ട്രെയിനിലെ കൈയ്യാങ്കളി റെ.പോലീസ് കേസ്സെടുത്തു

അനിലും പത്മരാജനും ഇന്ന് റെയിൽവെ പോലീസിൽ ഹാജരാകും

കാഞ്ഞങ്ങാട്: പാർലമെന്റ് സമ്മേളനത്തിന് പോവുകയായിരുന്ന എംപി, രാജ്മോഹൻ ഉണ്ണിത്താനും കാഞ്ഞങ്ങാട്ടെ കോൺഗ്രസ്സ് നേതാക്കളും തമ്മിൽ ട്രെയിനിൽ കയ്യാങ്കളി. എംപിയെ ട്രെയിനിനകത്ത് കോൺഗ്രസ്സ് നേതാക്കൾ കേട്ടാലറക്കുന്ന രീതിയിൽ രൂക്ഷമായ ഭാഷയിൽ അസഭ്യം പറഞ്ഞു. വാക്കേറ്റത്തിനും കയ്യാങ്കളിക്കും ശേഷമായിരുന്നു അസഭ്യവർഷം.

എംപിയുടെ പരാതിയിൽ കാസർകോട് റെയിൽവെ പോലീസ് പ്രവാസി കോൺഗ്രസ്സ് കാസർകോട് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്തിന്റെയും, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സിക്രട്ടറി കാഞ്ഞങ്ങാട് നഗരസഭാ  മുൻ കൗൺസിലർ  അനിൽ വാഴുന്നോറടിക്കെതിരെയും എഫ്ഐആർ റജിസ്റ്റർ ചെയ്തു. മാവേലി എക്സ്പ്രസ്സിൽ ഏ വൺ കംപാർട്ടുമെന്റിലാണ് കേസ്സിനാസ്പദമായ സംഭവം. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ദൽഹിലേക്ക് പോകുന്നതിനായി മാവേലി എക്സ്പ്രസ്സിൽ ഇന്നലെ സന്ധ്യയ്ക്ക് 6.45 നാണ് എംപി കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ നിന്നും യാത്രയാരംഭിച്ചത്.

ട്രെയിൻ നീലേശ്വരം റെയിൽവെ സ്റ്റേഷനിലെത്തിയപ്പോൾ, എംപി ഇരിക്കുകയായിരുന്നു. ഏ വൺ കംപാർട്ടുമെന്റിൽ പത്മരാജനും അനിൽ വാഴുന്നോറടിയും എംപിയുമായി വാക്ക് തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ എംപി സീറ്റിൽ നിന്നുമെഴുന്നേറ്റ സമയം, കേട്ടാലറക്കുന്ന ഭാഷയിൽ പത്മരാജനുൾപ്പെടെ എംപിയെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് ഇരുവരും  ട്രെയിനിൽ നിന്നും പുറത്തേക്കിറങ്ങി സ്ഥലം വിട്ടു. ഇതേ ട്രെയിനിൽ  പിറകിലെ കംപാർട്ടുമെന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവെ പോലീസുദ്യോഗസഥർ സ്ഥലത്തെത്തുന്നതിന് മുമ്പേ ഇരുവരും സ്ഥലം വിട്ടിരുന്നു.

ഇതേ ട്രെയിനിൽ യാത്ര തുടർന്ന എംപിയിൽ നിന്നും റെയിൽവെ പോലീസ് മൊഴിയെടുത്തു. കാസർകോട് റെയിൽവെ പോലീസാണ് പത്മരാജന്റെയും അനിലിന്റെയും പേരിൽ കേസ്സെടുത്തത്. എംപിയെ ചീത്ത വിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്സ് . ജാമ്യം ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

പത്മരാജൻ ഐങ്ങോത്തും, അനിൽ വാഴുന്നോറടിയും മാവേലിയിൽ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ നിന്നും കയറിയതാണെന്ന് എംപി, പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും നീലേശ്വരത്ത് നിന്നാണ് ട്രെയിനിൽ കയറിയതെന്നും, സുഹൃത്തിനെ തിരുവനന്തപുരത്തേക്ക് യാത്രയാക്കാൻ നിലേശ്വരം സ്റ്റേഷനിൽ നിൽക്കുമ്പോൾ  എംപിയെ കണ്ട് കോച്ചിൽ കയറി എംപിയെ ചീത്ത വിളിക്കുകയായിരുന്നുവെന്നാണ് സൂചന.

ജില്ലയിൽ  കോൺഗ്രസ്സിനകത്ത് നിലനിൽക്കുന്ന എംപിയുമായുള്ള പടലപിണക്കത്തിന്റെ ഭാഗമായുള്ള വിരോധമാണ് എംപിക്ക് നേരെയുണ്ടായ കയ്യാങ്കളിക്ക് കാരണം. പത്മരാജൻ ഐങ്ങോത്ത് ഏ ഗ്രൂപ്പുകാരനും  അനിൽ വാഴുന്നോറടി ഐ കോൺഗ്രസ്സുകാരനുമാണ്. എംപിയെ ഭീഷണിപ്പെടുത്തിയ കോൺഗ്രസ്സ് നേതാക്കളെ അറസ്റ്റ് ചെയ്യാൻ റെയിൽവെ പോലീസ് നടപടികളാരംഭിച്ചു.

ഇന്ന് ഉച്ചയ്ക്കുള്ളിൽ ഹാജരായില്ലെങ്കിൽ റെയിഡുൾപ്പെടെ നടപടികൾ സ്വീകരിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. എംപിയുടെ കേസ്സിൽ കോൺഗ്രസ്സ് നേതാക്കൾ ഇന്ന് പോലീസിൽ ഹാജരാകുമെന്ന്  കേസ്സിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ്സ് നേതാവ് അനിൽ വാഴുന്നോറൊടി പറഞ്ഞു. കെപിസിസി സിക്രട്ടറിയും നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ബാലകൃഷ്ണൻ പെരിയയും, എംപിക്കൊപ്പം ട്രെയിനിലുണ്ടായിരുന്നു.

LatestDaily

Read Previous

വൈകുന്ന നീതി

Read Next

ബേക്കൽ ക്ലബ്ബ് പീഡനക്കേസ് പോലീസ് എഴുതിത്തള്ളും