൂക്കോയയ്ക്ക് ജാമ്യം നൽകുന്നത് സംബന്ധിച്ച് അടുത്ത തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് ഫാഷൻഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസന്വേഷിക്കുന്ന കാസർകോട് ക്രൈംബ്രാഞ്ചിനോട് ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

പൂക്കോയ സമർപ്പിച്ചിട്ടുള്ള ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച വിധി പറയാൻ സാധ്യതയില്ല. ഇന്നലെ മുതൽ പൂക്കോയയെ  കോടതി അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടുകൊടുത്ത സാഹചര്യത്തിൽ കസ്റ്റഡി കാലവധി അവസാനിക്കുന്ന ഈ മാസം 18-ന് പൂക്കോയയുടെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയാനാണ് സാധ്യത. പത്ത് മാസം നേപ്പാളിൽ ഒളിവിൽ കഴിയുകയായിരുന്ന പൂക്കോയ ഇക്കഴിഞ്ഞ 11-ന് ഹൊസ്ദുർഗ്ഗ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത പ്രതിയെ ഇന്നലെയും ഇന്നുമായി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി എം. സുനിൽകുമാർ ചോദ്യം ചെയ്ത് വരികയാണ്. ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത 100 കേസ്സുകളിലാണ് പൂക്കോയയെ കോടതി റിമാന്റ് ചെയ്തത്.

കാസർകോട് സിജെഎം കോടതിയിൽ ആറ് കേസ്സുകളിലും, പയ്യന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ 12 കേസ്സുകളിലും പൂക്കോയയുടെ പേരിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് വാറണ്ട് നിലനിൽക്കുന്നതിനാൽ ഹൊസ്ദുർഗ്ഗ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജാമ്യം നേടിയാലും പൂക്കോയയ്ക്ക് ജയിൽ മോചനമെളുപ്പമല്ല. പയ്യന്നൂർ, കാസർകോട് കോടതികൾ പ്രതിയെ ഹാജരാക്കാൻ ജയിലധികൃതർക്ക് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്. ഇതിനാൽ പൂക്കോയയുടെ ജയിൽ വാസം ഇനിയും നീളും. കേസ്സിലെ ഒന്നാം പ്രതിയായ മുൻ എംഎൽഏ, എം. സി. ഖമറുദ്ദീന് മൂന്ന് മാസത്തെ റിമാന്റ് തടവിന് ശേഷമാണ് കോടതി ജാമ്യമനുവദിച്ചത്. പൂക്കോയയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

LatestDaily

Read Previous

തിരുവോണമടുത്തു; വ്യാപാര മേഖലയിൽ മാന്ദ്യം

Read Next

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് വഞ്ചിക്കപ്പെട്ടവർക്ക് പിഡിപി തുണ