ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കർണ്ണാടകയിൽ ഏറ്റവുമധികം കോവിഡ് രോഗികൾ മംഗളൂരുവിലാണെന്നും കാസർകോട് ജില്ലക്കാരായ മലയാളികളാണ് രോഗം പരത്തുന്നതെന്നും സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം. അസ്വസ്ഥതകൾക്കിടയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഒരു വിഭാഗം മലയാളികൾക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത്.
അതിർത്തി കടക്കാൻ 72 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കർണ്ണാടകയുടെ നിബന്ധന പിന്തുണച്ചാണ് സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാജപ്രചാരണം നടത്തുന്നത്. കർണ്ണാടക അധികൃതരുടെ നിലപാടിനെതിരെ അതിർത്തിയിൽ സമരം നടത്തുന്ന യുഡിഎഫ്, എൽഡിഎഫ് മുന്നണികൾക്കും കേരള സർക്കാറിനുമെതിരെയാണ് വിഷം ചീറ്റുന്ന വ്യാജ പ്രചാരണം നടത്തുന്നത്.
അതിർത്തി ഗ്രാമങ്ങളിലെ ആയിരങ്ങളെ പ്രതിസന്ധിയിലാക്കിയ വിഷയത്തിൽ മൂന്ന് ദിവസമായി തലപ്പാടിയിൽ റോഡ് ഉപരോധിച്ചാണ് യുഡിഎഫും, എൽഡിഎഫും സമരം നടത്തുന്നത്. ഗുരുതര രോഗികളുമായി പോവുന്ന വാഹനങ്ങൾ പോലും തടഞ്ഞ് നിർത്തി ആളുകളെ പരിശോധിച്ച ശേഷമാണ് കർണ്ണാടകയിലേക്ക് കടത്തുന്നത്.
ബിജെപി മാത്രമാണ് കർണ്ണാടകയുടെ നടപടികൾക്കെതിരെ ഇതേവരെ പ്രതികരിക്കാതിരിക്കുന്നത്. കേരള–കർണ്ണാടക അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ ബിജെപിക്ക് ശക്തമായ സ്വാധീനമുണ്ട്. മഞ്ചേശ്വരം പഞ്ചായത്തിലെ അതിർത്തി വാർഡായ കർണതീർത്ഥയെ ബിജെപിയാണ് പ്രതിനിധീകരിക്കുന്നത്. വോർക്കാടി, എൻമഗജെ, പൈവളിഗെ പഞ്ചായത്തുകളും ബിജെപി സ്വാധീനമേഖലകളാണ്.
കോവിഡ് ഒന്നാം തരംഗവേളയിൽ അതിർത്തിയിൽ കുഴിയെടുത്തും റോഡിൽ മണ്ണിട്ടും ബാരിക്കേഡ് വെച്ചും ബിജെപി പരസ്യമായി കർണ്ണാടകയെ പിന്തുണച്ചിരുന്നു. തൽസമയം ചികിത്സ കിട്ടാതെ ഇരുപതിലേറെ കേരളീയർ മരണപ്പെടുകയുണ്ടായി. ബിജെപി മഞ്ചേശ്വരം മണ്ഡലം ഭാരവാഹി ഉൾപ്പടെ ചികിത്സ കിട്ടാതെ മരിച്ചവരിൽപെടും.
കാസർകോട് ജില്ലയിലെ നിരവധിയാളുകൾ ചികിത്സ, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങി ദൈനംദിന ആവശ്യങ്ങൾക്ക് മംഗളൂരുവിനെയാണ് ആശ്രയിക്കുന്നത്. മംഗളൂരുവിന് പുറമെ കർണ്ണാടകയിലെ മറ്റു നഗരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ധാരാളം മലയാളികൾ പഠിക്കുന്നു. അവിടങ്ങളിൽ വ്യാപാരം, കൃഷി, കരാർ പണി എന്നിവവയുമായി ബന്ധപ്പെട്ടും ഒട്ടേറെ മലയാളി കുടുംബങ്ങൾ കഴിയുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ബിജെപി പരസ്യമായ അഭിപ്രായപ്രകടനം നടത്താത്തത്.
അതേസമയം കേരള വിരുദ്ധ വികാരം ആളിക്കത്തിച്ച് മുതലെടുക്കാനും സ്പർദ്ധ വളർത്താനുമാണ് കർണ്ണാടകം ശ്രമിക്കുന്നതെന്ന് മഞ്ചേശ്വരം എംഎൽഏ, ഏ. കെ. എം. അഷ്റഫ് പറഞ്ഞു. കോവിഡ് വ്യാപനം തടയാൻ ജനങ്ങളെ മാസ്ക്ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും മറ്റു കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും പ്രേരിപ്പിക്കുകയാണ് കർണ്ണാടകം ചെയ്യേണ്ടതെന്ന് എംഎൽഏ പറഞ്ഞു.