ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പാർലമെന്റ് സമ്മേളനം പൂർത്തിയാക്കി ദൽഹിയിൽ നിന്നും മടങ്ങിയ രാജ്മോഹൻ ഉണ്ണിത്താൻ എം.പി നാളെ കാഞ്ഞങ്ങാട്ടെത്തും. എംപിക്ക് നേരെ കാഞ്ഞങ്ങാട്ട് കോൺഗ്രസ്സ് പ്രവർത്തകരിൽ നിന്നും വലിയ തോതിൽ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടർന്ന് ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനത്തിൽ എംപി പങ്കെടുക്കുന്ന പരിപാടികൾക്ക് പോലീസ് സുരക്ഷയൊരുക്കും.
മാവേലി എക്സ്പ്രസ്സിൽ നാളെ പുലർച്ചെയാണ് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ എംപിയെത്തുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളിൽ എംപിക്ക് പങ്കെടുക്കേണ്ടതുണ്ട്. കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള വാഴുന്നോറൊടി, നെഹ്റു ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 11.30-ന് വാഴുന്നോറൊടിയിൽ നടക്കുന്ന പ്ലസ്ടു, എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള അനുമോദനച്ചടങ്ങിന്റെ ഉദ്ഘാടകനാണ് എം.പി.
വാഴുന്നോറൊടിയിലെ പരിപാടിക്കിടെ ഉണ്ണിത്താനെതിരെ കോൺഗ്രസ്സ് പ്രവർത്തകരുടെ ഭാഗത്ത് നിന്നും പ്രതിഷേധമുണ്ടാകുമെന്നാണ് സൂചന. കാഞ്ഞങ്ങാട് മണ്ഡലം ബ്ലോക്ക് കോൺഗ്രസ്സ് സിക്രട്ടറി അനിൽ വാഴുന്നോറൊടിയുൾപ്പെടെ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ വധ ഗൂഢാലോചന നടത്തിയതായുള്ള എംപിയുടെ പരാതിയിൽ വാഴുന്നോറൊടിയിൽ തന്നെ എംപിക്കെതിരെ ആദ്യ പ്രതിഷേധമുയരാനാണ് സാധ്യത. എംപി പങ്കെടുക്കുന്ന പരിപാടിയിൽ സുരക്ഷയൊരുക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഉണ്ണിത്താൻ ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ഗൺമാനുൾപ്പെടെയുള്ള സുരക്ഷ എംപിക്കുണ്ടാകില്ലെങ്കിലും, അദ്ദേഹം പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും പോലീസ് സാന്നിധ്യമുണ്ടാകും.
എംപിയുടെ പടന്നക്കാട്ടെ വീട്ടിലേക്ക് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടാകാനും സാധ്യതയുണ്ട്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മാവേലി എക്സ്പ്രസ്സിൽ മൂന്ന് കോൺഗ്രസ്സ് നേതാക്കൾ ഉന്നതരുമായി ഗൂഢാലോചന നടത്തി തന്നെ കൊല്ലാൻ പദ്ധതിയിട്ടെന്ന് ദൽഹിയിൽ നിന്നും എംപി, കാസർകോട് ജില്ലാ പോലീസ് മേധാവിക്ക് ഇ-മെയിൽ വഴി പരാതി നൽകുകയായിരുന്നു. എംപിയുടെ പരാതിയിൽ പോലീസ് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ കേസ്സ് രജിസ്റ്റർ ചെയ്തതിന് ശേഷം ആദ്യമായാണ് ഉണ്ണിത്താൻ ജില്ലയിലെത്തുന്നത്.
നാളെ സ്വാതന്ത്ര്യ ദിനമായതുകൊണ്ട് തന്നെ എംപിക്ക് നേരെ അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ പോലീസ് കാലേക്കൂട്ടിയുള്ള സുരക്ഷയ്ക്ക് ഒരുങ്ങിയിട്ടുണ്ട്. കാഞ്ഞങ്ങാട്ടെത്തുന്ന ഉണ്ണിത്താനിൽ നിന്നും നാളെ പോലീസ് വധഗൂഢാലോചനക്കേസ്സിൽ മൊഴിയെടുക്കും. റെയിൽവെ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ കാസർകോട് റെയിൽവെ പോലീസും ഹൊസ്ദുർഗ്ഗ് പോലീസ് രജിസ്റ്റർ ചെയ്ത വധഗൂഢാലോചനക്കേസ്സ് ഹൊസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടറും അന്വേഷിക്കും.