നഗരം സജീവതയിലേക്ക്, ജനത്തിരക്കില്ല; വ്യാപാര മേഖലയിൽ ഉണർവ്വ്

കാഞ്ഞങ്ങാട്: അടച്ചു പൂട്ടലിൽ ഇളവുകൾ നിലവിൽ വന്നതോടെ കാഞ്ഞങ്ങാട് നഗരം പതുക്കെ സജീവതയിലേക്കെത്തുന്നു. എന്നാൽ, ലോക്ക് ഡൗൺ കാലത്ത് ഇടവിട്ട ദിവസങ്ങളിലും ആഴ്ചയിൽ ഒന്നോരണ്ടോ തവണകളിലും മാത്രം  തുറക്കാൻ അനുമതിയുണ്ടായിരുന്ന ദിവസങ്ങളിൽ കടതുറക്കുമ്പോളുണ്ടായ വലിയ ജനത്തിരക്ക് എവിടെയും കാണാനില്ല.

കടകൾ നാളെയും തുറക്കുമല്ലോ എന്ന ആശ്വാസത്തിൽ ഇടപാടുകാർ മെല്ലെ മെല്ലെയായി മാത്രമാണ് വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നത്. കടകളിലേക്ക് പ്രവേശിക്കുന്നവർക്കേർപ്പെടുത്തിയ നിയന്ത്രണങ്ങളിലെ അവ്യക്തതയും ഇടപാടുകാർ എത്തുന്നതിന് തടസ്സമാവുന്നുണ്ട്. വാക്സിൻ കുത്തിവെപ്പ് സർട്ടിഫിക്കറ്റും പരിശോധനക്കുള്ള രേഖകളും കൈയ്യിൽ കരുതണമെന്ന് നിർദ്ദേശമുണ്ടെങ്കിലും പരിശോധനകൾ എവിടെയും കർശ്ശനമാക്കിയിട്ടില്ല. എങ്കിലും ഇടപാടുകാർ ശ്രദ്ധിച്ച് മാത്രമെ കടകളിൽ പ്രവേശിക്കുന്നുള്ളൂ.

വ്യാപാരികളും ജാഗ്രതയിലാണ്. കച്ചവടക്കാർക്കും കടകളിലെ ജീവനക്കാർക്കും കടകളിലെ ജീവനക്കാർക്കും വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയുണ്ട്. ജീവനക്കാരും ഇടപാടുകാരും നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ പിഴയൊടുക്കേണ്ടത് സ്ഥാപന ഉടമകളാണെന്ന ഭീതിയാണ് കച്ചവടക്കാർക്ക് ബുദ്ധിമുട്ടിലാക്കുന്നത്.

ഇതെല്ലാമാണെങ്കിലും നഗരം പതുക്കെ പഴയ നിലയിലേക്ക് വന്നു കൊണ്ടിരിക്കുന്നു. ഒാണം അടുക്കുമ്പോൾ തിരക്ക് കൂടുമെന്നതിനാൽ കഴിയുന്നതും നേരത്തെ ഷോപ്പിംഗ് നടത്തുന്നതായിരിക്കും നല്ലത്. എങ്കിൽ ഒാണത്തിന്റെ തൊട്ടുമുമ്പിലെ വലിയ തിരക്ക് ഒഴിവാക്കാനാവും. മുൻകാലങ്ങളിലെപ്പോലെ ഒാണത്തിന് വൻ തോതിലുള്ള കച്ചവടം ഇത്തവണ ആരും പ്രതീക്ഷിക്കുന്നില്ല. സാധാരണക്കാരുടെ കൈയ്യിൽ പണമില്ലെന്നത് തന്നെയാണ് പ്രധാനം.

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമൊഴുക്കിനും ഇത്തവണ വലിയ തോതിൽ കുറവ് വരും. നഗരത്തിലും സമീപ പഞ്ചായത്തുകളിലും വാർഡ് തല കണ്ടെയ്ൻമെന്റ് വർദ്ധിച്ചതും അത്തരം സ്ഥലങ്ങളിലെ വ്യാപാര മേഖലകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

LatestDaily

Read Previous

മലയാളികൾ കർണ്ണാടകയിൽ രോഗം പരത്തുന്നതായി വ്യാജ പ്രചാരണം

Read Next

വൈകുന്ന നീതി