മുയിനലി തങ്ങളുടെ വെളിപ്പെടുത്തൽ ലീഗിൽ പ്രതിസന്ധി രൂക്ഷം

കാഞ്ഞങ്ങാട്: പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി  തങ്ങൾ നടത്തിയ പ്രസ്താവന ലീഗിൽ ആഭ്യന്തര കലാപത്തിന് തുടക്കമിട്ടു. മുസ്ലീം ലീഗിന്റെ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത് പി. കെ. കുഞ്ഞാലിക്കുട്ടിയാണെന്നും, 40 വർഷമായി ഇത് തുടരുകയാണെന്നുമുള്ള മുഈനലി തങ്ങളുടെ പ്രസ്താവനയാണ് മുസ്ലീം ലീഗിൽ ആഭ്യന്തര കലഹങ്ങൾക്ക് വിത്തിട്ടത്.

പി. കെ. കുഞ്ഞാലിക്കുട്ടി ലീഗിനെ അടക്കി ഭരിക്കുകയാണെന്നും, ഭയം മൂലം ആരും ഇത് ചോദ്യം ചെയ്യാറില്ലെന്നുമാണ് മുഈനലി തങ്ങൾ ഇന്നലെ വെളിപ്പെടുത്തിയത്. ഇദ്ദേഹത്തെ ഇന്നലെ  പത്ര സമ്മേളനത്തിനിടെ ലീഗ് പ്രവർത്തകർ  പരസ്യമായി അസഭ്യം വിളിച്ചതിനെത്തുടർന്ന് പത്രസമ്മേളനം അലങ്കോലമായിരുന്നു. യൂത്ത് ലീഗിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കൂടിയായ മുഈനലി തങ്ങളുടെ വെളിപ്പെടുത്തൽ കഴിഞ്ഞ കുറെക്കാലമായി ലീഗിനുള്ളിലുണ്ടായ അസംപ്തൃതിയുടെ പ്രതിഫലനമാണെന്ന് വിലയിരുത്തപ്പെടുന്നു.

പി. കെ. കുഞ്ഞാലിക്കുട്ടിയുടെയും, മകന്റെയും സ്വത്തിടപാടുകളെക്കുറിച്ചും, പാലാരിവട്ടം അഴിമതിപ്പണം ചന്ദ്രിക ദിനപ്പത്രത്തിൽ നിക്ഷേപിച്ചതിനെച്ചൊല്ലിയുമുണ്ടായ വിവാദങ്ങളെക്കുറിച്ചും കെ. ടി. ജലീൽ നടത്തിയ പത്ര സമ്മേളനങ്ങളുടെ ഫലമായാണ് കഴിഞ്ഞ ദിവസം ചന്ദ്രിക ഡയറക്ടർമാർ പത്ര സമ്മേളനം വിളിച്ചു ചേർത്തത്. പ്രസ്തുത പത്ര സമ്മേളനത്തിലാണ് മുഈനലി തങ്ങൾ പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്.

പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് ശേഷം മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തെത്തിയ പാണക്കാട് ഹൈദരലി തങ്ങളെ ഹൈജാക്ക് ചെയ്ത് പി. കെ. കുഞ്ഞാലിക്കുട്ടി പാർട്ടിയെ കൈയ്യിലൊതുക്കിയെന്ന ആക്ഷേപം നേരത്തെയുണ്ട്. മുസ്ലീം ലീഗിന്  അപമാനമാകുന്ന വിധത്തിലുള്ള പാലാരിവട്ടം അഴിമതിയിലും, ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിലും പ്രതികരിക്കാൻ കുഞ്ഞാലിക്കുട്ടി ഹൈദരലി ശിഹാബ് തങ്ങളെ അനുവദിച്ചിരുന്നില്ല.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായ മുസ്ലീം ലീഗ് അനുഭാവികൾ തങ്ങളെ നേരിൽക്കണ്ട് പരാതി പറയാൻ നടത്തിയ ശ്രമങ്ങൾ ഇല്ലാതാക്കിയത് പി. കെ. കുഞ്ഞാലിക്കുട്ടിയാണെന്ന് ആക്ഷേപമുയർന്നിരുന്നു. ലോക്സഭാ എംപിയായിരുന്ന കുഞ്ഞാലിക്കുട്ടി  സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ചത് ഉപമുഖ്യമന്ത്രി പദം സ്വപ്നം കണ്ടായിരുന്നുവെന്നും ലീഗിലെ ഒരു വിഭാഗം ആരോപിക്കുന്നു.

പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അടുത്തിടെ നടന്ന പാർട്ടി യോഗങ്ങളിലുണ്ടായത്. അദ്ദേഹത്തിന്റെ അധികാര മോഹത്തിനെതിരെയാണ് വിമർശനങ്ങളുയർന്നത്. പുതിയ വിവാദങ്ങൾ പി. കെ. കുഞ്ഞാലിക്കുട്ടിയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കുഞ്ഞാലിക്കുട്ടി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ മലപ്പുറത്തേക്ക് പോയിട്ടുണ്ട്.

മുസ്ലീം സമുദായത്തിന്  അഭേദ്യമായ ആത്മ ബന്ധമുള്ള പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ മുതിർന്ന ഒരംഗത്തിനെ നോക്കുക്കുത്തിയാക്കി കുഞ്ഞാലിക്കുട്ടി പാർട്ടി ഭരണം കയ്യടക്കിയതിൽ ലീഗിനുള്ളിലെ ഒരു വിഭാഗത്തിന് അസംതൃപ്തിയുണ്ട്.

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്സ് പ്രതി എം. സി. ഖമറുദ്ദീന്  മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചത് പാർട്ടിക്ക് സംഭാവന നൽകിയതിനാലാണെന്നും, പി. കെ. കുഞ്ഞാലിക്കുട്ടിയുടെ അറിവോടെയാണ് ഏ. കെ. എം. അഷ്റഫിനെ മറികടന്ന് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ഖമറുദ്ദീന് സീറ്റ് നൽകിയതെന്നും നേരത്തെ മുതൽ ആരോപണമുണ്ടായിരുന്നു. എം. സി. ഖമറുദ്ദീനെതിരെയുണ്ടായ നിക്ഷേപത്തട്ടിപ്പ് പരാതിയിൽ മധ്യസ്ഥം വഹിക്കാൻ പി. കെ. കുഞ്ഞാലിക്കുട്ടി കാസർകോടെത്തിയിരുന്നു.

ജ്വല്ലറി നിക്ഷേപത്തട്ടിപ്പിനിരയായ ലീഗ് അനുഭാവികളുടെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കുന്നതിൽ പി. കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നില്ല. ഖമറുദ്ദീനെ കുഞ്ഞാലിക്കുട്ടി സംരക്ഷിക്കുന്നതിന് പിന്നിലെ അന്തർരഹസ്യങ്ങളിൽ സാമ്പത്തിക ഇടപാടുകൾ കൂടിയുണ്ടെന്ന് ജ്വല്ലറി നിക്ഷേപകർക്ക് സംശയമുണ്ട്.

ചന്ദ്രിക ദിനപ്പത്രത്തിൽ അഴിമതിപ്പണം നിക്ഷേപിച്ച വിഷയത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് പി. കെ. കുഞ്ഞാലിക്കുട്ടി മൂലമാണെന്നാണ് കഴിഞ്ഞ ദിവസം ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി ശിഹാബ് തങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞത്.

LatestDaily

Read Previous

ടവർ നിർമ്മാണത്തിനെതിരെ സംഘടിച്ച് നാട്ടുകാർ, കൊളവയൽ കാറ്റാടിയിൽ സംഘർഷം

Read Next

പോലീസും ജനങ്ങളും