പെരിയ ഇരട്ടക്കൊലക്കേസ്സിലുൾപ്പെട്ട ബൈക്ക് ബേക്കൽ പോലീസ് സ്റ്റേഷനിൽ കാണാതായി

ബേക്കൽ: പ്രമാദമായ പെരിയ കല്ല്യോട്ട് ഇരട്ടക്കൊലക്കേസ്സിൽ തെളിവായ ഹോണ്ട  മോട്ടോർ സൈക്കിൾ ബേക്കൽ പോലീസ് സ്റ്റേഷനിൽ നിന്ന് അതിനാടകീയമായി കാണാതായി. ഇരട്ടക്കൊലക്കേസ്സിൽ 8-ാം പ്രതി ബേക്കൽ പള്ളിക്കര വില്ലേജിൽ വെളുത്തോളി സ്വദേശി സുധീഷിന്റെ കെഎൽ- 60 എൽ 5730 നമ്പർ മോട്ടോർ ബൈക്കാണ് സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷമായത്. പെരിയ കൊലക്കേസ്സിൽ ക്രൈംബ്രാഞ്ച്  അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത്   കോടതിയിൽ ഹാജരാക്കിയ മോട്ടോർ സൈക്കിളാണ് ഇപ്പോൾ കാണാതായത്.

ആദ്യം കേസ്സന്വേഷിച്ച പോലീസ് സംഘത്തിലെ ഡിവൈഎസ്പി, പി. എം. പ്രദീപാണ് ഈ ബൈക്ക് കേസ്സിലുൾപ്പെടുത്തി തൊണ്ടി മുതലായി രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്.  കോടതി തൊണ്ടിമുതൽ  ബൈക്ക് കസ്റ്റഡിയിൽ സൂക്ഷിക്കാൻ ബേക്കൽ പോലീസിനെ ചുമതലപ്പെടുത്തുകയായിരുന്നു. ബൈക്ക് സ്റ്റേഷനിൽ ഏൽപ്പിച്ചതിന് ഡിവൈഎസ്പി, പ്രദീപിന്റെ കൈയ്യിൽ രേഖകളുണ്ട്. ബൈക്ക് ഏറ്റുവാങ്ങിയതായി ബേക്കൽ പോലീസ് സ്റ്റേഷൻ രേഖകളിലുമുണ്ട്. കോടതി സെയ്ഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ പോലീസിന്  വിട്ടുകൊടുത്ത  തൊണ്ടിമുതൽ പോലീസ് സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷമായ സംഭവം ഗുരുതര വീഴ്ചയാണ്.

ഏറ്റവുമൊടുവിൽ ഇരട്ടക്കൊല അന്വേഷിച്ച ഡിവൈഎസ്പിയാണ് പ്രദീപ്. ഇരട്ടക്കൊലക്കേസ്സിൽ പ്രതികൾ സഞ്ചരിച്ച പന്ത്രണ്ട് വാഹനങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം  പിടികൂടിയിരുന്നു. ഇതിലുൾപ്പെട്ട ഒരു മോട്ടോർ ബൈക്കാണ് സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷമായത്. ഇപ്പോൾ കേസ്സന്വേഷിക്കുന്ന സിബിഐ സംഘം തൊണ്ടി മുതലുകൾ തേടി ബേക്കൽ പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് കെഎൽ-60-എൽ-5730 ഹോണ്ട ബൈക്ക് കാണാതായ സംഭവം പുറത്തുവന്നത്. കൊലയ്ക്ക് ശേഷം ഗൾഫിലേക്ക് കടന്ന പ്രതിയാണ് പാക്കം വെളുത്തോളി സ്വദേശിയായ സുബീഷ്. സുബീഷിനെ പിന്നീട് ക്രൈംബ്രാഞ്ച് സംഘം നാട്ടിലേക്ക് വരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് ആധുനിക മൽസ്യമാർക്കറ്റും അറവുശാലയും

Read Next

ട്രെയിനിലെ കയ്യാങ്കളി; സസ്പെൻഷൻ