പോലീസും ജനങ്ങളും

പോലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന സംസ്ഥാന ഡിജിപിയുടെ നിർദ്ദേശം അതിര് വിട്ട് പെരുമാറുന്ന ഒരു ന്യൂനപക്ഷം പോലീസ് ഉദ്യോഗസ്ഥർക്കുള്ള താക്കീതാണെന്ന് വേണം കരുതാൻ. സർ. സി. പിയുടെ ദിവാൻ ഭരണകാലത്തെ ഒാർമ്മിപ്പിക്കുന്ന തരത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും കേരള പോലീസിലുണ്ടെന്നത് പോലീസ് സേനയ്ക്ക് തന്നെ അപമാനമാണ്.

പോലീസെന്നാൽ സർക്കാരുകളുടെ മർദ്ദനോപകരണങ്ങളാണെന്ന കാഴ്ചപ്പാട് കാലഹരണപ്പെട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്തെ പോലീസിന്റെ പ്രേതങ്ങൾ ഇപ്പോഴും ചില പോലീസ് ഉദ്യോഗസ്ഥരിൽ ആവാഹിച്ചിട്ടുണ്ടെന്ന് വേണം കരുതാൻ. തലയിലെ പോലീസ് തൊപ്പി പൊതുജനങ്ങളുടെ മേൽ കുതിര കയറാനുള്ള അധികാര ചിഹ്നമാണെന്ന് ധരിക്കുന്ന ഒരു ചെറു ന്യൂനപക്ഷം ഇപ്പോഴും രാജ്യത്തെ പോലീസ് സേനകളിലെല്ലാമുണ്ട്.

കേരളത്തിൽ അടുത്ത കാലങ്ങളിലായി നടന്ന പ്രകൃതി ദുരന്തങ്ങളും, അതിന് ശേഷം കേരളമാകെ പിടിമുറുക്കിയ കോവിഡ് മഹാമാരിയും സംസ്ഥാനത്തെ പോലീസ് സേനയുടെ മനുഷ്യമുഖം വെളിപ്പെടുത്തുന്നവയായിരുന്നു. ഭാരിച്ച ക്രമസമാധാന ചുമതലകൾക്ക് പുറമെ ഒരു സംസ്ഥാനത്തെ മൊത്തം ജനങ്ങളെ കോവിഡ് പകർച്ച വ്യാധിയിൽ നിന്നും രക്ഷിക്കുന്ന അധിക ചുമതല കൂടി പോലീസ് സേന ഏറ്റെടുത്തിട്ടുണ്ട്.രണ്ട് വർഷത്തോളമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഊണും ഉറക്കവുമില്ലാതെ പങ്കാളികളായ വിഭാഗമാണ് കേരള പോലീസ്.

പോലീസിന്റെ ജനപക്ഷ പ്രവർത്തനങ്ങളുടെയെല്ലാം ശോഭ കെടുത്തുന്ന വിധത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പോലീസിനെതിരെ പരാതികളുയർന്ന സാഹചര്യത്തിലാണ് ഡിജിപിക്ക് പോലീസ് സേനയോട് മാന്യമായി പെരുമാറണമെന്ന് ഉപദേശിക്കേണ്ടി വന്നിരിക്കുന്നത്. വിരലിലെണ്ണാവുന്ന ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റ രീതികളിലെ പാളിച്ചകളെക്കുറിച്ച് ആത്മപരിശോധന നടത്താൻ പോലീസ് സേനാംഗങ്ങൾ തയ്യാറാകുമെന്ന് തന്നെ കരുതാം.

ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ പോലീസിനെ മൊത്തം പഴിപറയുന്ന പൊതുജനം പോലീസ് സേന ചെയ്യുന്ന സേവനങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ നടപ്പാക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ പൊതുസ്ഥലത്ത് പരസ്യമായി അധിക്ഷേപിക്കുന്ന പ്രവണത കുറച്ച് നാളുകളായി വർധിച്ചിട്ടുണ്ട്. പോലീസ് സേനയും, ആരോഗ്യവകുപ്പുമടക്കം ചേർന്ന് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചത് മൂലമാണ് കേരളത്തിൽ കോവിഡ് മരണനിരക്ക് കുറക്കാനായതെന്ന് പൊതുജനം ഇനിയെങ്കിലും തിരിച്ചറിയണം.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പൊതുജനാരോഗ്യ സംരക്ഷണത്തിനുള്ളതാണെന്ന തിരിച്ചറിവ് കേരളത്തിലെ ഒരു വിഭാഗം ജനങ്ങൾക്ക് ഇനിയും ഉണ്ടായിട്ടില്ലെന്ന് വേണം കരുതാൻ. നിയമം നടപ്പാക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ വഴിയിൽ തടഞ്ഞ് നാലാംകിട പ്രകടനങ്ങൾ നടത്തുന്നവർ സംസ്ഥാനത്ത് ആരോഗ്യ അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണെന്ന് വേണം കരുതാൻ. പോലീസിനെ കുറ്റം പറയാൻ മാത്രം വായ തുറക്കുന്നവർ അവരും മനുഷ്യരാണെന്ന കാര്യം മറക്കരുത്.

തങ്ങൾക്ക് രാജ വാഴ്ചക്കാലത്തെ പോലീസിന്റെ അധികാരങ്ങളുണ്ടെന്ന  മൗഢ്യം വെച്ചുപുലർത്തുന്ന ഒരു ന്യൂനപക്ഷം പോലീസുദ്യോഗസ്ഥർ സേനയിലുണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്. വിരലിലെണ്ണാൻ മാത്രമുള്ള ഇത്തരം പോലീസുദ്യോഗസ്ഥരെ ആധുനിക കാലത്തെ പോലീസ് സംവിധാനത്തിലേക്ക് മനസ്സ് പാകപ്പെടുത്തിയെടുക്കാൻ പരിശീലനങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. ജനാധിപത്യ ഭരണക്രമം നിലനിൽക്കുന്ന രാജ്യത്ത് ജനങ്ങളുടെ നികുതിപ്പണമാണ് തങ്ങളുടെ ജീവനോപാധിയെന്നും സേനാംഗങ്ങൾ തിരിച്ചറിയണം. പോലീസ് ജാഗരൂകരായിരിക്കുന്നത് കൊണ്ടാണ് തങ്ങൾ വീടുകളിൽ സുരക്ഷിതരായിരിക്കുന്നതെന്ന തിരിച്ചറിവ് പൊതുജനങ്ങൾക്കുമുണ്ടാകണം.

LatestDaily

Read Previous

മുയിനലി തങ്ങളുടെ വെളിപ്പെടുത്തൽ ലീഗിൽ പ്രതിസന്ധി രൂക്ഷം

Read Next

പോലീസ് ചമഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ വസ്ത്രാലയ ജീവനക്കാരൻ റിമാന്റിൽ